2011-01-20 17:05:56

അറബ് രാഷ്ട്രങ്ങളുടെ ലീഗിന്
ക്രൈസ്തവരോട് അനുഭാവം


20 ജനുവരി 2011
അറബ് രാജ്യങ്ങളുടെ ഉച്ചകോടി സമ്മേളനം ക്രൈസ്തവ പീഡനങ്ങളെ സമൂഹ്യനീതിയുടെ തലത്തില്‍‍ പരിഗണിക്കുമെന്ന് ജനറല്‍ സെക്രട്ടറി,
അമര്‍ മൂസ്സാ ഈജിപ്തില്‍ പ്രസ്താവിച്ചു. 2010 ഡിസംമ്പര്‍ 31-ന് ഈജിപ്തിലെ കോപ്റ്റിക് ദേവാലയത്തിലുണ്ടായ ക്രൈസ്തവരുടെ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട് ജനുവരി 19-ാം തിയതി ബുധനാഴ്ച ഈജീപ്തിലെ മാധ്യമങ്ങള്‍ക്കു നല്കിയ ഒരു ടെലിഫോണ്‍ സംഭാഷണത്തിലാണ് അമര്‍ മൂസ്സാ ഇപ്രകാരം പ്രഖ്യാപിച്ചത്. അറബി രാജ്യങ്ങളുടെ സാമൂഹ്യ സാമ്പത്തിക പുരോഗതിയെക്കുറിച്ചു ചര്‍ച്ചചെയ്യുന്ന ഉച്ചകോടി സമ്മേളനം 19-ാം തിയതി ബുധനാഴ്ചയാണ് ഈജിപ്തില്‍ ആരംഭിച്ചത്. അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ ഒന്നുചേര്‍ന്നു വളര്‍ത്തിയിട്ടുള്ള സാംസ്കാരിക പൈതൃകം പരിപോഷിപ്പിക്കുകയും തീവ്രവാദികളില്‍നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ലീഗിന്‍റെ ജനറല്‍ സെക്രട്ടറി അമര്‍ മൂസ്സാ മാധ്യമങ്ങള്‍ക്ക് ഉറപ്പുനല്കി. അടുത്ത കാലത്ത് തീവ്രവാദികളുടെ ആക്രമണത്തില്‍ ധാരാളം ക്രൈസ്തവര്‍ കൊല്ലപ്പെട്ട ബാഗ്ദാദിലെയും ഈജിപ്തിലെയും ക്രൈസ്തവ സമൂഹങ്ങളെ നേരില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയതിന്‍റെ വെളിച്ചത്തില്‍, വസ്തുതകള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കുമെന്നും, വിദേശ ശക്തികളുടെ ഇടപെടലുകളോ പ്രേരണയോ ഇല്ലാതെ തുല്യപൗരത്വമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം അറബ് രാജ്യങ്ങള്‍തന്നെ ഏറ്റെടുക്കുമെന്നും അമര്‍ മൂസ്സാ മാധ്യമ പ്രവര്‍ത്തകര്‍കരെ അറിയിച്ചു. 1945-ല്‍ കെയ്റോയില്‍ സ്ഥാപിതമായ അറബ് രാജ്യങ്ങളുടെ ലീഗില്‍‍ 22 അംഗരാഷ്ട്രങ്ങള്‍ ഉണ്ട്.
 







All the contents on this site are copyrighted ©.