2010-11-27 16:07:37

സുവിശേഷ പരിചിന്തനം - 27 നവംമ്പ‍ര്‍ 2010
സീറോബലബാര്‍ റീത്ത്
മംഗലവാര്‍ത്താക്കാലം ഒന്നാം ഞായര്‍


ലൂക്കാ 1, 5-20
സ്നാപകനെക്കുറിച്ചുള്ള പ്രവചനം

യോഹന്നാന്‍റെ ജനനവാര്‍ത്ത ദൈവം സഖറിയാ പ്രവാചകനെ അറിയിക്കുന്ന ഭാഗമണ് ഇന്നത്തെ സുവിശേഷം (ലൂക്കാ 1, 5-20). ഇസ്രായേലിന്‍റെ ദീര്‍ഘകാല പ്രതീക്ഷകള്‍ പൂവണിയിക്കാന്‍, അവരുടെ രക്ഷയ്ക്കുവേണ്ടി തന്‍റെ ഏക പുത്രനെ അയക്കുവാന്‍ തിരുമനസ്സായ ദൈവം, ക്രിസ്തുവിന്‍റെ വരവിനായി വഴിയൊരുക്കുവാനും ജനഹൃദയങ്ങളെ അനുതാപത്തിലേയ്ക്കും ജീവിത വിശുദ്ധിയിലേയക്കും ക്ഷണിക്കുവാനുമായി പ്രവാചക പ്രമുഖനും ക്രിസ്തുവിന്‍റെ മുന്നോടിയുമായി യോഹന്നാനെ അയക്കുന്നു.

