2010-12-03 16:45:24

ദൈവത്തെ സ്നേഹിക്കുന്നവര്‍
ദൈവത്തെ അറിയുന്നു


3 ഡിസംമ്പര്‍ 2010
അറിവും സ്നേഹവും പരസ്പരം തുണയ്ക്കേണ്ടതാണെന്ന് ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ ദൈവശാസ്ത്ര പണ്ഡിതന്മാരോട് വത്തിക്കാനില്‍ പ്രസ്താവിച്ചു. ഡിസംബര്‍ 3-ാം തിയതി വെള്ളിയാഴ്ച രാവിലെ അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മിഷനിലെ അംഗങ്ങളെ തന്‍റെ അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ദൈവത്തെ സ്നേഹിക്കുന്നവരാണ് ദൈവത്തെ അറിയുന്നതെന്നും, അത് ശാസ്ത്രീയമായാലും അശാസ്ത്രീയമായാലും, അങ്ങിനെയുള്ള വ്യക്തികള്‍ക്കാണ് ദൈവത്തെ ധ്യാനിക്കുവാനും, ദൈവത്തെക്കുറിച്ച് പഠിപ്പിക്കുവാനും സാധിക്കുന്നതെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ആഴമായ ചിന്തയും പഠനവുംവഴി ദൈവത്തെക്കുറിച്ചു ലഭിക്കുന്ന ക്രൈസ്തവ ദര്‍ശനം, വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നതിനു മാത്രമല്ല, ഇതര മതസ്തരായവരോടും, അവിശ്വാസികളോടുപോലും സംവദിക്കുന്നതിന് സഹായകമാകുമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. Theo – logy, തിയോളജി, ദൈവശാസ്ത്രം എന്ന വാക്കില്‍ത്തന്നെ ദൈവത്തെ theos, വചനംവഴി logos പ്രഘോഷിക്കാനുള്ള ദൗത്യം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നവംമ്പര്‍ 29-ാം തിയതി റോമില്‍ ആരംഭിച്ച, അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മിഷന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം, ഡിസംമ്പര്‍ 3-ാം തിയതി വെള്ളിയാഴ്ച, സമാപിക്കവേയാണ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.







All the contents on this site are copyrighted ©.