2011-01-19 18:20:14

ജീവന്‍റെയും കുടുംബത്തിന്‍റെയും
സംരക്ഷകനായ പാപ്പ
ജോണ്‍ പോള്‍ രണ്ടാമന്‍


19 ജനുവരി 2011
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജീവന്‍റെയും കുടുംബത്തിന്‍റെയും മഹാനായ സംരക്ഷകനായി എന്നും അനുസ്മരിക്കപ്പെടുമെന്ന്,
(Pontifical Academy of Life) ജീവന്‍റെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വക്താവ് പ്രസ്താവിച്ചു.
ജീവന്‍റെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ബോര്‍ഡ് മെമ്പര്‍ പട്രീഷ്യാ വെന്തൂരയാണ് ജനുവരി 18-ാം തിയതി തിങ്കളാഴ്ച റോമില്‍ നടത്തിയ ഒരഭിമുഖത്തില്‍ ഇപ്രകാരം പ്രസ്താവിച്ചത്.
ജനുവരി 14-ാം തിയതി പുറപ്പെടുവിച്ച ഒരു കല്പനയിലൂടെ
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തുവാനുള്ള വത്തിക്കാന്‍റെ നടപടിക്രമത്തിലുള്ള അതിയായ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് പട്രീഷിയാ വെന്തൂരാ ഇപ്രകാരം പ്രസ്താവിച്ചത്. ലോകത്താര്‍ക്കും നിര്‍ദ്ദോഷികളായ അജാത ശുശുക്കളെ ഇല്ലാതാക്കാനുള്ള അവകാശമില്ല, എന്ന പാപ്പായുടെ പ്രബോധനം വെന്തൂരാ അഭിമുഖത്തില്‍ അനുസ്മരിച്ചു.
വിശ്വാസാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ കുടുംബങ്ങളുടെ വളര്‍ച്ചയിലാണ് ലോകത്തിന്‍റെ ഭാവി നിലനില്കുവാന്‍ പോകുന്നതെന്ന് തിരിച്ചറിഞ്ഞ മഹാനായ ക്രാന്തദര്‍ശിയായിരുന്നു പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെന്ന് പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വക്താവ്, പട്രീഷ്യ വെന്തൂരാ റോമില്‍ പ്രസ്താവിച്ചു.
2011 മെയ് 1-ാം തിയതിയാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍വച്ച് ദൈവദാസനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ പദവിലേയ്ക്ക് ഉയര്‍ത്തുന്ന കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്.







All the contents on this site are copyrighted ©.