2011-01-13 19:47:07

ഹെയ്ത്തിയെ മോചിക്കുവാന്‍
ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്ന്
കര്‍ദ്ദിനാള്‍ ബര്‍ത്തോണെ


12 ജനുവരി 2011
ജീവിതത്തിന്‍റെ കൂരിരുട്ടില്‍ ഹെയ്ത്തിലെ മനുഷ്യര്‍ക്ക് വചനം മാംസംധരിച്ച ക്രിസ്തു
മാര്‍ഗ്ഗദീപമാവട്ടെയെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെയ്ത്തി അനുസ്മരണദിനത്തില്‍ ആശംസിച്ചു.
ജനുവരി 12-ാം തിയതി, ഹായ്ത്തി ഭൂകമ്പദുരന്തത്തിന്‍റെ പ്രഥമ വാര്‍ഷിക ദിനത്തില്‍, റോമിലെ മേരി മജ്ജോരെ ബസിലിക്കായില്‍ അര്‍പ്പിക്കപ്പെട്ട അനുസ്മരണ ദിവ്യബലിയിലെ വചനപ്രഘോഷണമദ്ധ്യേയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
ഇപ്രകാരം പ്രാര്‍ത്ഥിച്ചത്. കെടുതിയില്‍ മരണമടഞ്ഞ 3 ലക്ഷത്തോളം പേര്‍ക്കുവേണ്ടിയും പാര്‍പ്പിടവും അടിസ്ഥാനാവശ്യങ്ങളും ഇല്ലാതെ ഇനിയും വിഷമിക്കുന്ന ഹെയിത്തിലെ ജനങ്ങള്‍ക്കുവേണ്ടിയും ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ബര്‍ത്തോണെ. ജീവിതത്തിന്‍റെ ദുരന്തങ്ങളില്‍പ്പെട്ട് വഴിമുട്ടിനില്ക്കുന്ന മനുഷ്യര്‍ക്ക് ഉത്ഥിതനായ ക്രിസ്തുവിന്‍റെ ജീവല്‍ പ്രകാശം പ്രത്യാശയും, മുന്നോട്ടുള്ള ജീവിതയാത്രയില്‍ വെളിച്ചവുമാവട്ടെയെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ആശംസിച്ചു.
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവരും പ്രത്യാശയോടെ ഇനിയും ഒത്തൊരുമിച്ചു പരിശ്രമിച്ചുകൊണ്ട് ഹെയ്ത്തിയിലെ ജനങ്ങളുടെ ദുരിതമകറ്റണമെന്ന്
കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ നാമത്തില്‍ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.