2010-12-31 14:39:27

രണ്ടായിരത്തിപ്പത്താമാണ്ടില്‍ മാര്‍പാപ്പയ്ക്ക് ഇരുപത്തിമൂന്നുലക്ഷത്തോളം സന്ദര്‍ശകര്‍


31.12.2010
2010 വര്‍ഷാന്ത്യത്തിലാണ് പേപ്പല്‍ ഭവനം ഇക്കൊല്ലം പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയവരുടെ കണക്കുകള്‍ പുറത്തിറക്കിയത്. മാര്‍പാപ്പ നല്‍കിയ പൊതു കൂടിക്കാഴ്ചയിലും സ്വകാര്യ കൂടിക്കാഴ്ചകളിലും വിവിധ ആരാധാനക്രമാഘോഷങ്ങളിലും തൃകാല പ്രാര്‍ത്ഥനയിലും പങ്കെടുത്തവരുടെ എണ്ണമാണ് വത്തിക്കാന്‍ വെളിപ്പെടുത്തിയത്. എകദ്ദേശം അഞ്ചു ലക്ഷത്തോളം പേര്‍ രണ്ടായിരത്തിപ്പത്താമാണ്ടില്‍ മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്തപ്പോള്‍ ഒരുലക്ഷത്തിഎഴുപത്തെണ്ണായിരത്തോളം പേരാണ് മാര്‍പാപ്പ അനുവദിച്ച വിവിധ സ്വകാര്യ കൂടിക്കാഴ്ചകളില്‍ പങ്കെടുത്തത്. മാര്‍പാപ്പയോടൊപ്പം തൃകാല പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനെത്തിയവരുടെ എണ്ണം പന്ത്രണ്ടു ലക്ഷത്തി ഇരുപതിനായിരത്തോളമാണ്. മൂന്നു ലക്ഷത്തി എണ്‍പതിനായിരത്തലധികം പേര്‍ ഇതര ആരാധനാക്രമാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തി. ആകെ ഇരുപത്തിരണ്ടു ലക്ഷത്തി എഴുപതിനായിരത്തിലധികം പേരാണ് വത്തിക്കാനിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇറ്റലിക്കുള്ളിലും പുറത്തുമായി പാപ്പ നടത്തിയ അപ്പസ്തോലീക പര്യടനങ്ങളിലും മറ്റും പങ്കെടുത്തവരെ ഉള്‍പ്പടുത്താതെയാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
വത്തിക്കാന്‍റെ കണക്കനുസരിച്ച് രണ്ടായിരത്തിയഞ്ചില്‍ ഇരുപത്തിരണ്ടു ലക്ഷത്തി പതിനയ്യായിരത്തോളം പേരും, രണ്ടായിരത്തിയാറില്‍ മുപ്പത്തിരണ്ടുലക്ഷത്തി ഇരുപത്തിരണ്ടായിരത്തിലധികം പേരും, രണ്ടായിരത്തിയേഴില്‍ ഇരുപത്തിയെട്ടു ലക്ഷത്തി മുപ്പതിനായിരത്തിലധികം പേരും, രണ്ടായിരത്തിയെട്ടില്‍ ഇരുപത്തിരണ്ടു ലക്ഷത്തി പതിനയ്യായിരത്തോളം പേരും, രണ്ടായിരത്തിയൊന്‍പതാം ആണ്ടില്‍ ഇരുപത്തിരണ്ടു ലക്ഷത്തി നാല്‍പ്പത്തിമൂവ്വായിരത്തിലധികം പേരും വിവിധ പരിപാടികളിലായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.







All the contents on this site are copyrighted ©.