2011-01-22 15:25:40

സുവിശേഷപരിചിന്തനം – 23 ജനുവരി 2011 ഞായര്‍
സീറോ മലബാര്‍ റീത്ത്


 യോഹന്നാന്‍ 1, 35-42
ഇന്നത്തെ സുവിശേഷത്തിന്‍റെ പശ്ചാത്തലം യോര്‍ദ്ദാന്‍ നദീക്കരയാണ്. ജോര്‍ദ്ദാനില്‍വന്ന് യോഹന്നാനില്‍നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച് നടന്നകലുന്ന യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട് ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍...”
തുടര്‍ന്ന് ക്രിസ്തു തന്‍റെ ആദ്യശിഷ്യന്മാരെ വിളിക്കുന്ന ഭാഗവും സുവിശേഷകനായ യോഹന്നാന്‍ വിവരിക്കുന്നു.

സുവിശേഷ ഭാഗത്ത് ശ്രദ്ധേയമാകുന്ന ഒരു പ്രയോഗമാണ് ദൈവത്തിന്‍റെ കുഞ്ഞാട് എന്നത്.
വിശുദ്ധ ഗ്രന്ഥത്തിലും ആരാധക്രമത്തിലും വരുന്ന ആടിന്‍റെ ചിത്രം പഴയനിയമത്തില്‍നിന്നാണ്. ആടിനെയോ പ്രാവിനെയോ ബലയര്‍പ്പിക്കുന്നത്, പാപപരിഹാരാര്‍ത്ഥമായിരുന്നു. ബലിനടത്തുന്ന വ്യക്തിയുടെ പാപങ്ങള്‍ ഈ മൃഗത്തിന്‍റെമേല്‍ ചുമത്തുകയാണ് മൃഗബലിവഴി ചെയ്യുന്നത്. അതുവഴി വ്യക്തി പാപവിമുക്തനാക്കപ്പെടുമെന്നാണ് വിശ്വാസം. The SACRIFICE that is VICARIOUS. പകരംവയ്ക്കുന്ന ബലി. പഴയനിയമ കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന ഒന്നാണ് മൃഗബലി... യഹൂദ ദേവാലയങ്ങളില്‍ ഉണ്ടായിരുന്നുവെന്നത് വിശുദ്ധ ഗ്രന്ഥംതന്നെ സാക്ഷൃപ്പെടുത്തുന്നു. വ്യക്തിയുടെ പാപങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നതിന് മൃഗത്തെ ബദലായി, പകരമായി ബലികഴിക്കുന്നു, കഴിപ്പിക്കുന്നു. മനുഷ്യന്‍റെ പാപങ്ങളാല്‍ കുപിതനായ ദൈവത്തിന്‍റെ ക്രോധംശമിപ്പിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു, പകരം വയ്ക്കുന്ന ഒരു മൃഗത്തിന്‍റെ ബലി.

രക്ഷാകര ചരിത്രത്തില്‍ ക്രിസ്തു ഇതുപോലെ ഒരു ബലിയാടിന്‍റെ പ്രതീകമായി മാറുകയാണ്. ക്രിസ്തു സാക്ഷാല്‍ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായിത്തീരുന്നു. കുരിശാകുന്ന യാഗപീഠത്തില്‍ ബലയര്‍പ്പിക്കപ്പെട്ട ദൈവത്തിന്‍റെ കുഞ്ഞാട്.
ക്രിസ്തു ഈ ലോകത്തില്‍ വരുന്നത് പാപികളോടുള്ള കാരുണ്യത്തിലും അതിരറ്റ സ്നേഹത്തിലുമാണ്. പാപികളെ തേടിയാണവിടുന്നു വന്നത്. വഴിതെറ്റിയ ആടിനെ തേടിയിറങ്ങുന്ന നല്ലിടയനാണവിടുന്ന്. അങ്ങനെ പഴയനിയമത്തില്‍നിന്നും ഏറെ വ്യത്യസ്തമായ ഒരു ബലിയാടിന്‍റെയും ബലയര്‍പ്പണത്തിന്‍റെയും രൂപമാണ് ക്രിസ്തുവില്‍ നാം കാണുന്നത്.

