2011-01-14 16:43:03

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ
വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക്


 2005-ല്‍ കാലംചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ച ഫ്രഞ്ച് സ്വദേശിനി, മരിയ സൈമണ്‍ പിയെര്‍ എന്ന സന്യാസിനി അത്ഭുതകരമായി പാര്‍ക്കിന്‍സാന്‍സ് രോഗത്തില്‍നിന്നും വിമുക്തയായ സംഭവം വത്തിക്കാന്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ദൈവദാസനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ‘വാഴ്ത്തപ്പെട്ടവന്‍’ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തുവാനുള്ള കല്പന (decree) 2011 ജനുവരി 14-ാം തിയതി വെള്ളിയാഴ്ച പുറപ്പെടുവിച്ചത്. ചികിത്സയിലായിരുന്ന സിസ്റ്റര്‍ മരിയ പിയെറിന്‍റെ പാര്‍ക്കിന്‍സാന്‍സ് രോഗം കടുത്തതും ഏറെ സന്ധിവേദന ഉണ്ടാക്കുന്നതുമായിരുന്നു. വിശ്വാസപൂര്‍വ്വം നിരന്തരമായി ദൈവദാസനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി രോഗശാന്തി ലഭിച്ചു. രോഗശാന്തി അത്ഭുതകരമെന്ന് വൈദ്യശാസ്ത്രം സ്ഥിരീകരിക്കുകയും ചെയ്തു. വിശുദ്ധ പദപ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടിയായിട്ടാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ
2011 മെയ് 1-ാം തിയിത വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനൊരുക്കമായ കല്പന പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതിസന്ധികളുടെ കാലത്ത് പോളണ്ടിലെ വാഡോവിറ്റ്സില്‍ ഒരു സാധാരണ കുടുംമ്പത്തില്‍ 1920-ല്‍ ജനിച്ച്, കരിങ്കല്‍ മടയില്‍ കരവേലചെയ്തു വളര്‍ന്ന കാരോള്‍ വോയിത്തീവയാണ് പിന്നീട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായും ആഗോള സഭയുടെ കരുത്തനായ നായകനായകനായതും. സഭയെ ആധുനീക യുഗത്തിലേയ്ക്ക് തുറന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ചൈതന്യവും തീരുമാനങ്ങളും ലോകത്ത് പ്രസരിപ്പിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. ക്രിസ്തുവില്‍ മനുഷ്യരാശിയുടെ രക്ഷ പുനഃരാവിഷ്ക്കരിക്കാനുള്ള ഒരു നവീകരിച്ച ക്ഷണം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ പ്രബോധനങ്ങളിലൂടെയും അപ്പസ്തോലിക യാത്രകളിലൂടെയും ജീവിതമാതൃകയിലൂടെയും ലോകത്തിനു നല്കി.

സകലതും മറിയത്തിന്‍റെ മാദ്ധ്യസ്ഥതയില്‍ (Totus tuus, Maria) ക്രിസ്തുവിനായി സ്വയം സമര്‍പ്പിച്ചുകൊണ്ട് ഇറങ്ങിപ്പുറപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവിതം അന്ത്യംവരെ ചൈതന്യപൂര്‍ണ്ണമായിരുന്നു. 2000-ാമാണ്ട് ജൂബിലി സാഘോഷംകൊണ്ടാടിക്കൊണ്ട് നസ്രായനായ യേശുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ നവചൈതന്യം ലോകമെമ്പാടും ഉണര്‍ത്തുവാന്‍ പാപ്പായ്ക്കു കഴിഞ്ഞു. തന്‍റെ വ്യക്തി പ്രാഭവംകൊണ്ടും സ്നേഹംകൊണ്ടും യുവാക്കളെയും സാധാരണ ജനങ്ങളെയും സഭയുടെ കൂട്ടായ്മയില്‍ വളര്‍ത്താന്‍ ഈ പുണ്യാത്മാവിനു സാധിച്ചു. ലാളിത്യമാര്‍ന്ന പ്രാര്‍ത്ഥനാ രീതിയും എളിയ ജീവിതവും അദ്ദേഹത്തിന്‍റെ പുണ്യജീവിതത്തിന്‍റെ തിളക്കമാണ്. ദൈവഹിതം തിരിച്ചറിഞ്ഞ ഈ ദൈവദാസന്‍ പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചും തന്‍റെ ജീവന്‍ പണയംവച്ചും മനുഷ്യകുലത്തിന്‍റെ നന്മയ്ക്കും സമാധാനത്തിനും വിശുദ്ധീകരണത്തിനുമായി അടിപതറാതെ മുന്നോട്ടു ചരിക്കുകയും സഭയെ നയിക്കുകയുംചെയ്തു.
1981 മെയ് 13-ാം തിയതി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍വച്ചുണ്ടായ വധശ്രമത്തെ അത്ഭുതകരമായി അതിജീവിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ആ വെടിയുണ്ടകള്‍ പരിശുദ്ധ കന്യകാനാഥയ്ക്കു സമര്‍പ്പിച്ചുകൊണ്ട് വീണ്ടും രണ്ടു പതിറ്റാണ്ടുകൂടെ തന്‍റെ സമര്‍പ്പണജീവിതം നിര്‍ഭയം തുടര്‍ന്നു. അവസാനം തന്‍റെ സഹനത്തിലൂടെയും ത്യാഗജീവിത്തിലൂടെയും ഈ ലോകത്തെ ദൈവീകകാരുണ്യത്തിനു സമര്‍പ്പിച്ചുകൊണ്ടാണ് പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. ഈ ശാന്തിദൂതന്‍റെ സ്നേഹജീവിതം ഇന്നും ലോകത്ത് വിശുദ്ധിയുടെ നറുമലരായി വിരിഞ്ഞുനില്ക്കുന്നു.
2011 മെയ് 1-ാം തിയതി ദൈവകാരുണ്യത്തിരുനാള്‍ ദിനത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ അര്‍പ്പിക്കുന്ന സമൂഹദിവ്യബലിമദ്ധ്യേയുള്ള പ്രത്യേക കര്‍മ്മത്തില്‍ ദൈവദാസന്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തും.







All the contents on this site are copyrighted ©.