2010-12-03 16:38:40

മനുഷ്യന്‍റെ സന്തോഷം
ദൈവികനന്മയില്‍നിന്നും


3 ഡിസംമ്പര്‍ 2010
ദൈവീക ചിന്തയില്‍ ജീവിക്കുന്നവര്‍ എന്നും സജീവരാണെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പ്രഖ്യാപിച്ചു. വത്തിക്കാനിലെ പേപ്പല്‍ ഭവനത്തിലംഗമായിരിക്കവേ നവംമ്പര്‍ 23-ാം തിയതി റോമില്‍ ഒരു കാറപകടത്തില്‍ മരണമടഞ്ഞ മാനുവേല കമാഞ്ഞിയുടെ ആത്മശാന്തിക്കായി വത്തിക്കാനിലെ പൗളൈന്‍ കപ്പേളയില്‍ ഡിസംമ്പര്‍ 1-ാം തിയതി ബുധനാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ദൈവിക നന്മയില്‍നിന്നു വരുന്നതാണ് മനുഷ്യന്‍റെ സന്തോഷമെന്നും,
ആ നന്മയിലേയ്ക്ക് തിരകെപോകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഉദ്ബോധിപ്പിച്ച മാര്‍പാപ്പ, മാനുവേലയുടെ ജീവിതത്തില്‍ ഇത് ഏറെ അന്വര്‍ത്ഥമാണെന്നു വ്യക്തമാക്കി. ദൈവത്തില്‍ നിന്നുള്ളവരാണ് നാം എന്ന ചിന്ത മങ്ങിപ്പോകുന്നത് മനുഷ്യന്‍ പാപം ചെയ്യുമ്പോഴാണെന്നും, പാപജീവിതത്തില്‍ ദൈവത്തിന്‍റെ ഓര്‍മ്മ, പാപത്തിന്‍റെ ഇരുളില്‍ മറഞ്ഞുപോകുവെന്നും പാപ്പ അനുസ്മരിപ്പിച്ചു. ദൈവത്തെ മറന്നുള്ള ഒരു ജീവിതശൈലി ഇന്നു നാം ധാരാളമായി കാണുന്നുവെന്നും, അതു മനുഷ്യന്‍റെ താല്ക്കാലിക സന്തോഷം തേടലാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. മനുവേല ഈ ലോകത്ത് ആയിരുന്നിടത്തോളംകാലം അനുദിനം ദൈവസ്മരണയില്‍ ജീവിച്ചുവെന്നും, പേപ്പല്‍ ഭവനത്തില്‍ ഒരു വിശ്വസ്ത ദാസിയായി പരസ്പര ധാരണയിലും, എല്ലാവരോടും രമ്യതയിലും സ്നേഹത്തിലും ജീവിച്ചുകൊണ്ട് മാനുവേല മാതൃകാപരമായ ജീവിതം നയിച്ചുവെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. ഇറ്റലിക്കാരിയായ മനുവേല (56 വയസ്സ്) പേപ്പല്‍ ഭവനത്തിലെ ശുശ്രൂഷയില്‍ ചേരുന്നതിനു മുന്‍പ്, 2001 വരെ സ്കൂള്‍ അദ്ധ്യപികയായിരുന്നു. മെമ്മോറെസ് ദോമീനി എന്നു പറയുന്ന സമര്‍പ്പിത സമൂഹത്തിലെ അംഗമായതിനുശേഷമാണ്, പേപ്പല്‍ ഭവനത്തിലെ സേവനത്തില്‍ പ്രവേശിച്ചത്. മാര്‍പാപ്പയുടെ രണ്ട് വൈദികരായ സെക്രട്ടറിമാര്‍ക്കൊപ്പം, സമര്‍പ്പിതരായ നാലു വനിതകള്‍, മെമ്മോറിസ് ദോമിനിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ ചേര്‍ന്നാണ് പേപ്പല്‍ ഭവനത്തിന്‍റെ ദൈനംദിന കാര്യങ്ങളില്‍ സഹായിക്കുന്നത്.







All the contents on this site are copyrighted ©.