2011-01-12 12:11:12

മുന്‍ ആഗ്ലിക്കന്‍ മെത്രാന്‍മാര്‍ കത്തോലീക്കാ വൈദീകരാകുന്നു.


കത്തോലീക്കാ സഭയിലേക്ക് പ്രവേശിച്ച മുന്‍ ആഗ്ലിക്കന്‍ മെത്രാന്‍മാര്‍ കത്തോലീക്കാ വൈദീകരായി പട്ടം സ്വീകരിക്കും.

ജോണ്‍ ബ്രോഡ്ഹസ്റ്റ്, ആന്‍ഡ്രൂ ബണ്‍ഹാം, കെയ്ത്ത് ന്യൂട്ടണ്‍ എന്നിവര്‍ ജനുവരി പതിമൂന്നാം തിയതി വ്യാഴാഴ്ച വെസ്റ്റ് മിനിസ്റ്ററിലെ അലന്‍ ഹാള്‍ കത്തോലീക്കാ സെമിനാരി ദേവാലയത്തില്‍ വച്ച് ഡീക്കന്‍ പട്ടം സ്വീകരിക്കുകയും തുടര്‍ന്ന് ജനുവരി പതിനഞ്ചാം തിയതി ശനിയാഴ്ച വൈദീകരായി അഭിഷേകം ചെയ്യപ്പെടുമെന്നും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലീക്കാ മെത്രാന്‍മാരുടെ സംഘത്തിന്‍റെ സംയുക്ത വാര്‍ത്താ സമിതി ജനുവരി നാലാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

2010 ഡിസംബര്‍ മുപ്പത്തിയൊന്നാം തിയതി ആഗ്ലിക്കന്‍ സഭയിലെ അജപാലനചുമതലകളില്‍ നിന്നു പൂര്‍ണ്ണമായും വിടുതല്‍ നേടിയ മുന്‍ ആഗ്ലിക്കന്‍ മെത്രാന്‍മാര്‍ ജോണ്‍ ബ്രോഡ്ഹസ്റ്റ്, ആന്‍ഡ്രൂ ബണ്‍ഹാം, കെയ്ത്ത് ന്യൂട്ടണ്‍ എന്നിവര്‍ 2011 ജനുവരി ഒന്നാം തിയതി പുതുവല്‍സര ദിനത്തിലാണ് കത്തോലീക്കാ സഭയില്‍ അംഗങ്ങളായത്. ഇവരെക്കൂടാതെ അജപാലനശുശ്രൂഷയില്‍ നിന്നു വിരമിച്ചു വിശ്രമജീവിതം നയിച്ചിരുന്ന രണ്ടു മെത്രാന്‍മാരും മൂന്നു സന്ന്യാസിനികളും രണ്ടു മെത്രാന്‍മാരുടെ ഭാര്യമാരും സ്ഥൈര്യലേപനകൂദാശ സ്വീകരിച്ചുകൊണ്ട് അന്നേദിവസം തന്നെ കത്തോലീക്കാ സഭയില്‍ അംഗങ്ങളായി ചേര്‍ന്നിരുന്നു.







All the contents on this site are copyrighted ©.