2011-01-12 12:04:15

ദൈവദൂഷണകുറ്റം സാമൂഹ്യ പ്രശ്നം


പാക്കിസ്ഥാനിലെ ദൈവദൂഷണകുറ്റത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ക്രൈസ്തവരും മുസ്ലീമുകളും തമ്മിലുള്ള സംഘട്ടനമായി കാണാതെ അത് ഒരു സാമൂഹ്യ വിഷയമായി പരിഗണിക്കണമെന്ന് അന്നാട്ടിലെ സഭാ വക്താക്കള്‍ അഭ്യര്‍ത്ഥിക്കുന്നു. ജനുവരി പത്താം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളോട് കൂടിക്കാഴ്ച നടത്തിയ വേളയില്‍ പാക്കിസ്ഥാനിലെ ദൈവദൂഷണക്കുറ്റ നിയമം മതന്യൂന പക്ഷങ്ങള്‍ക്കെതിരേ അനീതിയും അക്രമവും വളര്‍ത്താനുള്ള ഒഴിവുകഴിവായി മാറിയിരിക്കുകയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും വിവാദങ്ങളും ക്രൈസ്തവ മുസ്ലീം സംഘട്ടനത്തിന്‍റെ ഭാഗമായി കാണുന്നത് പാക്കിസ്ഥാനിലെ മതതീവ്രവാദികള്‍ക്ക് അനുകൂലമായിത്തീരുമെന്ന് ആശങ്ക പ്രകടിപ്പിച്ചത് പാക്കിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ നീതി സമാധാനകാര്യ കമ്മീഷന്‍റെ സെക്രട്ടറി ഫാദര്‍ പീറ്റര്‍ ജേക്കബ്ബാണ്. വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ ഈ ആശങ്ക വെളിപ്പെ‍ടുത്തിയത്. പല പാക്കിസ്ഥാന്‍ ഗവണ്‍മെന്‍റ് അധികാരികളും മാധ്യമ പ്രവര്‍ത്തകരും ഇതൊരു സാമൂഹ്യപ്രശ്നമായി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.