2010-12-28 13:50:32

മാര്‍പാപ്പ സമാധാനത്തിനായ് അഭ്യര്‍ത്ഥിക്കുന്നു.


26.12.2010

ഡിസംബര്‍ ഇരുപത്തിയാറാംതിയതി ഞായറാഴ്ച തൃകാലപ്രാര്‍ത്ഥനയ്ക്കുശേഷമാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സമാധാനത്തിനായി അഭ്യര്‍ത്ഥന നടത്തിയത് . ക്രിസ്തുമസിന്‍റെ ഈ കാലത്ത് സമാധാനമെന്ന ദാനത്തിനായി കൂടുതല്‍ തീക്ഷണതയോടെ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട മാര്‍പാപ്പ ലോകത്തു അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണെന്നും അവയില്‍ കൂടുതലും ക്രിസ്തുവിന്‍റെ അനുയായികള്‍ക്കെതിരെയാണെന്നും ചൂണ്ടിക്കാട്ടി. ക്രിസ്മസ് ആഘോഷവേളയില്‍ ഫിലിപ്പീന്‍സിലെ ഒരു കത്തോലീക്കാ പള്ളിക്കും നൈജീരിയയില്‍ ഒരു ക്രൈസ്തവ ദേവാലയത്തിനും നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് താന്‍ വളരെയധികം ദുഃഖിതനാണെന്ന് വെളിപ്പെടുത്തിയ മാര്‍പാപ്പ ഭൂമിയില്‍ പലയിടത്തും പ്രത്യേകിച്ചും പാക്കിസ്ഥാനിലും മറ്റും രക്തക്കറപുരണ്ടുകൊണ്ടിരിക്കുകയാണെന്നു വിലപിച്ചു. അസംബന്ധമായ ഈ ആക്രമണങ്ങളാല്‍ പീഢിപ്പിക്കപ്പെടുന്നവരോട് സഹാനുഭാവം പ്രകടിപ്പിച്ച പാപ്പ വിദ്വേഷം കൈവെടിഞ്ഞ് സംഘട്ടനങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും ജനസമൂഹങ്ങള്‍ക്ക് സുരക്ഷിത്വവും സമാധാനവും ഉറപ്പു വരുത്തണമെന്നും ആവര്‍ത്തിച്ചു. തിരുക്കുടുംബത്തിന്‍റെ തിരുനാള്‍ ആഘോഷിക്കുന്ന വേളയില്‍ ഹേറോദ്ദേസിന്‍റെ കൂട്ടക്കൊല ഭയന്ന് ഈജിപ്തിലേക്കു പലായനം ചെയ്ത തിരുക്കുടുംബത്തിന്‍റെ ഭയാനകമായ അവസ്ഥയാണ് യുദ്ധവും ആക്രമണങ്ങളും അസഹിഷ്ണുതയും മൂലം സ്വന്തം ഭവനങ്ങള്‍ ഉപേക്ഷിച്ചു പോകുന്ന ഏവരുടെയും പ്രത്യേകിച്ച് കുടുംബങ്ങളുടെ നിലയെന്ന് മാര്‍പാപ്പ പറഞ്ഞു. കര്‍ത്താവ് മനുഷ്യരുടെ ഹൃദയങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ട് പ്രത്യാശയും അനുരഞ്ജനവും സമാധാനവും നല്‍കാനായി എല്ലാവരും തന്നോടോപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ പാപ്പ അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.