2010-12-23 19:08:53

പാപ്പായുടെ ക്രിസ്തുമസ്സ് സന്ദേശം
ബിബിസി പ്രക്ഷേപണം ചെയ്യുന്നു


23 ഡിസംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ക്രിസ്തുമസ്സ് സന്ദേശം ബി.ബി.സി. പ്രക്ഷേപണംചെയ്യുന്നു. ബിബിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മാര്‍പാപ്പ ഡിസംമ്പര്‍ 24-ാം തിയതി, ക്രിസ്തുമസ്സ് സായാഹ്നത്തില്‍ സന്ദേശം നല്കുന്നതെന്ന്, വത്തിക്കാന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. ബിബിസിയുടെ നാലാമത്തെ ചാനലില്‍ രാവിലെ 7.45-ന് ആരംഭിക്കുന്ന വളരെ ജനകീയമായ 3 മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള ആത്മീയ നേതാക്കളുടെ പ്രതിദിന പരിപാടിയിലാണ് മാര്‍പാപ്പ ക്രിസ്തുമസ്സ് സന്ദേശം നല്കുന്നതെന്ന് ബിബിസിയുടെ വക്താവ് ഓസ്റ്റിന്‍ ഐവെറി റോമില്‍ അറിയിച്ചു. ഡിസംമ്പര്‍ 22-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ മാര്‍പാപ്പയുടെ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിനുശേഷം, പോള്‍ ആറാമന്‍ ശാലയോടു ചേര്‍ന്നുള്ള ഹാളില്‍വച്ച് പാപ്പ സ്വന്തം കൈപ്പടയില്‍ എഴുതിയ സന്ദേശം ബിബിസിക്കുവേണ്ടി റെക്കാര്‍ഡ് ചെയ്യുകയാണുണ്ടാത്. കഴിഞ്ഞ സെപ്തംമ്പര്‍ മാസത്തില്‍ വിജയപ്രദമായി പര്യവസാനിച്ച ബ്രട്ടണ്‍ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മകളുമായിട്ടാണ് ക്രിസ്തുമസ്സിന്‍റെ സാരാംശം മാര്‍പാപ്പ ബിബിസിക്കു നല്കിയതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവും വത്തിക്കാന്‍ മാധ്യമങ്ങളുടെ ഡയറക്ടറുമായ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.







All the contents on this site are copyrighted ©.