2010-12-02 16:47:49

നിലനില്പിന്‍റെ പ്രത്യാശ
പ്രതീക്ഷിക്കുന്ന കുടിയേറ്റക്കാര്‍


2 ഡിസംമ്പര്‍ 2010
നിലവിലുള്ള സാമ്പത്തിക മാന്ദ്യം ആഗോളതലത്തില്‍ കുടിയേറ്റക്കാരുടെ ജീവിതഗതിയെ ഗണ്യമായി ബാധിച്ചിട്ടുണ്ടെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ കേന്ദ്രത്തിലുള്ള വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. ഡിസംമ്പര്‍ 1-ാം തിയതി ബുധനാഴ്ച കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര കൗണ്‍സിലിന്‍റെ 99-ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു
പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി. ആഗോള സാമ്പത്തിക മാന്ദ്യം സമൂഹജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ടെങ്കിലും, കുടിയേറ്റക്കാര്‍ അതുവഴി ഏറെ പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി. നിയമപരമായി രാഷ്ടങ്ങളിലുണ്ടായ കുടിയേറ്റത്തിന്‍റെ പരിധി നിര്‍ണ്ണയം, കുടേയേറ്റ നിരോധന നിയമങ്ങളും അതിര്‍ത്തി നിയന്ത്രണങ്ങളും, നവീകരിക്കാനാവാത്ത തൊഴിലനുമതി, വര്‍ദ്ധിച്ച തൊഴില്‍ മാത്സര്യവും തൊഴിലില്ലായ്മയും, അമിതമായ സുരക്ഷാനിയമങ്ങള്‍.. എന്നിവമൂലം സ്വീകരണത്തെക്കാള്‍, തിരസ്കാരത്തിന്‍റെ അനുഭവമാണ് ഇന്നു കുടിയേറ്റക്കാര്‍ വിവിധ മേഖലകളില്‍ അനുഭവിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി വ്യക്തമാക്കി. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തുന്ന ഭീഷണികള്‍ക്കതീതമായി മനുഷ്യാവകാശത്തിന്‍റെ കാഴ്ചപ്പാടില്‍ കുടിയേറ്റ പ്രതിഭാസത്തെ രാഷ്ട്രങ്ങള്‍ പരിഗണിക്കണമെന്നും, അവരോട് സഹാനുഭാവത്തോടെ പെരുമാറണമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി രാഷ്ട്രനേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
ഈ ഭൂമുഖത്ത് മനുഷ്യര്‍ക്ക് നിലനില്പിന്‍റേയും പുരോഗതിയുടേയും പ്രത്യാശ നല്കുന്ന മനോഭാവമാണ് രാഷ്ട്രങ്ങള്‍ സ്വീകരിക്കേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോട് ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.