2011-01-13 20:12:02

സമൂഹ്യസേവന ശുശ്രൂഷകരുടെ
സമ്പൂര്‍ണ്ണ സമ്മേളനം ഫെബ്രുവരിയില്‍


12 ജനുവരി 2011
കത്തോലിക്കാ സമൂഹ്യസേവന ശുശ്രൂഷകരുടെ സമ്പൂര്‍ണ്ണ സമ്മേളനം നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്കസണ്‍ അമേരിക്കയില്‍ ഉദ്ഘാടനംചെയ്യും. അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയടക്കം 19 ഇതര സന്നദ്ധ സംഘടനകള്‍ ചേര്‍ന്നാണ് 2011 ഫെബ്രുവരി 13 മുതല്‍ 16 വരെ തിയതികളില്‍ സമൂഹ്യസേവന ശുശ്രൂഷകരുടെ പ്രഥമ സമ്പൂര്‍ണ്ണ സമ്മേളനം വാഷിങ്ങടണിലെ ഓമ്നി ഷോറാം ഹോട്ടലില്‍ സംഘടിപ്പിക്കുന്നത്.
ആഫ്രിക്കയിലെ ഖാനാ സ്വദേശിയാണ് കര്‍ദ്ദിനാള്‍ ടര്‍ക്കസണ്‍.
1992 – 2009 കാലയളവില്‍ അദ്ദേഹം കെയിപ്പ് കോസ്റ്റിന്‍റെ അതിരൂപാദ്ധ്യക്ഷനായിരിക്കവെയാണ്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ ടര്‍ക്കസനെ വത്തിക്കാന്‍റെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കൗണ്‍സിലിന്‍റെ തലവനായി നിയോഗിച്ചത്. കത്തോലിക്കാ സമൂഹ്യ പ്രബോധനത്തിന്‍റെ സമകാലീന വെല്ലുവിളികള്‍, റേരും നൊവാരും എന്ന സഭയുടെ വിഖ്യതമായ സാമൂഹ്യ പ്രബോധനത്തിന്‍റെ പൈതൃക-വെളിച്ചത്തില്‍...എന്ന വിഷയത്തെ അധികരിച്ച് കര്‍ദ്ദിനാള്‍ ടര്‍ക്കസണ്‍ സമ്മേളത്തില്‍ പ്രബന്ധമവതരിപ്പിക്കും. അമേരിക്കയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രവിദഗ്ദന്‍, പോള്‍ കോളിയര്‍ സമ്മേളനത്തെ ഫെബ്രുവരി 14-ാം തിയതി അഭിസംബോധനചെയ്യും.
ആഗോള സമൂഹ്യ-സാമ്പത്തിക വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകള്‍, അമേരിക്കന്‍ പ്രസിഡന്‍റ്, ബാറക്ക് ഒബാമയുമായുള്ള കാപ്പിറ്റോള്‍ ഹില്ലിലെ കൂടിക്കാഴ്ച എന്നിവ സമ്മേളനത്തിന്‍റെ മുഖ്യ ഇനങ്ങളാണെന്ന്, സംഘാടകര്‍ Catholic Social Ministry Gathering, കത്തോലിക്കാ സമൂഹ്യസേവന ശുശ്രൂഷകരുടെ സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.







All the contents on this site are copyrighted ©.