2010-12-15 17:06:35

കുരിശ്ശിലെ
ദൈവീകകാരുണ്യം


15 ഡിസംമ്പര്‍ 2010
കരുണാദ്രനായ ക്രിസ്തുവിനെ അനുകരിക്കാന്‍ ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി റോമിലെ ജൂബിലിയാഘോഷത്തില്‍ പ്രഖ്യാപിച്ചു. ഡിസംമ്പര്‍ 14-ാം തിയതി ചൊവ്വാഴ്ച റോമിലെ ജോസഫ് വില്ലാ നഴ്സിങ്ങ് ഹോമിന്‍റെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്. മനുഷ്യ രക്ഷയ്ക്കായി കുരിശ്ശില്‍ തന്‍റെ ജീവന്‍ സമര്‍പ്പിച്ച ക്രിസ്തു ദൈവത്തിന്‍റെ കാരുണ്യം പ്രകടമാക്കിക്കൊണ്ട് മനുഷ്യരുടെ യാതനയില്‍ പങ്കുചേര്‍ന്നുവെന്നും, ക്രിസ്തുവിനെ അനുകരിക്കുന്നവര്‍ സ്വന്തം സഹോദരങ്ങളോട് ആര്‍ദ്രമായ സനേഹവും കാരുണ്യവും പ്രകടമാക്കേണ്ടതാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു. വാക്കാലും പ്രവര്‍ത്തിയാലും ക്രിസ്തുവിനെ അനുകരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന ക്രിസ്തു ശിഷ്യന്മാര്‍, അതുവഴി ഈ ഭൂമിയില്‍ ദൈവരാജ്യത്തിന്‍റെ അനുഭവമുണര്‍ത്തുകയാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വചനപ്രഘോഷണമദ്ധ്യേ പ്രസ്താവിച്ചു. എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്‍റെ കുരിശും വഹിച്ചുകൊണ്ട് എന്‍റെ പിന്നാലെ വരട്ടെ, എന്നരുള്‍ ചെയ്ത ക്രിസ്തുനാഥനെ ജോസഫ് വില്ലാ പ്രസ്താനങ്ങളുടെ സ്ഥാപകയായ മരിയ റോസ സമ്പൂര്‍ണ്ണമായും അനുകരിക്കുകയായിരുന്നുവെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവിച്ചു. പ്രാര്‍ത്ഥനയാലും ഉപവിപ്രവര്‍ത്തിയാലും തന്‍റെ ജീവിതത്തില്‍ മെനഞ്ഞെടുത്ത ദൈവത്തിന്‍റെ അനന്തമായ സ്നേഹം ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി വിശുദ്ധ മരിയ റോസ് ചിലവഴിച്ചുവെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രസ്താവിച്ചു.
മനുഷ്യനെ ദൈവിക ജീവനില്‍ പങ്കാളിയാക്കാന്‍ അവിടുന്ന് ലോലമായ മര്‍ത്യരൂപം പ്രാപിച്ചതിന്‍റെ ഓര്‍മ്മ ആചരിക്കുവാന്‍ നാം ഒരുങ്ങുകയാണെന്ന വസ്തുതയും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ജൂബിലിയാഘോഷമദ്ധ്യേ അനുസ്മരിപ്പിച്ചു.
 







All the contents on this site are copyrighted ©.