2011-01-19 13:46:45

മികച്ച പരിശീലനം ലഭിച്ച വൈദീകരെ സഭയ്ക്ക് ആവശ്യമെന്ന് മാര്‍പാപ്പ


റോമിലെ പൊന്തിഫിക്കല്‍ പോളിഷ് സഭാ സ്ഥാപനത്തിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസ്തുത സ്ഥാപനത്തിലെ ഭരണാധികാരികള്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജനുവരി പതിനേഴാം തിയതി തിങ്കളാഴ്ച അനുവദിച്ച ഒരു പ്രത്യേക കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ക്രിസ്തുവിന്‍റെ ദിവ്യകാരുണ്യത്തിലൂടെയും സുവിശേഷത്തിലൂടെയും അവിടുത്തോടുള്ള സൗഹൃദത്തില്‍ ആഴപ്പെട്ടുകൊണ്ട് അതില്‍ നിന്നും ലഭിക്കുന്ന വിജ്ഞാനത്താല്‍ സമ്പന്നരായ വൈദീകരെയാണ് സഭയ്ക്ക് ആവശ്യമെന്ന് പ്രസ്താവിച്ച മാര്‍പാപ്പ വൈദീകരുടെ വ്യക്തിജീവിതവും അജപാലന ശുശ്രൂഷയും പരിപോഷിപ്പിക്കാനാവശ്യമായ പ്രചോദനം ഈ രണ്ട് ഉറവിടങ്ങളില്‍ നിന്ന് അവര്‍ നേടിയെടുക്കണമെന്നും ഉദ്ബോധിപ്പിച്ചു. പഠനത്തിലൂടെയും ശാസ്ത്രീയ ഗവേഷണങ്ങളിലൂടെയും വിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന വൈദീകര്‍ തങ്ങള്‍ നേടുന്ന അറിവ് ഭാവിയില്‍ മറ്റനേകരുമായി പങ്കുവയ്ക്കണമെന്നും പാപ്പ പറഞ്ഞു. പഠനാര്‍ത്ഥം റോമിലെത്തിയിരിക്കുന്ന വൈദീകരും വൈദീകാര്‍ത്ഥികളും പരിശുദ്ധ സിംഹാസനവുമായുള്ള ഐക്യത്തില്‍ വളരേണ്ടത്തിന്‍റെ ആവശ്യകതയെക്കുറിച്ചും പാപ്പ തദ്ദവസരത്തില്‍ അവിടെ സന്നിഹിതരായിരുന്നവരോടു വിശദീകരിച്ചു.







All the contents on this site are copyrighted ©.