2010-12-29 18:48:42

വേദനിക്കുന്ന ലോകത്തോടുചേര്‍ന്ന്
തെയ്സ്സേ സമൂഹം


29 ഡിസംമ്പര്‍ 2010
വേദനിക്കുന്ന ലോകത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെയ്സേ പ്രാര്‍ത്ഥനാ യോഗം ഹോളണ്ടിലെ റോട്ടര്‍ഡാമില്‍ ആരംഭിച്ചു.
തെയ്സ്സേ പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ ആത്മീയഗുരുവും ഫ്രാന്‍സിലെ തെയ്സ്സേ കേന്ദ്രത്തിന്‍റെ പ്രിയോറുമായ ബ്രദര്‍ അലോയ്സ് റോട്ടര്‍ഡാമില്‍ സമ്മേളിച്ച യുവാക്കള്‍ക്കയച്ച സന്ദേശം ഡിസംംബര്‍ 28-ാം തിയതി ബുധനാഴ്ച, വായിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ യൂറോപ്യന്‍ തെയ്സ്സേ സമ്മേളനം ആരംഭിച്ചത്. നിരാശയെ ചെറുത്തുനില്ക്കുന്ന ആത്മീയ സന്തോഷത്തെക്കുറിച്ച് ആഹ്വാനംചെയ്തുകൊണ്ട് ക്രിസ്തുവിനോട് എന്നും ചേര്‍ന്നു നില്കുവാന്‍ ബ്രദര്‍ അലോയ്സ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30,000-ല്‍പ്പരം യുവജനങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനം ജനുവരി ഒന്നാം തിയതിവരെ നീണ്ടുനില്കും.
വ്യക്തിമാഹാത്മ്യവാദത്തിന്‍റെ മിഥ്യ തകര്‍ത്ത് മനുഷ്യന്‍ കൂട്ടായ്മയില്‍ കൂടുതല്‍ വളര്‍ന്ന് മറ്റുള്ളവര്‍ക്കായി സ്വയം സമര്‍പ്പിക്കുന്ന വ്യക്തികളായി മാറണമെന്ന് യുവാക്കളോട് ബനഡിക്ട് 16-മന്‍ മാര്‍പാപ്പ റോട്ടര്‍ഡാമിലെ സമ്മേളനത്തിന് അയച്ച സന്ദേശത്തലൂടെ ആഹ്വാനംചെയ്തു.
പ്രാര്‍ത്ഥനവഴി ലഭിക്കുന്ന സന്തോഷം വേദനിക്കുന്ന സഹോദരങ്ങളുമായുള്ള ഐക്യദാര്‍ഢ്യമായി പ്രകടിപ്പിക്കുവാനുള്ള കരുത്ത് പരിശുദ്ധാത്മാവ് നല്കുമെന്നും, അരൂപി നല്കുന്ന സമാധാനം, മറ്റുള്ളവര്‍ക്കും ലോകത്തിനുമായി പ്രസരിപ്പിക്കാന്‍ സാധിക്കട്ടെയെന്നും മാര്‍പാപ്പ യുവാക്കള്‍ക്കയച്ച സന്ദേശത്തില്‍ ആശംസിച്ചു. റോട്ടര്‍ഡാമിലെ എക്സ്പോ പാര്‍ക്കില്‍ നടക്കുന്ന 33-ാമത് യൂറോപ്യന്‍ തെയ്സ്സേ യുവജനസമ്മേളത്തിന് സന്ദേശമയച്ച പ്രമുഖരില്‍ കാന്‍റെര്‍ബറിയിലെ ആര്‍ച്ചുബിഷപ്പ്, റോവന്‍ വില്യംസ്, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യംമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ പ്രഥമന്‍, യുഎന്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍, ആഗോള ലൂതറന്‍ സഭാ സെക്രട്ടറി, മാര്‍ട്ടിന്‍ ജൂങ്ങ് എന്നിവരും ഉള്‍പ്പെടുന്നു.
 







All the contents on this site are copyrighted ©.