ഇന്നത്തെ സുവിശേഷത്തിലൂടെ യോഹന്നാന്‍ യേശുവിന്‍റെ സ്ഥാനവും ദൗത്യവും സ്ഥിരീകരിക്കുകയാണ്. നോക്കൂ, എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്. ഇതാ, അവനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അവനെ ലോകത്തിനു പരിചയപ്പെടുത്തുകയാണെന്‍റെ ദൗത്യം.

യോഹന്നാന്‍ യേശുവിനെ ലോകത്തിന് അവതിരിപ്പച്ച രീതിയാണ് മുകളില്‍ നാം കണ്ടത്. രക്ഷാകര ദൗത്യം മുഴുവനും തന്‍റെ മനസ്സില്‍ വിരിയിച്ചുകൊണ്ടായിരിക്കണം, മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം യേശുവിനെ കുഞ്ഞാടായി യോഹന്നാന്‍ ചിത്രീകരിക്കുന്നത്.
പുതിയ നിയമത്തിലെ ദിവ്യകുഞ്ഞാടായ യേശു തന്‍റെ രക്തം വിലയായി നല്കി മനുഷ്യ വര്‍ഗ്ഗത്തെ പാപത്തിന്‍റെ ബന്ധനത്തില്‍നിന്നും മോചിപ്പിച്ച് അനവദ്യസുന്ദരമായ സ്വര്‍ഗ്ഗീയ ജരൂസലേമിലേയ്ക്ക് തന്‍റെ അജഗണത്തെ ആനയിക്കും എന്ന അര്‍ത്ഥത്തിലാണ് യോഹന്നാന്‍ യേശുവിനെ ദൈവത്തിന്‍റെ കുഞ്ഞാടായി ചിത്രീകരിക്കുന്നത്. മനുഷ്യപുത്രന്‍ വന്നത് പാപികളെ മോചിക്കുവാനും അവര്‍ക്ക് നിത്യജീവന്‍ നല്കുവാനുമാണ്.
..........................................
തന്‍റെ ദൗത്യ നിര്‍വ്വഹണത്തിനായി പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ ക്രിസ്തു ശിഷ്യന്മാരെ വിളിക്കുന്നു.
അവരായിരുന്നു ആദ്യം ക്രിസ്തുവിലേയ്ക്കെത്തിയത് മീന്‍ പിടുത്തക്കാരായ യോഹന്നാനും അന്ത്രയോസും. തീരത്ത് പണിയെടുത്ത് ജീവിക്കുന്ന മനുഷ്യരെ പെട്ടെന്നൊരു ദിവസം ക്രിസ്തു കൂട്ടിക്കൊണ്ടു പോവുകയായിരുന്നില്ല. അവരില്‍ പലരും യോഹന്നാനെന്ന ഏറ്റവും കാര്‍ക്കശക്കാരനായ ഗുരുവിന്‍റെ ശിഷ്യരായിരുന്നു. നിരന്തരമായ സാധകങ്ങളിലൂടെയും തപശ്ചര്യകളിലൂടെയും അവരുടെ നെഞ്ചില്‍ ക്രിസ്തുവിന് സഞ്ചരിക്കാനുതകുന്ന വഴി ഒരുക്കിയിരുന്നു....കുന്നു നിരപ്പാക്കിയും, താഴ്വാരം ഉയര്‍ത്തിയും, വളഞ്ഞ വിഴികള്‍ നേരെയാക്കിയും ഒക്കെ... ഒരുക്കിയ വയലിനു മീതെയാണ് പിന്നെ കൃപയുടെ മഴപെയ്തത്.
എങ്കിലും യോഹന്നാന്‍ ഒരു കിളിക്കൂടുപോലെയായിരുന്നു. ക്രിസ്തുവാണ് ആകാശം. തന്‍റെ വാതിലുകള്‍ തുറന്നുവെച്ച് അയാള്‍ അവരോടു പറഞ്ഞു. ചിറകുകള്‍ക്ക് ദൃഢതകിട്ടുവോളം നിങ്ങളെ സംരക്ഷിക്കുകയായിരുന്നു എന്‍റെ ധര്‍മ്മം. ഇനി ആകാശത്തെ അനുഭവിക്കുക, പറന്നുയരുക. ഭൂമിയിലെ ഒരാളും ഇത്രയും നിസ്സംഗതയോടെ തന്‍റെ സ്നേഹിതരെ, ശിഷ്യന്മാരെ കൈമാറുകയോ കൈവിട്ടുകളയുകയോ ചെയ്തിട്ടുണ്ടാവില്ല. ദൈവത്തിന്‍റെ കുഞ്ഞാടായ ക്രിസ്തുവിലേയ്ക്ക് തന്‍റെ ശിഷ്യന്മാരെ യോഹന്നാന്‍ പറഞ്ഞയച്ചു. സുവിശേഷകനായ യോഹന്നാന്‍ ആ നാഴിക കൃത്യമായോര്‍മ്മിക്കുന്നുണ്ട്, “അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍ ആയിരുന്നു.”.......................
അവര്‍ തന്‍റെ പിന്നാലെ വരുന്നതുകണ്ടു യേശു തിരിഞ്ഞ് അവരോടു ചോദിച്ചു. നിങ്ങള്‍ എന്തന്വേഷിക്കുന്നു. മനുഷ്യന്‍ ദൈവത്തിലേയ്ക്ക് ഒരു ചുവട് വയ്ക്കുമ്പോള്‍ ദൈവം അവനിലേയ്ക്കും ഒരു ചുവട് ചവിട്ടുന്നു. ദൈവത്തിന്‍റെ ചുവടിനെ അളക്കാന്‍ മനുഷ്യന്‍റെ ചിവടുകളെ എത്രകൊണ്ട് ഗുണിക്കണം.