ഉന്നത സ്ഥാനികരായ ഒരാള്‍ നമ്മെ സന്ദര്‍ശിക്കുവാന്‍പോകുന്നു എന്നറിഞ്ഞാല്‍, പിന്നെ നാം ഒരു ഒരുങ്ങുകയായി. ഫ്ളെക്സുകളും ബനറുകളും ഉയരുന്നു. വീഥികള്‍ അലങ്കരിക്കുന്നു. വഴികളില്‍ പരവധാനി വിരിക്കുന്നു, കൊടികളും തോരണങ്ങളും ചാര്‍ത്തുന്നു. വാദ്യഘോഷവും ബാന്‍ഡു മേളവും തയ്യാറാക്കുന്നു. ശഭളാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞ് തയ്യാറായി നില്കുന്നു. താലവും താലപ്പൊലിയുമേന്തി ജനങ്ങള്‍ അണിഞ്ഞൊരുങ്ങി നില്കുന്നു....എന്തൊരു മേളമാണ്.....
സാധാരണഗതിയില്‍ ഇത്രത്തോളം ഒരുക്കങ്ങള്‍ ഒരു മന്ത്രിയേയോ, മനുഷ്യവ്യക്തിയെ സ്വീകരിക്കാന്‍ ചെയ്യുമെങ്കില്‍..... രക്ഷകനായ ക്രിസ്തുവിന്‍റെ വരവ് അനുസ്മരിപ്പിച്ചുകൊണ്ട് ഒരു ക്രിസ്തുമസ്സ്കൂടെ നമ്മുടെ ആയുസ്സില്‍ ആസന്നമാകുമ്പ‍ോള്‍ നമുക്ക് ഒരുങ്ങാതിരിക്കാനാവുമോ, ഇല്ല. ബാഹ്യമായും ആന്തരികമായും നാം ഈ മഹോത്സവത്തിന് ഒരുങ്ങുകതന്നെ വേണം. ക്രിസ്തുമസ്സ് അലങ്കാരങ്ങളും ക്രിബ്ബുകളും ക്രിസ്തുമസ് കമ്പോളവും പലേയിടങ്ങളിലും ആരംഭിച്ചുകഴിഞ്ഞു. നമ്മെ ആത്മീയമായും ആന്തരികമായും ഒരുക്കുന്നതിന് സഭ ആഗമനകാലത്തിലേയ്ക്കു ദൈവജനത്തെ നയിക്കുന്നു. ആരാധനക്രമത്തിലെ ഈ കാലഭേദം നാം മനസ്സിലാക്കുകയും ക്രിസ്തുവിന്‍റെ വരവിനായി ഒരുങ്ങുകയും ചെയ്താല്‍, തീര്‍ച്ചയായും അതിന്‍റെ ആന്തരിക ഫലങ്ങള്‍ നമുക്കും നമ്മുടെ കുടുംബങ്ങള്‍ക്കും നമ്മോടുകൂടെയുള്ള ഏവര്‍ക്കും അനുഭവവേദ്യമാകുകതന്നെ ചെയ്യും.
...................................................
ആസന്നമായ ആഗമനകാലത്തിനൊരുക്കമായി, നവംമ്പര്‍ 27-ാം തിയതി ശനിയാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നടത്തപ്പെട്ട പ്രഥമ സായാഹ്ന പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ ഈ വര്‍ഷം പ്രത്യേകമായി ജീവനുവേണ്ടി പ്രാര്‍ത്ഥിച്ചു. പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനാമദ്ധ്യേ നടത്തപ്പെട്ട സങ്കീര്‍ത്താനാലാപനങ്ങള്‍, വചനപ്രഘോഷണം, നിശ്ശബ്ദമായ പ്രാര്‍ത്ഥന, ജീവനുവേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവയായിരുന്നു സായാഹ്നപ്രാര്‍ത്ഥനയുടെ പ്രധാന ഘടകങ്ങള്‍. അതില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ രചിച്ച ജീവനുവേണ്ടിയുള്ള പ്രാര്‍ത്ഥന ഏറെ ശ്രദ്ധേയമാണ്. മനുഷ്യചരിത്രത്തില്‍ തന്‍റെ സാന്നിദ്ധ്യം അനുഭവവേദ്യമാക്കിയ ക്രിസ്തുവിനോട് ഇന്നും മനുഷ്യര്‍ക്ക് ദൈവികജീവനില്‍ പങ്കാളിത്തം നല്കണമേ എന്നും...., പിറക്കുവാനിരിക്കുന്ന ജീവനോട് മനുഷ്യര്‍ ആദരവുകാണിക്കുവാനും, ദമ്പതിമാരുടെ സ്നേഹത്തെ വിശുദ്ധീകരിച്ച് ഫലദായകമാക്കുവാനുംവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.
ജീവനെ ആദരിക്കുവാനുള്ള മനസ്സും മനസ്സാക്ഷിയും രാഷ്ട്രനേതാക്കള്‍ക്കും, നിയമപാലകര്‍ക്കും നല്കണമേ എന്നും, ശാസ്ത്രജ്ഞന്മാരുടെയും ഭിഷഗ്വരന്മാരുടെയും ശുശ്രൂഷ എവിടെയും നീതിയിലും മനുഷ്യന്‍റെ സമഗ്രനന്മയിലും അധിഷ്ഠിതമായിരക്കണമെന്നും പാപ്പ പ്രാര്‍ത്ഥിച്ചു. ലോകത്ത് മനുഷ്യര്‍ എളിയവരും പാവങ്ങളുമായവരോട് ക്രിസ്തുവിന്‍റെ കരുണാദ്രമായ സ്നേഹം കാണിക്കുവാനും പ്രാര്‍ത്ഥിച്ച ശേഷം മാര്‍പാപ്പ ജീവന്‍റെ നാഥനായ ക്രിസ്തുവിനെ സ്വീകരിക്കാന്‍ പ്രത്യാശയോടെ തന്നെത്തന്നെ ദൈവഹിതത്തിനു സമര്‍പ്പിച്ച പരിശുദ്ധ ദിവ്യജനനിയുടെ മാദ്ധ്യസ്ഥ്യവും മാതൃസഹായവും യാചിച്ചുകൊണ്ടാണ് സായാഹ്നപ്രാര്‍ത്ഥന സമാഹരിച്ചത്. ജീവനുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്‍റെ പ്രാര്‍ത്ഥനയുടെ ചുവടുപിടിച്ച്, സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ ജീവന്‍ പരിരക്ഷിക്കപ്പെടുന്നതിനായി, ആഗോളസഭയില്‍ ആഗമനകാലത്തിന്‍റെ ആരംഭത്തില്‍ എല്ലാ സ്ഥാപനങ്ങളിലും ദേവാലയങ്ങളിലും ജാഗര പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തണമെന്ന് ഈ വര്‍ഷം, കുടുബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളോടും ഇടവകകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവന്‍റെ ദാതാവായ ദൈവപുത്രന്‍റെ ജന്മമഹോത്സവം കൊണ്ടാടുന്നതിന് ഒരുക്കമായി ഈ ലോകത്ത് ജീവനോട്, എല്ലാ മേഖലകളിലും ആദരവും സനേഹവും കൂടുതലായി ഉണ്ടാകണമെന്നാണ് ഈ ശുശ്രൂഷയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പരിശുദ്ധ പിതാവ് നമ്മോട് ആവശ്യപ്പെടുന്നത്.

