2010-12-28 13:47:52

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം


26.12.2010

ഡിസംബര്‍ ഇരുപത്തിയാറാം തിയതി ഞായറാഴ്ച തിരുകുടുംബത്തിന്‍റെ തിരുന്നാള്‍ അടിസ്ഥാനമാക്കിയാണ് പാപ്പ തൃകാല പ്രാര്‍ത്ഥനാ പ്രഭാഷണം നടത്തിയത്.

പ്രിയ സഹോദരീ സഹോദരന്‍മാരെ,

മിശിഹാ ജനിച്ച സദ്വാര്‍ത്ത മാലാഖമാരില്‍ നിന്നു ശ്രവിച്ച ആട്ടിടയര്‍ അതിവേഗം ബേതലെഹെമില്‍ പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടത്തിയിരുന്ന ശിശുവിനെയും കണ്ടുവെന്ന് ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന്‍റെ ജനനത്തിന്‍റെ ആദ്യ സാക്ഷികള്‍ക്കു മുന്നില്‍ ഒരു പിതാവും മാതാവും ശിശുവും ഉള്ള ഒരു കുടുംബത്തിന്‍റെ രംഗമാണ് അവതരിപ്പിക്കപ്പെട്ടത്. അതിനാലാണ് ക്രിസ്തുമസ് കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച തിരുകുടുംബത്തിന്‍റെ തിരുനാളാഘോഷിക്കാന്‍ ആരാധനാക്രമം നമ്മെ ക്ഷണിക്കുന്നത്. ഇക്കൊല്ലം ക്രിസ്തുമസിന്‍റെ തൊട്ടടുത്ത ദിവസം, വിശുദ്ധ സ്റ്റീഫന്‍റെ തിരുന്നാള്‍ ദിനത്തിലാണ് നാം തിരുകുടുംബത്തിന്‍റെ തിരുനാളാഘോഷിക്കുന്നത്. മാതാപിതാക്കളുടെ സ്നേഹവാല്‍സല്യങ്ങള്‍ നുകരുന്ന ഉണ്ണിയേശുവിന്‍റെ പ്രതീകമാണ് നാം ഈത്തിരുന്നാളില്‍ ദര്‍ശിക്കുന്നത്. മറിയവും ജോസഫും ഹൃദയത്തില്‍ സൂക്ഷിക്കുകയും അവരുടെ ദൃഷ്ടികളിലും പ്രവര്‍ത്തികളിലും എല്ലാത്തിലുമുപരിയായി അവരുടെ നിശബ്ദതതയില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്ന, ഉണ്ണിയേശുവിനെ ആവരണം ചെയ്തിരുന്ന, മഹാരഹസ്യത്തിന്‍റെ പ്രഭയാല്‍ ബെതലെഹെമിലെ പുല്‍ത്തൊഴുത്ത് പ്രകാശിതമായെന്ന് സഭാപിതാക്കന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരോ ശിശുവിന്‍റെയും ജനനത്തില്‍ ഈ രഹസ്യത്തിന്‍റെ അംശം ഉള്‍ക്കൊള്ളുന്നുണ്ട്. മാതാപിതാക്കള്‍ക്കറിയാം തങ്ങളുടെ കുഞ്ഞ് തങ്ങള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന ദാനമാണെന്ന്. അവര്‍ അതെക്കുറിച്ച് പരാമര്‍ശിക്കാറുമുണ്ട്. ഈ കുഞ്ഞ് ഒരു ദാനമാണ് ഒരത്ഭുതമാണ് എന്ന് പറയുന്ന ഒരപ്പച്ചനേയോ അമ്മച്ചിയേയോ കാണാത്തവരുണ്ടാകില്ല. മനുഷ്യര്‍ സന്താനോല്‍പാദനത്തെ വെറുമൊരു പ്രത്യുല്‍പാദനകര്‍മ്മമായിട്ടല്ല കാണുന്നത്. സൃഷ്ടാവിന്‍റെ, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മഹനീയതയുടെ അടയാളവും ഭൂമിയിലെ സമ്പത്തുമായിട്ടാണ് മനുഷ്യര്‍ മക്കളെക്കാണുന്നത്. അപ്പോള്‍ ഈ ഭൂമിയില്‍ പിറക്കുന്ന ഒരോ കുഞ്ഞും കുടുംബത്തിന്‍റെ സുരക്ഷിതത്വത്തിലേക്ക് സ്വീകരിക്കപ്പെടേണ്ടത് എത്ര പ്രധാനപ്പെട്ട കാര്യമാണ്. ഭൗതീകമായ സുഖസൗകര്യങ്ങളല്ല പ്രധാനം. യേശു ജനിച്ചത് പുല്‍ത്തൊഴുത്തിലാണ്. അവിടുത്തെ ആദ്യത്തെ തൊട്ടില്‍ പുല്‍ത്തൊട്ടിലായിരുന്നു. മറിയത്തിന്‍റെയും യൗസേപ്പിന്‍റെയും സ്നേഹം സ്നേഹിക്കപ്പെടുന്നവരുടെ വാല്‍സല്യവും ആനന്ദവും യേശുവിനു നല്‍കി. ഇതാണ് കുഞ്ഞുങ്ങള്‍ക്കാവശ്യം. അപ്പച്ചന്‍റെയും അമ്മച്ചിയുടെയും സ്നേഹം. ഈ സ്നേഹമാണ് അവര്‍ക്കു സുരക്ഷിതത്വം നല്‍കുന്നതും വളര്‍ന്നു വരുമ്പോള്‍ ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്താന്‍ അവരെ സഹായിക്കുന്നതും. നസ്രത്തിലെ തിരുക്കുടുംബത്തിനു നിരവധി ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടതായി വന്നു. നിഷ്കളങ്കരുടെ കൂട്ടക്കൊലയില്‍ നിന്നു രക്ഷപ്പെടാന്‍ മറിയവും ജോസഫും ഈജിപ്തിലേക്കു പലായനം ചെയ്തത് മത്തായി സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദൈവഹിതത്തില്‍ ആശ്രയിച്ചുകൊണ്ട് നസ്രത്തില്‍ തിരിച്ചെത്തി വാസമുറപ്പിച്ച അവര്‍ യേശുവിന് ശാന്തമായ ശൈശവകാലവും മികച്ച ശിക്ഷണവും ഉറപ്പുവരുത്തി.

