2010-12-30 19:17:26

വത്തിക്കാനിലെ
വിചിത്രമായ പുല്‍ക്കൂട്


30 ഡിസംമ്പര്‍ 2010
ഒറ്റനോട്ടത്തില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഈ വര്‍ഷം ഒരുക്കിയിരിക്കുന്ന ബൃഹത്തായ പുല്‍ക്കൂട് ഏറെ പരമ്പരാഗത ശൈലിയിലുള്ളതാണ്, എന്നാല്‍ ഒപ്പം പ്രതീകാത്മകവുമാണ്. യൗസേപ്പും മേരിയും ഉണ്ണിയും, ആടും മാടും ഇടയന്മാര്‍ക്കുമൊപ്പം വെള്ളം, തീ എന്നീ രണ്ടു മൂലപദാര്‍ത്ഥങ്ങള്‍ പ്രത്യേകമായി തെളിഞ്ഞുനില്കുന്നു. തീയും തീനാളവും ലോകത്തിന്‍റെ അന്ധകാരമകറ്റുന്ന ക്രിസ്തുവെളിച്ചത്തെ സൂചിപ്പിക്കുന്നു. ജലം ഒഴുകുന്നതും കിണറ്റില്‍ ശേഖരിച്ചിരിക്കുന്നതും ജ്ഞാനസ്നാനത്തെയും ക്രിസ്തുവിലുള്ള പുതുജീവനെയും ചിത്രീകരിക്കുന്നു.

തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും ആകര്‍ഷണാര്‍ത്ഥം വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നിര്‍മ്മിക്കുന്ന 29-ാമത്തെ വിപുലമായ പുല്‍ക്കൂടാണിത്. വത്താക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ സാങ്കേതിക വിഭാഗമാണ് ഇതു പണിതീര്‍ത്തത്.
2500- ചതുരശ്രഅടി വിസ്തൃതി-സ്ഥലത്ത് ഒരുക്കിയിരിക്കുന്ന പുല്‍ക്കൂട് മൂന്നു രംഗങ്ങളായിട്ടാണ് ചിത്രസംയോജനം ചെയ്തിരിക്കുന്നത്.
കേന്ദ്രഭാഗത്താണ് പുല്‍ക്കൂട്. മറിയം ജോസഫ്, പുല്‍ത്തൊട്ടിയില്‍ക്കിടക്കുന്ന ഉണ്ണിയേശു, ഇടയന്മാര്‍, രാജാക്കന്മാര്‍, അടുമാടുകള്‍ എന്നിവ പരമ്പരാഗതമായ ശൈലിയില്‍ ദൃശ്യാവിഷ്ക്കരണംചെയ്തിരിക്കുന്നു. മുകളില്‍ ചിറകുവിരച്ചു നില്ക്കുന്ന ദൂതന്‍,...
ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു... എന്നു പ്രഘോഷിക്കുന്നു, (ലൂക്കാ 2, 11)
ഇടതുഭാഗത്ത് ഒരു മുക്കുവ ഗ്രാമമാണ്. തിബേരീയൂസ് തീരത്തിന്‍റെ പ്രതീതി നല്കുന്നതാണീ രംഗസംവിധാനം. വഞ്ചിയും വലയും മുക്കവരും, മത്സ്യങ്ങളുമെല്ലാം..... നാം അറിയാതെ ഭാവനയില്‍, യേശു തന്‍റെ ശിഷ്യന്മാരെ വിളിക്കുന്ന രംഗത്തേയ്ക്ക് വഴുതി വീഴുന്നു. എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം.
തല്‍ക്ഷണം അവര്‍ വലയും വഞ്ചിയുമെല്ലാം ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചു (മത്തായി 4, 19). വലതുഭാഗത്തുള്ള മൂന്നാമത്തെ രംഗം,... രൂപത്തിലും ഭാവത്തിലും ശൈലിയിലും മറ്റു രണ്ടു രംഗങ്ങളില്‍നിന്നും വേറിട്ടു നില്ക്കുന്നു. ഫിലിപ്പീന്‍കാരനായ ചിത്രകാരന്‍ കുബ്ലൂസ് നിര്‍മ്മിച്ച ദൃശ്യബിംബങ്ങള്‍ യേശുവിന്‍റെ ജനനത്തിലുള്ള ബഹുമുഖങ്ങളായ സന്തോഷപ്രകടനങ്ങളാണ്. വിശ്വാസ ജീവിതത്തില്‍, തൊഴില്‍ മേഖലയില്‍ കുടുബങ്ങളില്‍, സംഗീത-നൃത്ത ബിംബങ്ങളാല്‍... ഫിലിപ്പീനോ ശൈലിയില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. വിശ്വാസ-സ്ഥാപനത്തിന്‍റെ ജൂബിലിയാഘോഷിച്ച ഫീലിപ്പീനിലെ സഭയുടെ സജീവ സാന്നിദ്ധ്യവും, സഭയുടെ ആഗോളസ്വഭാവവും അവിടെ ചിത്രീകരിക്കപ്പെടുന്നു.
വലുപ്പംകൊണ്ട് പുല്‍ക്കൂടിനെ ആവരണംചെയ്തു നില്ക്കുന്ന 100 അടി ഉയരമുള്ള കൂറ്റന്‍ ക്രിസ്തുമസ്സ് മരം ചത്വരത്തിലാകമാനം പ്രഭപരത്തുന്നു. വടക്കെ ഇറ്റലിയിലെ ബള്‍സാനോ ഗ്രാമത്തിലെ ജനങ്ങള്‍ ഈ വര്‍ഷം മാര്‍പാപ്പയ്ക്ക് സമ്മാനമായി എത്തിച്ചുകൊടുത്തതാണ് 90 വര്‍ഷം പ്രായമുള്ള സ്പ്രൂസ് വംശത്തില്‍പ്പെട്ട ഈ ക്രിസ്തുമസ്സ് മരം.







All the contents on this site are copyrighted ©.