ലേവീ ഗോത്രത്തില്‍പ്പെട്ടവരാണ് പഴയ നിയമത്തില്‍ പരമ്പരാഗതമായി പുരോഹിത ശുശ്രൂചെയ്തിരുന്നത്. പഴയ നിയമകാലത്ത് നിരവധി പുരോഹിതന്മാര്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കുറിയിട്ടു തിരഞ്ഞെടുക്കപ്പെടുന്ന പുരോഹിതനാണ് ശുശ്രൂഷകളും ധൂപാര്‍പ്പണവും നടത്തിയിരുന്നത്. ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ അവസരം ഒരാള്‍ക്ക് കിട്ടുക. അതിനാല്‍ തനിക്ക് കുറി കിട്ടിയപ്പോള്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ, ഹൃദയം നിറഞ്ഞ നന്ദിയോടെ സഖറിയാ ധൂപാര്‍പ്പണത്തിനായി ദൈവാലയത്തില്‍ പ്രവേശിച്ചു. അവര്‍ ദൈവതിരുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്‍റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു, എന്നാണ് വിശുദ്ധഗ്രന്ഥം സഖറിയ-എലിസബത്ത് ദമ്പതികളെപ്പറ്റി പറയുന്നത്. അങ്ങനെയുള്ള മാതൃകാപരമായ ജീവിതത്തിന് ദൈവം നല്കിയ സമ്മാനമായിട്ടാണ് തനിക്ക് കുറികിട്ടിയതെന്ന് സഖറിയാ കരുതിക്കാണും.

മക്കളില്ലാതിരിക്കുന്നത് ശാപമായിട്ടാണ് പഴയനിയമ കാലത്ത് ജനങ്ങള്‍ കരുതിപ്പോന്നത്. എലിസബത്ത് വന്ധ്യയായിരുന്നതിനാലും പ്രായാധിക്ക്യത്തിലായിരുന്നതിനാലും ഇനി ഒരു കുഞ്ഞു ജനിക്കുമെന്ന് കരുതുക അവള്‍‍ക്കു സാദ്ധ്യമായിരുന്നില്ല. ദൈവശാപത്താലാണ് മക്കളില്ലാതിരിക്കുന്നത് എന്ന വിശ്വാസത്താല്‍, ഹൃദയം നിറയെ ദുഃഖവും പേറിയാണ് സഖറിയാ പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തിയത്.
ആ ധൂപ പടലങ്ങള്‍ക്കൊപ്പം തന്‍റെ ഹൃദയത്തിന്‍റെ വ്യഥകളും സക്കറിയ ദൈവത്തിനര്‍പ്പിച്ചു. പരിപൂര്‍ണ്ണമായ വിധേയത്വത്തില്‍, ജീവിതബലിയര്‍പ്പിച്ച സഖറിയായ്ക്ക് ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. ഭയപ്പെടേണ്ടാ നിന്‍റെ പ്രാര്‍ത്ഥന ദൈവം ശ്രവിച്ചിരിക്കുന്നു. ഭാര്യ എലിസബത്തില്‍നിന്നും നിനക്ക് ഒുരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്ന് പേരിടണം, ദൈവിക കാരുണ്യം എന്നാണ് യോഹന്നാന്‍ എന്ന പേരിന്‍റെ അര്‍ത്ഥം. ദൈവാലയത്തില്‍വച്ച് പ്രാര്‍ത്ഥനാവസരത്തില്‍ തന്‍റെ ഹൃദയം ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തിയപ്പ‍ോള്‍, ദൈവം നല്കിയ പ്രത്യുത്തരമായി ഏറ്റവും സന്തോഷകരമായ ഈ വാര്‍ത്ത നമുക്കും വിശ്വാസത്തില്‍ സ്വീകരിക്കാം.

നൂറ്റാണ്ടുകളായി രക്ഷകനെ കാത്തിരുന്ന ഒരു ജനതയെ, രക്ഷകനെ സ്വീകരിക്കാനായി ഒരുക്കേണ്ടത് ആവശ്യമായിരുന്നു. രക്ഷകന്‍റെ വരവിനുവേണ്ടി പാതയൊരുക്കുവാന്‍ മുന്നോടിയായി വന്നവനാണ് സ്നാപക യോഹന്നാന്‍. കര്‍ത്താവിന്‍റെ മുന്നില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല... ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടി കര്‍ത്താവിന്‍റെ മുമ്പില്‍ അവന്‍ നടക്കും.
തലമുറകള്‍ കാതോര്‍ത്ത്, ജനകോടികള്‍ കാണാന്‍ കൊതിച്ച രക്ഷകന്‍റെ ആഗമനം അറിയിച്ചുകൊണ്ട് യോഹന്നാന്‍ വിളിച്ചുപറഞ്ഞു, കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍, അവന്‍റെ പാത നേരെയാക്കുവിന്‍. രാജാധിരാജനായ രക്ഷകന്, ലോകരക്ഷകനായ ക്രിസ്തുവിന്, വഴിയൊരുക്കിയ ജനഹൃദയങ്ങളെ അനുതാപത്തിനു ക്ഷണിച്ച യോഹന്നാന്‍ പറഞ്ഞു, അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം.

