2011-01-20 16:41:29

കത്തോലിക്കാ-ലൂതറന്‍ സഭകള്‍
ഐക്യത്തിന്‍റെ പാതയില്‍


20 ജനുവരി 2011
ക്രൈസ്തവൈക്യ സംവാദത്തിന്‍റെ പാതയില്‍ കത്തോലിക്കാ-ലൂതറന്‍ സഭകള്‍ മുന്നോട്ടെന്ന് കര്‍ദ്ദിനാള്‍ കേര്‍ട്ട് കോക്ക്, സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് റോമില്‍ പ്രസ്താവിച്ചു.
ജനുവരി 19-ാം തിയതി ബുധനാഴ്ച ക്രൈസ്തവ സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ റോമില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ‍് കര്‍ദ്ദിനാള്‍ കോക്ക് ഇപ്രകാരം പ്രസ്താവിച്ചത്.
ജനുവരി 23-ാം തിയതി തിങ്കളാഴ്ച റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കായില്‍ ജര്‍മ്മനിയില്‍നിന്നും എത്തിയിട്ടുള്ള ലൂതറന്‍ സഭാപ്രതിനിധിസംഘവും കത്തോലിക്കരും സംയുക്തമായി നടത്തുന്ന സഭൈക്യ സമ്മേളനവും സായാഹ്നപ്രാര്‍ത്ഥനയും ക്രൈസ്തവൈക്യത്തിന്‍റെ പാതയില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്ന് ആര്‍ച്ചുബിഷ്പ്പ് കോക്ക് പ്രസ്താവിച്ചു. ഇരുസഭകളും തമ്മില്‍ ഐക്യത്തിന്‍റേയും സംവാദത്തിന്‍റെയും മേഖലയില്‍ ആഴമായ അടിത്തറ കഴിഞ്ഞൊരു ദശകത്തില്‍ പാകിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കയുടെ മുമ്പില്‍ ജര്‍മ്മനിയിലെ, (Lutheran Garden) ലൂതറാന്‍ പൂന്തോട്ട-പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 23-ന് നടുവാന്‍ പോകുന്ന ഒലിവുവൃക്ഷം ഇരുസഭകള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന്‍റെയും ബഹുമാനത്തിന്‍റെയും പ്രതീകമായി വളര്‍ന്നു പന്തലിക്കുമെന്ന് ലൂതറന്‍ പ്രതിനിധി സംഘത്തിന്‍റെ തലവന്‍, ബിഷപ്പ് ജോണ്‍ ഫ്രെഡ്രിന്‍ പ്രസ്താവിച്ചു.
പ്രോട്ടസ്റ്റന്‍റ് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ മാര്‍ട്ടിന്‍ ലൂതര്‍ റോമാ പട്ടണം സന്ദര്‍ശനത്തിന്‍റെ 500-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ക്രൈസ്തവൈക്യ വാരത്തില്‍ത്തന്നെ ജര്‍മ്മന്‍ ലൂതറന്‍ സഭാപ്രതിനിധി സംഘം വത്തിക്കാന്‍ സന്ദര്‍ശിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ കോക്ക് വ്യക്തമാക്കി.
ജര്‍മ്മന്‍സംഘം സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലുമായി ഒന്നുചേര്‍ന്ന് ജനുവരി 24-ാം തിയതി ചൊവ്വാഴ്ച ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നും, സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.







All the contents on this site are copyrighted ©.