2010-12-14 08:38:42

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം


13.12.10

സഹോദരരേ, കര്‍ത്താവിന്‍റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിന്‍ എന്ന യാക്കോബ് അപ്പസ്തോലന്‍റെ ആഹ്വാനത്തിലേക്കാണ് ഈയാഴ്ചയിലെ വചനഭാഗം നമ്മെ നയിക്കുന്നത്. നമ്മുടെ പിതാക്കന്‍മാരുടെ കാലത്ത് സാധാരണമായിരുന്ന ക്ഷമയും കാത്തിരിപ്പും ഇന്ന് നമ്മുടെ കാലത്ത് പൊതുവേ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ ഇന്നത്തെ തലമുറയെ സംബന്ധിച്ച് വളരെ പ്രസക്തമാണ് ഈ ക്ഷണം. മാറ്റങ്ങളും മാറ്റങ്ങളോട് അനുരൂപപ്പെടാനുമുള്ള കഴിവും സാഹചര്യങ്ങള്‍ക്കനുസരിച്ചു വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ക്ഷമയും കാത്തിരുപ്പും എന്നും മാനവഗുണങ്ങള്‍ തന്നെയാണ്. വരാന്‍വൈകുന്ന ഒരു നന്മ നഷ്ടപ്പെടുത്താതെ കാത്തിരിക്കാന്‍, കര്‍മ്മപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളാല്‍ അതിനായി സ്വയം ഒരുങ്ങാനും നമ്മെ സഹായിക്കുന്ന ആന്തരീകമായ ദൃഢനിശ്ചയവും ആത്മബലവും നമുക്കു കൂടുതല്‍ ശക്തമാക്കാം.
തന്‍റെ ലേഖനത്തില്‍ വിശുദ്ധ യാക്കോബ് അപ്പസ്തോലന്‍ ഇപ്രകാരം രേഖപ്പെടുത്തി. “ഭൂമിയില്‍നിന്നു നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും കാത്തിരിക്കുന്നതുപോലെ നിങ്ങളും ക്ഷമയോടെ കാത്തിരിക്കുവിന്‍. ദൃഢചിത്തരായിരിക്കുവിന്‍ എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്‍റെ ആഗമനം അടുത്തുകൊണ്ടിരിക്കുന്നു”. (യാക്കോ. 5:7-8)

കൃഷിക്കാരന്‍റെ ഉപമ വളരെ അര്‍ത്ഥവത്താണ്. കൃഷിയിറക്കുന്ന വ്യക്തിക്കുമുന്നില്‍ കാത്തിരിപ്പിന്‍റെ ഏതാനും മാസങ്ങളാണുള്ളത്. എന്നാല്‍ കര്‍ഷകനറിയാം ഈ സമയത്ത് ലഭിക്കുന്ന മഴയില്‍ വിത്തുകള്‍ പാകമാകുമെന്ന്. കര്‍ഷകന്‍ ഒരു വിധിവിശ്വാസിയല്ല. വിശ്വാസവും യുക്തിയും സംയുക്തമായി സമന്വയിച്ചിരിക്കുന്ന ഒരു മനസ്ഥിതിയുടെ മാതൃകയാണ് ഒരു കര്‍ഷകന്‍ നല്‍കുന്നത്. പ്രകൃതിനിയമങ്ങള്‍ മനസിലാക്കികൊണ്ട് തന്‍റെ കടമകള്‍ വീഴ്ചകൂടാതെ നിര്‍വ്വഹിക്കുന്ന കര്‍ഷകന്‍ അതേസമയം എല്ലാം തന്‍റെ കൈകളിലല്ലെന്നും ചിലകാര്യങ്ങള്‍ പൂര്‍ണ്ണമായും ദൈവകരങ്ങളിലാണെന്ന് മനസിലാക്കികൊണ്ട് ദൈവത്തിലും ആശ്രയം വയ്ക്കുന്നു. ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടുള്ള മാനുഷീകപ്രയത്നങ്ങളുടെ സമന്വയമാണ് ക്ഷമയും കാത്തിരിപ്പും.
ദൃഢചിത്തരായിരിക്കുവാന്‍ തിരുവചനം നമ്മോടാവശ്യപ്പെടുന്നു. ഹൃദയത്തിനു ഒരു പുതുബലം നല്‍കാന്‍ നമുക്കെങ്ങനെ സാധിക്കും? ദുര്‍ബലങ്ങളായ നമ്മുടെ ഹൃദയങ്ങള്‍ക്കു പുതുബലം നല്‍‍കാന്‍ നമുക്കെങ്ങനെ സാധിക്കും പ്രത്യേകിച്ചും ഹൃദയങ്ങളെ കൂടുതല്‍ ദുര്‍ബ്ബലങ്ങളാക്കുന്ന ഒരുസംസ്ക്കാരത്തില്‍ ജീവിക്കുമ്പോള്‍! അതിനാവശ്യമായ സഹായം നമുക്കുണ്ട്, ദൈവവചനം. അതോ എല്ലാം കടന്നുപോകും ദൈവവചനം മാത്രം കടന്നുപോകില്ല. ജീവിതാനുഭവങ്ങള്‍ നമ്മെ നഷ്ടധൈര്യരാക്കിയാലും എല്ലാ ഉറപ്പും ഇളകിപോകുന്നതുപേലെ നമുക്കുതോന്നിയാലും ദിശകണ്ടുപിടിക്കാന്‍ സഹായിക്കുന്ന വടക്കുനോക്കിയന്ത്രം നമുക്കുണ്ട്, ഒഴുകി പോകാതിരിക്കാന്‍ നമ്മെ‍ സഹായിക്കുന്ന ഒരു നങ്കൂരമുണ്ട്. ഇവിടെ ദൈവനാമത്തില്‍ സംസാരിക്കാന്‍ ദൈവം നിയോഗിച്ച പ്രവാചകന്‍മാരുടെ മാതൃകയാണ് നമുക്കു നല്‍കപ്പെടുന്നത്. കര്‍ത്താവിന്‍റെ വചനത്തില്‍ പ്രവാചകന്‍ തന്‍റെ ആനന്ദവും ശക്തിയും കണ്ടെത്തുന്നു. മനുഷ്യര്‍ തെറ്റായ മാര്‍ഗങ്ങളിലൂടെ ആനന്ദം തേടുമ്പോള്‍ പ്രവാചകന്‍ നമ്മെ ഒരിക്കലും നിരാശരാക്കാത്ത യഥാര്‍ത്ഥമായ പ്രത്യാശയെക്കുറിച്ച് പ്രഘോഷിക്കുന്നു. അത് ദൈവത്തിന്‍റെ വിശ്വസ്തതയില്‍ അടിസ്ഥാനമിട്ടിരിക്കുന്നു. മാമ്മോദീസാവഴി താന്‍ സ്വീകരിച്ച പ്രവാചക മഹത്വം തിരിച്ചറിയാനും ദൈവവചനം ശ്രവിച്ചുകൊണ്ട് അതിനെ പരിപ്പോഷിപ്പിക്കാനും ഓരോ ക്രൈസ്തവനും സാധിക്കട്ടെ. കര്‍ത്താവരുള്‍ച്ചെയ്യുന്ന കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചതിനാല്‍ ഭാഗ്യവതിയെന്നു വിളിക്കപ്പെട്ട മറിയം നമ്മെ അതിനായി സഹായിക്കട്ടെ.







All the contents on this site are copyrighted ©.