2011-01-20 16:37:10

ദൈവിക വിജ്ഞാനം
മാനുഷീക വിജ്ഞാനത്തെക്കാള്‍ മഹത്തരം


20 ജനുവരി 2011
മാനുഷീക വിജ്ഞാനത്തെക്കാള്‍ ഉറപ്പേറിയതാണ് വിശ്വാസമെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഒരു ഔദ്യോഗിക പത്രികയില്‍ പ്രസ്താവിച്ചു.
മനിലായിലെ സെന്‍റ് തോമസ് അക്വീനസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയുടെ 400-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ തന്‍റെ പ്രതിനിധിയായി, കത്തോലിക്കാ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ സെനോണ്‍ ഗ്രോക്കലേസ്കിയെ നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രികയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
ഡോമിനിക്കന്‍ സന്യാസികള്‍ 1611-ല്‍ മനിലായില്‍ വൈദിക വിദ്യാര്‍ത്ഥികളുടെ രൂപീകരണത്തിനായി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് വൈദ്യശാസ്ത്രമുള്‍പ്പെടെ 30-ലേറെ ഫാക്കല്‍റ്റികളുമായി ഇന്ന് ബൃഹത്തായ ഡീമ്ഡ് യൂണിവേഴ്സിറ്റിയായി വളര്‍ന്നു നില്ക്കുന്നത്.
ദൈവിക വിജ്ഞാനം നല്കുന്ന വെളിച്ചം മാനുഷീക വിജ്ഞാനത്തെക്കാള്‍ മഹത്തരമാണെന്ന്, യൂണിവേഴ്സിറ്റി നല്കുന്ന മൂല്യാധിഷ്ഠിതവും ദൈവശാസ്ത്ര വിജ്ഞാനീയവുമായ പാഠ്യപദ്ധതികളെ പ്രശംസിച്ചുകൊണ്ട് മാര്‍പാപ്പ തന്‍റെ കത്തില്‍ പ്രസ്താവിച്ചു. ജനുവരി 28-ാം തിയതി മനിലായില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന മാര്‍പാപ്പയുടെ പ്രതിനിധി സംഘത്തില്‍ കര്‍ദ്ദിനാള്‍ സെനോണ്‍ ഗ്രോക്കലേസ്കിയോടൊപ്പം, യൂണിവേഴ്സിറ്റിയുടെ എക്സെക്യൂട്ടീവ് ഡയറക്ടര്‍, മോണ്‍സീഞ്ഞോര്‍ ഇസിദേരോ ആല്‍ബാനോ, മനിലായിലെ സാന്‍ കാര്‍ളോ യൂണിവേഴ്സിറ്റിയുടെ പ്രീഫെക്ട്, ഫാദര്‍ ലോറെന്‍സ് ഫെസ്റ്റിന്‍, എന്നിവരും ഉള്‍പ്പെടുന്നു.
 







All the contents on this site are copyrighted ©.