2010-12-30 19:03:15

സുതാര്യതയും സത്യസന്ധതയും വളര്‍ത്താന്‍
വത്തിക്കാനില്‍ സാമ്പത്തിക നിയമഭേദഗതി


30 ഡിസംമ്പര്‍ 2010
സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സുതാര്യതയും സത്യസന്ധതയും ഉത്തരാവാദിത്വവും പുലര്‍ത്താന്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സ്വാധികാരത്തില്‍ നിയമപരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തി. ഡിസംബര്‍ 30-ാം തിയതി വ്യാഴാഴ്ച രാവിലെയാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സാമ്പത്തിക നിയമഭേദഗതിയുടെ സ്വാധികാര പ്രഖ്യാപനം
motu proprio declaration വത്തിക്കാനില്‍ നടന്നത്. ലോകത്തില്‍ വളര്‍ന്നുവരുന്ന സാമ്പത്തിക ക്രമകേടിന്‍റെ ക്രൂരമായ പ്രതിഭാസത്തെ ആഗോളസമൂഹത്തോടു ചേര്‍ന്നുനിന്ന് എതിര്‍ക്കുവാന്‍ തന്നെയാണ് വത്തിക്കാന്‍ നിയമഭേദഗതികള്‍ പുറത്തിറക്കുന്നതെന്ന് വത്തിക്കാന്‍ റോഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി ഒരു വാര്‍ത്താ കുറിപ്പിലൂടെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
പണമിടപാടുകളില്‍ ഉണ്ടായേക്കാവുന്ന ക്രമകേടുകള്‍ തടയുന്നതിനും കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളിലും, പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെടുന്ന പ്രസ്ഥാനങ്ങളുമായും നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് ഈ നിയമഭേദഗതികള്‍ നടപ്പില്‍വരുത്തുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി വെളിപ്പെടുത്തി. സുതാര്യതയിലേയ്ക്കും വിശ്വസ്തയിലേയ്ക്കുമുള്ള മാര്‍പാപ്പയുടെ ഈ പുതിയ കാല്‍വയ്പ്പോടെ ഒരു വര്‍ഷം പര്യവസാനിപ്പിക്കുന്നത് പ്രതീകാത്മകമാണെന്നും വത്തിക്കാന്‍ മാധ്യമങ്ങളുടെ ഡയറക്ടര്‍ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. ആഗോളവത്ക്കരണത്തിന്‍റെ ഭാഗമായി ഏറ്റവുംമധികം ക്രമകേടുകള്‍ ഉണ്ടായിട്ടുള്ളത് പണമിടപാടിലാണെന്നും അതില്‍നിന്നുമാണ് ലോകസമാധാനത്തിനും നീതിക്കും ഭീഷണിയാകുന്ന അധിക്രമങ്ങളും, ഭീകരപ്രവര്‍ത്തനങ്ങളും വളരുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.