2011-01-12 12:06:03

പീഢനങ്ങള്‍ ഐക്യദാര്‍ഢ്യം വര്‍ദ്ധിപ്പിക്കാന്‍


 ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന പീഢനങ്ങള്‍ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍തമ്മിലുള്ള ഐക്യദാര്‍ഢ്യം വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നവെന്ന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഫൗത്വാല്‍ നിരീക്ഷിക്കുന്നു.ജനുവരി പത്താം തിയതി തിങ്കളാഴ്ച ജറുസലേമില്‍ വിശുദ്ധ നാടുകളുടെ ഏകോപനസമിതിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ നേതാക്കള്‍ക്ക് മധ്യപൂര്‍വ്വദേശത്തെ രാഷ്ട്രീയ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സാധിക്കില്ലെങ്കിലും, നിരുത്സാഹജനകമായ ഈ അവസ്ഥയിലും സഭാനേതാക്കള്‍ നല്‍കുന്ന സംഭാവനകള്‍ അന്നാട്ടിലെ ജനങ്ങളുടെ ജീവിതങ്ങള്‍ക്കു മാറ്റം വരുത്താന്‍ സഹായിക്കുന്നുണെടന്ന് പാത്രിയാര്‍ക്കീസ് പ്രസ്താവിച്ചു. വിശുദ്ധ നാടുകളുടെ ഏകോപനസമിതിയില്‍ അംഗങ്ങളായ യൂറോപ്പിലെയും അമേരിക്കയിലെയും മെത്രാന്‍മാരുടെ സാന്നിദ്ധ്യം സാര്‍വ്വത്രീക സഭയ്ക്ക് വിശുദ്ധനാടുകളോടുള്ള കരുതലും ജാഗരതയുമാണ് വെളിപ്പെടുത്തുന്നതെന്നു പറഞ്ഞ ആര്‍ച്ച് ബിഷപ്പ് ഫൗത്വാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍മാസം മെത്രാന്‍മാരുടെ സിനഡ് മധ്യപൂര്‍വ്വദേശത്തിനുവേണ്ടി ചേര്‍ന്ന പ്രത്യേകസമ്മേളനത്തെക്കുറിച്ചും പ്രത്യേകം പരാമര്‍ശിച്ചു. ഇസ്ലാം മതമൗലീക വാദികളുടെയും, ഹെബ്രായ-യഹൂദ രാഷ്ട്രത്തിനുവേണ്ടി പ്രയത്നിക്കുന്ന ഇസ്രായേല്‍ വലതുപക്ഷത്തിന്‍റെയും നടുവില്‍ പീഢനങ്ങള്‍ക്കു വിധേയരാകുന്ന പ്രാദേശീക ക്രൈസ്തവര്‍ പ്രത്യക്ഷമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരായത്തിര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മധ്യപൂര്‍വ്വദേശത്തെ സഭാ നേതാക്കള്‍ സഭൈക്യ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണെമെന്ന് ഏകോപനസമിതിയുടെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത ആഗോള ലൂഥറന്‍ സഭാസമിതി അദ്ധ്യക്ഷന്‍ ബിഷപ്പ് മുനീബ് യൗന്നാന്‍ അഭ്യര്‍ത്ഥിച്ചു.
പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രത്യേക അഭ്യര്‍ത്ഥനാപ്രകാരം 1998ല്‍ ജറുസലേമില്‍ സ്ഥാപിതമായ വിശുദ്ധ നാടുകളുടെ ഏകോപനസമിതിയില്‍ കാനഡ, ഇംഗ്ലണ്ട്, വെയില്‍സ്, ഫ്രാന്‍സ്, ജെര്‍മ്മനി, ഇറ്റലി, അയര്‍ലണ്ട്, സ്പെയിന്‍, സ്വിസ്സര്‍ലണ്ട്, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നീ രാജ്യങ്ങളിലെ മെത്രാന്‍മാര്‍ അംഗങ്ങളാണ്.







All the contents on this site are copyrighted ©.