2011-01-03 14:52:48

ഈജിപ്തില്‍ ക്രൈസ്തവദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തിനെതിരേ ക്രൈസ്തവര്‍ പ്രതിഷേധറാലി നടത്തി


03.01.2011
പുതുവല്‍സരപുലരിയില്‍ ഈജിപ്തിലെ കോപ്ടിക്ക് ദേവാലയത്തിനു മുന്‍പിലുണ്ടായ കാര്‍ബോംബു സ്ഫോടനത്തില്‍ ഇരുപത്തിയൊന്നുപേര്‍ കൊല്ലപ്പെടുകയും തൊണ്ണൂറിലധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് നൂറുകണക്കിനു ക്രൈസ്തവര്‍ ബോംബാക്രമണം നടന്ന അലക്സാണ്‍ഡ്രിയായ നഗരത്തിലും ഈജിപ്തിന്‍റ‍െ തലസ്ഥാനമായ കെയ്റോ നഗരത്തിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്. ഞങ്ങളുടെ രക്തവും ആത്മാവും കൊണ്ട് ഞങ്ങള്‍ വിശുദ്ധ കുരിശ് പുനരുദ്ധരിക്കും എന്ന മുദ്രാവാക്യം പ്രകടനങ്ങളില്‍ മുഴങ്ങി. ജനുവരി ഒന്നാം തിയതി ശനിയാഴ്ച വൈകുന്നേരം അലക്സാണ്‍ഡ്രിയായില്‍ നിന്ന് പതിനെട്ടു മൈല്‍ ദൂരെയുള്ള ഒരാശ്രമ ദേവാലയത്തില്‍ നടന്ന ശവസംസ്ക്കാര ചടങ്ങുകളില്‍ ഏകദ്ദേശം അയ്യായിരത്തോളം കോപ്ടിക്ക് ക്രൈസ്തവര്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ ദശകത്തില്‍ അന്നാട്ടില്‍ ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന കോപ്ടിക്സഭ മധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ ക്രൈസ്തവസമൂഹമാണ്.
ആക്രമണത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച ഈജിപ്ഷൃന്‍ പ്രസിഡന്‍റ് ഹോസ്നി മുബാറക്ക്, ഭീകരതയ്ക്കെതിരായി ക്രൈസ്തവരും മുസ്ലീമുകളും കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഭീകരത തുടച്ചു നീക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ആക്രമണവുമായി ബന്ധപ്പെട്ടു പതിനേഴുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.







All the contents on this site are copyrighted ©.