പൂമ്പാറ്റയെ തിരയുന്ന കുഞ്ഞിനെപ്പോലെ അടുത്തെത്തും തോറും അത് പറന്നു പറന്നു പോകുന്നു. ഒടുവില്‍ കുഞ്ഞു തളര്‍ന്ന് ഒരിടത്ത് വിശ്രമിക്കുമ്പോള്‍ ചിത്രശലഭം പറന്നു പറന്ന് നെറ്റിത്തടത്തിലെത്തി അതിനെ ചുംമ്പിക്കുന്നു. ഇച്ഛയെ കൃപതൊടുന്നതാണ് ബോധോദയം. എല്ലാ നെറ്റിത്തടങ്ങളെയും പൂമ്പാറ്റ ചുംബിക്കാറില്ല.

ക്രിസ്തു ചോദിക്കുന്നു, “നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്?” ഒരു നിമിഷം മിഴിപൂട്ടി ധ്യാനിക്കണം. ക്രിസ്തുവില്‍ ഞാനെന്താണ് തിരയുന്നത്.
ആഴമായ, ധ്യാനം നിറഞ്ഞ ഒരു ചോദ്യമാണ് ക്രിസ്തുവില്‍നിന്നും ഉയരുന്നത്.
“അങ്ങു വസിക്കുന്നിടം ഞങ്ങള്‍ക്ക് കാണിച്ചു തരിക,” എന്നാണ് ശിഷ്യന്മാര്‍ പ്രത്യുത്തരിച്ചത്. രണ്ട് തലങ്ങള്‍ ഉണ്ട്, ഞാന്‍ ഈ ഭീമിയുടെ ഭാഗമല്ല. മറ്റേതോ ലോകത്തിന്‍റെ അവകാശിയും ഉടയവനുമാണ്. ആ ലോകത്തെക്കുറിച്ച് ഞങ്ങളോടു പറയുക. അങ്ങെ നിത്യതയുടെ വെട്ടം ഞങ്ങള്‍ക്ക് തരിക.

