2011-01-19 17:58:38

ഭിന്നിച്ചു നില്ക്കുന്നവര്‍ക്ക്
സാക്ഷൃമേകാനാവില്ലെന്ന് മാര്‍പാപ്പ
- ക്രൈസ്തവൈക്യവാരം


ഭിന്നിച്ചു നില്കുന്നവര്‍ക്ക് ക്രിസ്തുവിന് സാക്ഷൃമേകാനാവില്ലെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ക്രൈസ്തവൈക്യ വാരാചരണത്തോടനുബന്ധിച്ച് ആഹ്വാനംചെയ്തു. ലോകമെമ്പാടും ക്രൈസ്തവ സഭകള്‍ ഒത്തൊരുമിച്ച് ജനുവരി 18-മുതല്‍ 25-വരെ തിയതികളില്‍ ആചരിക്കുന്ന സഭൈക്യവാരത്തിന്‍റെ പശ്ചാത്തലത്തില്‍ നല്കിയ പ്രേഷിത നിയോഗത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹാനംചെയ്തത്. വിവിധ ക്രൈസ്തവ സഭകള്‍ തമ്മില്‍ വിശാലമായ ഒരു ഐക്യത്തിന്‍റെ മനോഭാവം ഉണ്ടാകണമെന്നതാണ് സഭയുടെ വീക്ഷണമെന്നും ക്രിസ്തു വിഭാവനം ചെയ്ത ഏക ഇടയനും, ഏക ആലയവും, എന്ന സുവ്യക്തമായ ലക്ഷൃത്തിനായി നാം പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കേണ്ടതാണെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.
കത്തോലിക്കാ സഭ ഇന്നും പ്രത്യാശയോടെ തുടരുന്ന സഭൈക്യ സംരംഭങ്ങള്‍ ഐക്യത്തിന്‍റെ പാതയിലെ പുതിയ കാല്‍വയ്പുകളാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഐക്യം ആഗ്രഹിക്കുന്നു,
ഐക്യം ആഗ്രഹിക്കുക എന്നാല്‍ ക്രിസ്തുവില്‍ ഒന്നാവുക എന്നാണെന്ന്,
പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു. “അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു,” എന്ന വിശുദ്ധ ഗ്രന്ഥഭാഗമാണ് (നടപടി 2, 42) സഭൈക്യവാരത്തിന്‍റെ പ്രതിപാദ്യ വിഷയം. ജനുവരി 25-ാം തിയതി ചൊവ്വാഴ്ച, റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോസപ്പസ്തോലന്‍റെ ബസിലിക്കായില്‍, അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളിനോടനുബന്ധിച്ച് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന സാഘോഷമായ സായാഹ്നപ്രാര്‍ത്ഥനയോടെ 2011-ലെ ക്രൈസ്തവൈക്യവാരം സമാപിക്കും.







All the contents on this site are copyrighted ©.