2010-12-02 16:43:05

ദൈവംസ്നേഹം പ്രഘോഷിക്കാന്‍
വിളിക്കപ്പെട്ടവര്‍ ക്രൈസ്തവര്‍
-കര്‍ദ്ദിനാള്‍ ബര്‍ത്തോണേ


2 ഡിസംമ്പര്‍ 2010
വാക്കാലും പ്രവൃത്തിയാലും ദൈവസ്നേഹം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാള്‍ ദിനത്തില്‍ പ്രസ്താവിച്ചു. നവംമ്പര്‍ 30-ാം തിയതി കസാക്കിസ്ഥാനിലെ ആസ്താഞ്ഞായില്‍ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ നാമധേയത്തിലുള്ള ഓര്‍ത്തഡോക്സ് കത്തീദ്രല്‍ ദേവാലയത്തില്‍ തിരുനാള്‍ ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷത്തിലാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഇപ്രകാരം ആഹ്വാനംചെയ്തത്. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം കസാക്കിസ്ഥാനിലെ ഓര്‍ത്തഡോക്സ് സഭയുടെ രണ്ട് പുരാതന ദേവാലയങ്ങളിലേയ്ക്ക് തെക്കെ ഇറ്റലിയിലെ അമാല്‍ഫിയിലുള്ള
അന്ത്രയോസ് അപ്പസ്തോലന്‍റെ കത്തീദ്രല്‍ ദേവാലയത്തില്‍നിന്നും തിരുശേഷിപ്പുകളുമായിട്ടാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണേ കസാക്കിസ്ഥാനിലെത്തിയത്. സന്തോഷപൂര്‍ണ്ണമായ ഈ തിരുശേഷിപ്പു പങ്കുവയ്ക്കല്‍ ഇരുസഭകള്‍ക്കും പൊതുവായുള്ള അപ്പസ്തോലിക പൈതൃകത്തിന്‍റെയും, മാര്‍പാപ്പയ്ക്ക് അവിടത്തെ ക്രൈസ്തവ സമൂഹത്തോടുള്ള ആത്മീയ ബന്ധത്തിന്‍റെയും പ്രകടമായ അടയാളമാണെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രസ്താവിച്ചു.
അപ്പസ്തോല പ്രമുഖനായ പത്രോസിന്‍റെ സഹോദരനായ അന്ത്രയോസ്, യേശുവിന്‍റെ വിളികേട്ട ആദ്യ ശിഷ്യനായിരുന്നുവെന്നും, തന്‍റെ സഹോദരന്‍ പത്രോസിനെ ക്രിസ്തുവിന്‍റെ പക്കലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന തീക്ഷണമതിയായിരുന്നദ്ദേഹമെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രസ്താവിച്ചു.
ഓരോ ക്രൈസ്തവന്‍റെയും ക്രൈസ്തവ സമൂഹത്തിന്‍റെയും ആഴമായ അഭിലാഷങ്ങള്‍ പൂവണിയണമെങ്കില്‍, അപ്പസ്തോലന്മാരെപ്പോലെ ക്രിസ്തുവിന്‍റെ വചനത്താല്‍ പ്രചോദിതരായി മുന്നോട്ടു ചരിക്കണമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പുതിയ അപ്പസ്തോലിക പ്രബോധനം, കര്‍ത്താവിന്‍റെ വചനം Verbum Domini, 46 ഉദ്ധരിച്ചുകൊണട് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു. കസാക്കിസ്ഥാന്‍റെ തലസ്ഥാനമായ ആസ്താഞ്ഞായില്‍ അരങ്ങേറുന്ന “യൂറോപ്പിലെ വിവിധ രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും സുരക്ഷിതത്വവും സഹകരണവും” എന്ന വിഷയത്തെ അധികരിച്ചുള്ള ഉച്ചകോടി സമ്മേളനത്തില്‍ Organization for the Security and Cooperation in Europe OSCE പരിശുദ്ധ സിംഹാസനത്തിന്‍റെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണേ കസാക്കിസ്ഥാനില്‍ എത്തിയിരിക്കുന്നത്.







All the contents on this site are copyrighted ©.