2010-12-09 16:56:29

മറിയം മനുഷ്യകുലത്തിന് ആത്മവിശ്വാസത്തിന്‍റെയും
പ്രത്യാശയുടെയും സന്ദേശമെന്ന് മാര്‍പാപ്പ


9 ഡിസംമ്പര്‍ 2010
പരിശുദ്ധ കന്യകാമറിയം ഏവര്‍ക്കും ആത്മവിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അമലോത്ഭവ നാഥയുടെ തിരുനാളില്‍ റോമില്‍ പ്രസ്താവിച്ചു. ഡിസംമ്പര്‍ 8-ാം തിയതി ബുധനാഴ്ച റോമിലെ സ്പാനിഷ് ചത്വരത്തില്‍ പരിശുദ്ധ അമലോത്ഭവനാഥയുടെ തിരുനാളാഘോഷത്തിലെ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ നടത്തിയ പ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ഏകാന്തതയും ക്ലേശങ്ങളും അനുഭവിക്കുന്ന മനുഷ്യരുടെനേര്‍ക്കുള്ള മറിയത്തിന്‍റെ മാതൃസഹജമായ നോട്ടം ദൈവികമാണെന്നും,
പിതാവായ ദൈവത്തിന്‍റെ സ്നേഹ വാത്സല്യത്തോടെയാണ് മറിയം ലോകത്തെ കടാക്ഷിക്കുന്നതെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. പരിശുദ്ധ രാജ്ഞീ, എന്ന പ്രാര്‍ത്ഥനയില്‍ നാം ഉരുവിടുന്നതുപോലെ, മറിയം ഈ ലോകജീവിതത്തില്‍ നമ്മുടെ പാലകിയും നായികയുമാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
ജീവിതത്തിന്‍റെ തിക്കിലും തിരക്കിലും ദൈവം നമ്മെ ഒരോരുത്തരെയും വ്യക്തിപരമായി അറിയുകയും അവിടത്തെ പ്രകാശത്തിലേയ്ക്ക് വിളിക്കുകയും ചെയ്തിരിക്കുന്നു, എന്ന് പ്രസ്തവിച്ച മാര്‍പാപ്പ, മനുഷ്യദൃഷ്ടിയില്‍ നിസ്സാരമായത് ദൈവദൃഷ്ടിയില്‍ മഹത്തരമാണെന്ന് ഉദ്ബോധിപ്പിച്ചു. നസ്രത്തിലെ എളിയ ദാസിയെ തിരഞ്ഞെടുത്ത്, വിളിച്ച്, അവിടത്തെ കൃപകൊണ്ടു നിറച്ച ദൈവത്തിന്, തിന്മയില്‍നിന്നും നന്മ ഉളവാക്കാനും സാധിക്കുമെന്നും പ്രസ്താവിച്ചു. ദൈവത്തിന് അസാദ്ധ്യമായി യാതൊന്നുമില്ല, എന്നു വിശ്വസിച്ച മറിയത്തെപ്പോലെ ആത്മവിശ്വാസത്തോടും പ്രത്യാശയോടുംകൂടെ നമ്മുടെ ജീവതങ്ങളെ അനുദിനം മുന്നോട്ടു നയിക്കുവാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് മാര്‍പാപ്പ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു. 1854 ഡിസംമ്പര്‍ 8-ന് 9-ാം പിയൂസ് മാര്‍പാപ്പ നടത്തിയ, മറിയം ഉത്ഭവപാപമില്ലാതെ ജനിച്ചവള്‍, എന്ന വിശ്വാസപ്രഖ്യാപനത്തിന്‍റെ അനുസ്മരണയ്ക്കായിട്ടാണ് റോമിലെ സ്പാനിഷ് ചത്വരത്തില്‍, വിശ്വാസ സംഘത്തിന്‍റെ ഓഫിസിനു മുന്‍പില്‍ 50 അടി ഉയരത്തിലുള്ള അലങ്കരിച്ച ഒറ്റക്കല്‍ സ്തൂപത്തില്‍, അമലോത്ഭവനാഥയുടെ വെങ്കലത്തില്‍ തീര്‍ത്ത പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഡിസംബര്‍ 8-ാം തിയതി അമലോത്ഭവ നാഥയുടെ തിരുനാള്‍ ദിനത്തില്‍ സ്പാനിഷ് ചത്വരത്തിലെത്തി പ്രാര്‍ത്ഥിക്കുന്ന പതിവ് മാര്‍പാപ്പമാര്‍ തുടരുന്നു പോരുന്നു.







All the contents on this site are copyrighted ©.