2011-01-12 12:52:00

പാപ്പ വീണ്ടും അസ്സീസിയിലേക്ക്



ഒരിക്കല്‍ക്കൂടി അസ്സീസി സന്ദര്‍ശിക്കാനുള്ള മാര്‍പാപ്പയുടെ തീരുമാനത്തെ അസ്സീസി- നോര്‍ച്ചെ ഉബ്ര രൂപത സസന്തോഷം സ്വാഗതം ചെയ്യുന്നു. അസ്സീസി- നോര്‍ച്ചെ ഉബ്ര രൂപതാധ്യക്ഷന്‍ ബിഷപ്പ് ദൊമെനിക്കോ സൊറെന്‍റിനോയാണ് ആ സഭാപ്രവിശ്യാംഗങ്ങളുടെ പേരില്‍ പാപ്പയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് സന്ദേശമയച്ചത്. വിശുദ്ധ ഫ്രാന്‍സീസിന്‍റെ ജീവിത മുദ്രകള്‍ ഉള്‍ക്കൊള്ളുന്ന അസ്സീസി പട്ടണം, പ്രാര്‍ത്ഥനയും എളിമയും സാഹോദര്യവും കൊണ്ട് സമാധാത്തിന്‍റെ അരൂപി പ്രചരിപ്പിച്ചുകൊണ്ട് സമാധാനത്തിന്‍റെ അടയാളമായി നിലകൊള്ളുന്നുവെന്ന് പരാമര്‍ശിച്ച ബിഷപ്പ് അവിടെ നടക്കാന്‍പോകുന്ന മതനേതാക്കളുടെ സംഗമം ലോകത്തില്‍ സമാധാനം സൃഷ്ടിക്കാന്‍ എല്ലാമതസ്ഥരെയും കടപ്പെട്ടവരാക്കുന്ന ഒരു പുതിയ സംരംഭത്തിനു നാന്ദികുറിക്കട്ടെയെന്നും ആശംസിച്ചു. പുതുവല്‍സരദിനത്തില്‍ തൃകാല പ്രാര്‍ത്ഥനയ്ക്കുശേഷമാണ് ഇക്കൊല്ലം ഒക്ടോബര്‍ മാസം താന്‍ അസ്സീസിസിലേക്ക് തീര്‍ത്ഥാടനം നടത്തുമെന്ന് മാര്‍പാപ്പ വെളിപ്പെടുത്തിയത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1986ലെ ലോകസമാധാന ദിനത്തോടനുബന്ധിച്ച് അസ്സീസിയില്‍ ഒരു അന്താരാഷ്ട്ര മതാന്തര സമാധാന സമ്മേളനം വിളിച്ചുകൂട്ടിയതിന്‍റെ രജത ജൂബിലിയാണ്ടില്‍ വിശുദ്ധ ഫ്രാന്‍സീസസിന്‍റെ ജന്മനാട്ടില്‍ ഒരിക്കല്‍കൂടി ലോകമതനേതാക്കളെ സമാധാനചര്‍ച്ചാസമ്മേളനത്തിനായി പാപ്പ ക്ഷണിച്ചിട്ടുണ്ട്.







All the contents on this site are copyrighted ©.