2011-01-06 19:37:58

വിയറ്റ്നാമിലെ സഭ
സ്ഥാപനത്തിന്‍റെ 350-ാം വാര്‍ഷികം


6 ജനുവരി 2011
ഇതര മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായതൊന്നും കത്തോലിക്കാ സഭ തള്ളിക്കളയുന്നില്ലായെന്ന് കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ്സ് വിയറ്റനാമിലെ സഭയുടെ ജൂബിലയാഘോഷ സമാപന സമ്മേളത്തില്‍ പ്രസ്താവിച്ചു. ജനുവരി 5-ാം തിയതി ബുധനാഴ്ച വിയറ്റ്നാമിലെ സഭാ സ്ഥാപനത്തിന്‍റെ 350-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനചടങ്ങില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാല്‍ ഡയസ്സ്.
ജനസംഖ്യയുടെ 6 ശതമാനം മാത്രം വരുന്ന വിയറ്റ്നാമിലെ കത്തോലിക്കര്‍ ‘ഇതര മതസ്ഥരോട് ആത്മാര്‍ത്ഥമായ ബഹുമാനത്തോടും സഹോദര മനോഭാവത്തോടുംകൂടെ വര്‍ത്തിക്കണ’മെന്ന (Nostre Aetate 2) സഭയുടെ അടിസ്ഥാനനിലപാട് സമ്മേളനത്തില്‍ പങ്കെടുത്ത അന്‍പതിനായിരത്തോളം വരുന്ന വിവിധ മത സമൂഹങ്ങളുടെ പ്രതിനിധികളോടും വിശ്വാസ സമൂഹത്തോടുമായി കര്‍ദ്ദിനാള്‍ ഡയസ്സ് വെളിപ്പെടുത്തി.
ഒരേ പ്രത്യാശയില്‍ വിളിക്കപ്പെട്ടവര്‍ക്ക് ആത്മീയമായി ഒരു ശരീരവും ഒരാത്മാവുമാണെന്നും, ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേകയുള്ളൂവെന്നും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്ന ഏവരുടെയും പിതാവുമായ ദൈവം ഒരുവന്‍ മാത്രമേയുള്ളൂവെന്നും, വിശുദ്ധ പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ സമ്മേളനത്തെ ആഹ്വാനംചെയ്തു.
ഏകദേശം 300 വര്‍ഷങ്ങള്‍ക്കു മുന്‍പ് പീഡനങ്ങള്‍ക്ക് ഇരയായ ക്രൈസ്തവമക്കള്‍ക്ക് ലവാങ്ങിലെ കാട്ടുപ്രദേശത്ത് സാന്ത്വനവുമായി പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യകാ നാഥാ ഇന്നും വിയറ്റ്നാമിലെ സഭയെ കാത്തുപാലിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് കര്‍ദ്ദിനാള്‍ ഡയസ്സ് ജൂബിലി സമാപന സമ്മേളനത്തില്‍ മാര്‍പാപ്പയുടെ പേരില്‍ നടത്തിയ തന്‍റെ അദ്ധ്യക്ഷപ്രസംഗം ഉപസംഹരിച്ചത്.







All the contents on this site are copyrighted ©.