കൂനമ്മാവില്‍ ഇടവകപ്പള്ളിയോടു ചേര്‍ന്ന് ഇന്നും സംരക്ഷിച്ചിട്ടുള്ള പഴയ കര്‍മ്മാലീത്താ ആശ്രമഭാഗത്ത് പുണ്യശ്ലോകനായ ചാവറയച്ചന്‍റെ മുറിയുടെ വാതില്‍ ഒരു ലിഖിതമുണ്ട്, “ഇത് എന്‍റെ താല്കാലിക ഭവനമാണ്.”
അങ്ങനെ വീട് ഈ ഭൂമിയുടെ ഭാഗമല്ലെന്ന് തിരച്ചറിഞ്ഞ ഒരാള്‍ക്ക് മാത്രമേ ചെറിയ കാര്യങ്ങളില്‍നിന്ന് കുതറി നില്‍ക്കാനുള്ള ബലമുണ്ടാവൂ.
രണ്ടമത്തെ തലം ഒരാള്‍ വിശ്വസിക്കുന്ന മൂല്യങ്ങളാണ് അയാളുടെ വീട്. സ്നേഹപൂര്‍വ്വം ജീവിക്കുന്ന ഒരാളുടെ വീട് സ്നേഹമാണ്. കരുണയോടെ ജീവിക്കുന്ന ഒരാളുടെ വീട് കരുണയാണ്. അങ്ങനെയെങ്കില്‍ ഈശോയുടെ വീട് ഈശോയുടെ മൂല്യങ്ങള്‍തന്നെ. അങ്ങയുടെ മൂല്യജീവിത വലയത്തിലേയ്ക്ക് ഞങ്ങളെയും പ്രവേശിപ്പിക്കുക. ഇതാണ് ക്രിസ്തു ശിഷ്യന്മാര്‍ അപേക്ഷിക്കുന്നത്.

മറ്റൊരു വാക്കില്‍ സുവിശേഷാത്മകമായി ജീവിക്കുവാന്‍ ഞങ്ങളെ ബലപ്പെടുത്തുക. സമഗ്രവും സനാതനവുമായ ജീവിതരീതിയുടെ പേരാണ് സുവിശേഷം. ദൈവം ലോകത്തെ വ്യാഖ്യാനിച്ച രീതി. എന്തിനെക്കുറിച്ചാണത് നിശ്ശബ്ദമായത്. തൊഴിലിനെയും വിശ്രമത്തെയും ദാമ്പത്യത്തെയും ബ്രഹ്മചര്യത്തെയും ഉപവാസത്തെയും വിരുന്നിനെയും പൂക്കളെയും കിളികളെയും കുറിച്ച്...ഈ പ്രപഞ്ചത്തില്‍ എല്ലാത്തിനെയും അത് പ്രകാശത്തില്‍ സ്നാനപ്പെടുത്തുന്നു,... സുവിശേഷത്തെ ആധാരമാക്കി ജിവിക്കാനാവണം നമുക്ക്.

ക്രിസ്തു അവരോടു പറഞ്ഞു, വന്നു കാണുക. അതിന്‍റെ അര്‍ത്ഥം എന്‍റെ അനുഭവങ്ങളിലേയ്ക്ക് പ്രവേശിച്ചു കൊള്ളുക. പുഴയോരത്തുനിന്ന് പുഴയിലേയ്ക്കിറങ്ങി സ്നാനംചെയ്യുക. അതത്ര ലളിതമായ കാര്യമായി കരുതുകയും വേണ്ട.

