2010-12-21 09:27:10

വേദനിക്കുന്ന മനുഷ്യനെ ഉള്‍ക്കൊള്ളാത്ത
സമൂഹം ക്രൂരമെന്ന് പാപ്പ
ലോക രോഗീദിന സന്ദേശം 2011


20 ഡിസംമ്പര്‍ 2010
വേദനിക്കുന്ന സഹോദരങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത സമൂഹം ക്രൂരവും മനുഷ്യത്ത്വമില്ലാത്തതുമാണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു.
ഡിസംമ്പര്‍ 18-ാം തിയതി, ശനിയാഴ്ച വത്തിക്കാനില്‍ പു‌റത്തിറക്കിയ ലോക രോഗീദിന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രാകാരം പ്രസ്താവിച്ചത്.
2011 ഫെബ്രവരി 11-ാം തിയതി, ലൂര്‍ദ്ദ് നാഥയുടെ തിരുനാള്‍ ദിനത്തിലാണ് ആഗോള സഭ ലോക രോഗീദിനമായി ആചരിക്കുന്നത്.
തന്‍റെ മുറിവുകളാല്‍ അവിടുന്നു നമ്മെ സൗഖ്യപ്പെടുത്തി, എന്ന പത്രോസ്ലീഹായുടെ ഒന്നാം ലേഖനത്തിലെ വചനമാണ് (1 പത്രോസ് 2, 24) 2011-ലെ സന്ദേശത്തിന്‍റെ ശീര്‍ഷകമായെടുത്തിരിക്കുന്നത്. ക്രിസ്തുവിന്‍റെ സഹനത്തിലൂടെ ദൈവം മനുഷ്യരുടെ യാതനകളില്‍ പങ്കുചേരുകയും മനുഷ്യയാതകള്‍ക്ക് രക്ഷണീയമായ അര്‍ത്ഥം നല്കുകയും ചെയ്യുന്നുവെന്ന് ആമുഖത്തില്‍ മാര്‍പാപ്പ വിവരിച്ചു.
കര്‍ത്താവിന്‍റെ തിരുമുറിവുകളില്‍ സ്പര്‍ശിച്ച് അവിടുത്തെ രക്ഷണീയമായ യാതനയുടെ ആഴം അറിഞ്ഞ തോമാസ്ലീഹാ, എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ, എന്നു വിളിച്ചപേക്ഷിച്ചുകൊണ്ട്, വിശ്വാസത്തിന്‍റെ ഒരു പ്രതികരണമാണ് നല്കിയതെന്നും മാര്‍പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു.
മനുഷ്യരോടുള്ള സ്നേഹാതിരേകത്താല്‍ സ്വയം വേദനകളേറ്റെടുക്കുന്ന ദൈവമാണ് അവരുടെ വിശ്വാസത്തിന് യോഗ്യനാകുന്നതെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ദൈവം വേദനയനുഭവിക്കുന്നില്ല മറിച്ച്, മനുഷ്യരോട് കാരുണ്യം കാണിക്കുകയാണെന്നുന്ന്, വിശുദ്ധ ബര്‍നാര്‍ഡിനെ ഉദ്ധരിച്ച മാര്‍പാപ്പ, സത്യവും സ്നേഹവുമായ ദൈവം മനുഷ്യരുടെ വേദനകളില്‍ പങ്കുചേരാനാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യരൂപമെടുത്തതെന്ന് ആഹ്വാനംചെയ്തു.
ലോകത്ത് രോഗങ്ങളാലും ദാരിദ്ര്യത്താലും വാര്‍ദ്ധക്യത്താലും ഏകാന്തതയും വേദനയുമനുഭവിക്കുന്ന എല്ലാവരോടും സഹിഷ്ണുത പ്രകടമാക്കിക്കൊണ്ട് ആഗോളസഭ ലോക രോഗീദിനം ആചരിക്കുമ്പോള്‍, ഭാരതത്തില്‍ ഫെബ്രുവരി 11-നോട് ചേര്‍ന്നു വരുന്ന ഞായറാഴ്ചയില്‍ ഈ ദിനംഅചരിക്കുകയും മാര്‍പാപ്പയുടെ സന്ദേശം പരസ്യമായി ദിവ്യബലിമദ്ധ്യേ വായിക്കുകയും ചെയ്യും.







All the contents on this site are copyrighted ©.