പ്രിയ സുഹൃത്തുക്കളെ, തിരുകുടുംബം ഏകവും അനന്യവുമാണ്.എന്നാല്‍ തിരുകുടുംബമാണ് ഓരോ മാനവ കുടുംബത്തിന്‍റെയും മാതൃക. മാനവകുടുബത്തില്‍ ജാതനായ യേശു കുടുംബങ്ങളെ അനുഗ്രഹിച്ച് അഭിഷേകംചെയ്തു. എല്ലാ കുടുംബങ്ങളെയും മറിയത്തിന്‍റെയും ജോസഫിന്‍റെയും മാധ്യസ്ഥതയില്‍ നമ്മുക്കു ഭരമേല്‍പ്പിക്കാം അങ്ങനെ പരീക്ഷണങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും മുന്‍പില്‍ പതറിപ്പോകാതെ ദാമ്പത്യ സ്നേഹം വളര്‍ത്തിക്കൊണ്ട് വിശ്വസ്തതയോടെ ജീവന്‍റെസംരക്ഷണത്തിനും മക്കളുടെ ശിക്ഷണത്തിനും സ്വയം സമര്‍പ്പിക്കാന്‍ അവര്‍ക്കു സാധിക്കട്ടെ......എന്നാശംസിച്ചുകൊണ്ടാണ് മാര്‍പാപ്പ പ്രഭാഷണം അവസാനിപ്പിച്ചത്.
 







All the contents on this site are copyrighted ©.