അങ്ങയുടെ വീടെവിടെയാണെന്ന് മറ്റൊരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ ചോദിക്കുമ്പോള്‍ ഈശോ ഇങ്ങനെ പറഞ്ഞു, “കുരുവിക്ക് കൂടും കുറുനരികള്‍ക്ക് മാളവുമുള്ള ഭൂമിയില്‍ മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇടമില്ല.” ക്രിസ്തു തന്‍റെ ശിഷ്യന്മാരെ കൂട്ടിക്കൊണ്ടു പോകുന്നത് സുരക്ഷിതത്വത്തിന്‍റെ കോട്ടകളിലേയ്ക്കല്ല. അരക്ഷിതാവസ്ഥകളുടെ തുറസ്സായ ഇടങ്ങളിലേയ്ക്കാണ്. Sail to the unchartered seas. അവനോടൊപ്പം ആയിരിക്കുക എന്നതിന്‍റെ അര്‍ത്ഥം തലചായ്ക്കാന്‍ ഇടമില്ലാത്തവരോടൊപ്പം ആയിരിക്കുക എന്നതുകൂടിയാണ്. With people who ave no security and safety.. എല്ലാ അര്‍ത്ഥത്തിലും സ്വസ്ഥതയോ നിദ്രയോ ഇല്ലാത്ത മനുഷ്യരോടൊപ്പം ആയിരിക്കുക എന്നാണ്. ശിഷ്യത്വത്തിന് നീ കൊടുക്കേണ്ട വിലയാണിത്.
...............................
യേശുവിന്‍റെ ക്രിയാത്മകവും ഭാവാത്മകവുമായ വിളി ഉടനെ ഒരു മറുപടി പ്രതീക്ഷിക്കുന്നുണ്ട്. യേശു ഓരോ വ്യക്തിയെയും വിളിക്കുന്നുണ്ട്. അവിടുന്ന് നല്ലൊരു പ്രതികരണം പ്രതീക്ഷിക്കുന്നു.
നമ്മുടെ പാപജീവിതം വിട്ടകലുവാനായിരിക്കാം, ചിലപ്പോള്‍ എന്‍റെ വൈര്യവും ശത്രുതയുമുള്ള ജീവിതം പാടേ മാറ്റുവാനായിരിക്കാം അവിടുന്ന് എന്നെ വിളിക്കുന്നത്. മറ്റുചിലപ്പോള്‍ ജീവിതത്തിന്‍റെ ഉത്തരവാദിത്വത്തിന്‍റെ മേഖലയില്‍ കൂടുതല്‍ ആഴമായി ഇറങ്ങി ചെല്ലുവാനായിരിക്കാം.
ഒരു പ്രത്യേക ദൗത്യത്തിലേയ്ക്ക് ഇറങ്ങിത്തിരിക്കുവാനായിരിക്കാം. എന്തുതന്നെയായിരുന്നാലും വിളിച്ചവനോട് പ്രതികരിക്കുവാനും, ആ വിളിയോട് വിശ്വസ്തരായിരിക്കുന്നതുമാണ് നിങ്ങളുടെയും എന്‍റെയും വെല്ലുവിളി.

ആദ്യ ശിഷ്യന്മാരെ ക്രിസ്തു വിളക്കുന്നത് മത്തായിയുടെ സുവിശേഷത്തില്‍ ഗലീലിയാ തീരത്തുവച്ചാണ്. തീരം പ്രതീകാത്മകമാണ്. അവരുടെ ജോലി സ്ഥലവും സാധാരണ ജീവിത മേഖലയുമായിരുന്നു അത്. തടാകം അല്ലെങ്കില്‍ തീരം നമ്മുടെ ഓരോരുത്തരുടെയും ജീവിതമേഖലകളുടെയും ജോലിസ്ഥലത്തിന്‍റെയുമെല്ലാം പ്രതീകമാണ്. ജീവിതത്തിന്‍റെ വളരെ സാധാരണമായൊരു ചുറ്റുപാടില്‍ അപ്രതീക്ഷിതമായ സ്ഥലത്ത് സമയത്ത് ഒരു പ്രത്യേക ദൗത്യത്തിനായി വിളിക്കപ്പെടുയാണ്, ഒരു പ്രത്യേക ക്ഷണം ലഭിക്കുകയാണ്... പ്രതീക്ഷിക്കാത്തതും, ആഗ്രഹിക്കാത്തതും, അര്‍ഹിക്കാത്തതുമായിരിക്കാം ആ ക്ഷണം. പ്രതികരണം അനുനിമിഷവും, സ്വതന്ത്രവും നിഷ്ക്കളങ്കവും കലവറയില്ലാത്തതുമാണ്.
അവര്‍ എല്ലാം വിട്ടുപേക്ഷിച്ച് യേശുവിനെ അനുഗമിക്കുന്നു എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത്. അവരുടെ വഞ്ചിയും വലയുമെല്ലാം അവര്‍ ഉപേക്ഷിച്ചിറങ്ങുന്നു. പ്രതീകാത്മകമായി ജീവിത ബന്ധനങ്ങള്‍ വിട്ടിറങ്ങുകയാണവര്‍.
“അന്ധകാരത്തില്‍ കഴിഞ്ഞിരുന്നവര്‍ വലിയ പ്രകാശം കണ്ടു,” എന്നാണ് പ്രവാചകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് (ഏശയ്യാ 9,3 . പ്രകാശം അവരെ സ്വതന്ത്രരാക്കുന്നു.

