2010-12-16 18:59:08

മതസ്വാതന്ത്ര്യം സമാധാനത്തിനുള്ള മാര്‍ഗ്ഗം
ലോകസമാധാനദിന സന്ദേശം


16 ഡിസംമ്പര്‍ 2010
മതസ്വാതന്ത്ര്യത്തെ വ്രണപ്പെടുത്തുന്നത്, മനുഷ്യകുലത്തിന്‍റെ ശാശ്വതമായ സമാധാനത്തെ പിഴുതുകളയുന്നതിനു തുല്യമാണെന്ന്,
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ഡിസംമ്പര്‍ 16-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍ പുറത്തിറക്കിയ 2011-ലേയ്ക്കുള്ള 44-ാമത് ലോക സമാധാനദിന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
2011 ജനുവരി 1-ാം തിയതിയാണ് ആഗോളസഭ ലോക സമാധാനദിനമായി ആചരിക്കുന്നത്. ഈയിടെ അധിക്രമത്തിന്‍റെ നാടകശാലയായി മാറിയ ഇറാക്കിലെ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാരംഭിക്കുന്ന മാര്‍പാപ്പയുടെ ലോകസമാധാന ദിന സന്ദേശം, മനുഷ്യജീവിതത്തിന് ആധാരമാകേണ്ട മതസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഉടനീളം പരാമര്‍ശിക്കുന്നത്. മനുഷ്യജീവിതത്തിന്‍റെ പരമമായ ലക്ഷൃത്തിലേയ്ക്കും അര്‍ത്ഥത്തിലേയ്ക്കും വെളിച്ചം വീശുന്ന ദൈവത്തിങ്കലേയ്ക്ക് വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും തിരിയുന്നതിനുമുള്ള ഉപാധിയാണ് മതസ്വാതന്ത്ര്യമെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ ആമുഖമായി പ്രസ്താവിച്ചു. മതസ്വാതന്ത്ര്യം നിഷേധിക്കുകയോ തോന്നിയതുപോലെ നിയന്ത്രിക്കുകയോ ചെയ്യുന്നത് മനുഷ്യ വ്യക്തിത്വത്തെക്കുറിച്ചുതന്നെയുള്ള സങ്കുചിതമായ കാഴ്ചപ്പാടാണെന്നും പാപ്പ സന്ദേശത്തില്‍ സമര്‍ത്ഥിച്ചു.
ജീവിതത്തില്‍ മതത്തിന്‍റെ മാനം മങ്ങുമ്പോള്‍, അനീതിയും അക്രമവും സമൂഹത്തില്‍ വളരുകയും, മനുഷ്യജീവിതത്തില്‍ സമാധാനമില്ലാതാവുകയും ചെയ്യുന്നുവെന്നും സന്ദേശം ഉദ്ബോധിപ്പിച്ചു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സമാധിദിനമായ ജനുവരി 30-നോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയാണ് ഭാരതത്തില്‍ പതിവായി ലോകസമാധാന ദിനം ആചരിക്കപ്പെടുന്നത്.







All the contents on this site are copyrighted ©.