സ്നേഹപൂര്‍വ്വകമായ വിളിയായിരുന്നു അത്, മറ്റൊരു വാക്കില്‍ കൃപയുടെ വിളിയും സ്പര്‍ശവുമായിരുന്നു അത്. കൃപാവരം ആത്മാവിന്‍റെ അന്തരംഗങ്ങളെ സ്പര്‍ശിക്കുമ്പോള്‍ അത് വലിയ അനുഭവവും അവാച്യമായ സന്തോഷവുമായി മാറുന്നു. നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാം, എന്നാണ് ക്രിസ്തുവിന്‍റെ വാക്കുകള്‍. അതായത് അവര്‍ ഇനി കൂടുതല്‍ മനുഷ്യരെ സ്നേഹിക്കുന്നവരായി മാറും. മനുഷ്യരോട് കൂടുതല്‍ ഇടപഴകുന്നവരാകും. അവരുടെ ലോകം കൂടുതല്‍ വിസ്തൃതമാവുകയാണ്.

വിളി ഒരിക്കലും നാം നിഷേധിക്കരുത്. നിഷേധിക്കപ്പെട്ട വിളി വീണ്ടും നമ്മിലേയ്ക്ക് തിരികെ വരണമെന്നില്ല. അത് എന്നേയ്ക്കുമായി നമുക്ക് നഷ്ടമാകാം. ക്രിസ്തുവിന്‍റെ സ്നേഹമുള്ള വിളിയില്‍ വലിയ തിടുക്കമുണ്ട്, നിര്‍ബന്ധമുണ്ട്. എന്താണ് നമ്മെ ഈ വിളിയില്‍നിന്നും പിന്തിരിപ്പിക്കുന്നത്, സുപരിചിതമായ തീരങ്ങളില്‍ത്തന്നെ ചേക്കേറുവാന്‍ എനിക്കെന്താണിത്ര നിര്‍ബന്ധം, ... ക്രൈസ്തവ വിളിയുടെ വെല്ലുവിളി സ്വീകരിക്കാന്‍ മടിയുന്നതെന്താണ്..., ഒരു മാറ്റത്തിന് വിധേയനാകാന്‍ സന്നദ്ധനാവാത്തതെന്താണ്...,

അസ്ഥിത്വത്തിലൂടെ ഈ ജീവിതത്തിലേയ്ക്കും, ഒരു ജീവിതാന്തസ്സിലേയ്ക്കും നമ്മെ വിളിച്ച ദൈവത്തിന് നന്ദിയുള്ളവരായി ജീവിക്കാം, അവിടുത്തെ ദൗത്യപൂര്‍ത്തീകരണ പദ്ധതിയില്‍ വിശ്വസ്തരായി ജീവിക്കാം,
അവിടുത്തെ പാദങ്ങളായി ആ ദൈവീക പാതയില്‍ ജീവിക്കുവാനും
അവിടുത്തെ കരങ്ങളായി നന്മ ചെയ്തു ജീവിക്കാനും വരമേകണേ,
എന്നും പ്രാര്‍ത്ഥിക്കാം.. പരിശ്രമിക്കാം. End.







All the contents on this site are copyrighted ©.