തപസ്സും പ്രായശ്ചിത്തവുംവഴി ദൈവത്തിനു പ്രീതികരമാംവിധം ജീവിച്ച യോഹന്നാന്‍ ജനത്തിന്‍റെ തെറ്റുകള്‍ക്കുനേരെ വിരല്‍ചൂണ്ടി. സഹോദരഭാര്യയെ സ്വന്തമാക്കിയ ഹേറോദേസിനോടു പറഞ്ഞു, നീ ചെയ്യുന്നത് തെറ്റാണ്. ആരുടേയും മുഖം നോക്കാതെ, ആദര്‍ശങ്ങള്‍ ബലികഴിക്കാതെ, സത്യത്തിനു സാക്ഷൃംവഹിച്ച പ്രവാചകനാണ് യോഹന്നാന്‍. തന്‍റെ വാക്കുകള്‍കൊണ്ടും ജീവിതംകൊണ്ടും ക്രിസ്തുവിന്‍റെ മുന്നോടിയും, ക്രിസ്തുവിന്‍റെ സാക്ഷിയുമായ യോഹന്നാന്‍, യോര്‍ദ്ദാന്‍ നദീതീരത്തുവച്ച് ക്രിസ്തുവിനെ ലോകത്തിനു പരിചയപ്പെടുത്തി, ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്.
ക്രിസ്തുവിലേയ്ക്ക് വിരല്‍ചൂണ്ടിക്കൊണ്ട്, എല്ലാവരെയും ക്രിസ്തുവിലേയ്ക്കാകര്‍ഷിച്ചുകൊണ്ട്, തന്‍റെ ദൗത്യം അവസാനിപ്പിച്ച് തിരശ്ശിലയ്ക്കു പിന്നില്‍ മറയുന്ന നിശ്ശബ്ദമായൊരു കഥാപാത്രമാണ് യോഹന്നാന്‍.

പഴയ നിയമത്തിലെ അപൂര്‍ണ്ണമായ ബലിയര്‍പ്പിക്കുവാന്‍ സന്തോഷവും താല്‍പര്യവും കാണിച്ച സഖറിയായെപ്പോലെ പുതിയ നിയമത്തിലെ പൂര്‍ണ്ണപരിഹാര ബലിയര്‍പ്പിക്കുവാന്‍ നമ്മെത്തന്നെ ഒരുക്കാം.. അഗ്നിയില്‍ വീഴുന്ന കുന്തുരുക്കം ധൂപമായി ഉയരുന്നതുപോലെ, നമ്മുടെ ഹൃദയത്തിന്‍റെ വേദനകളും ജീവിതത്തിന്‍റെ ദുഃഖങ്ങളും ക്ലേശങ്ങളുമെല്ലാം അള്‍ത്താരയിലെ ബലിയോടൊപ്പം ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്താം. കര്‍ത്താവിന്‍റെ ബലിയില്‍ സംബന്ധിക്കുന്നത്, കടമയെന്നതിനെക്കാള്‍ ഒരു ഭാഗ്യമായി കണക്കാക്കി, എന്നും ദൈവസന്നിധിയില്‍ ജീവിക്കാം.

ക്രിസ്തുവിനു സാക്ഷൃംവഹിച്ച യോഹന്നാന്‍റെ ജീവിതം നമുക്കു മാതൃകയാവട്ടെ. ഒരു ക്രൈസ്തവന്‍റെ ജീവിതം ക്രിസ്തുവിനുള്ള സാക്ഷൃമാണ്, ക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെ തുടര്‍ച്ചയാണ്. നമ്മിലുള്ള സ്വാര്‍ത്ഥതയെ നശിപ്പിക്കാന്‍ ത്യാഗവും പ്രായശ്ചിത്തവും ആവശ്യമാണ്. നോമ്പും ഉപവാസവുമൊക്കെ പഴഞ്ചന്‍ കാര്യങ്ങളായി തള്ളിക്കളയാതെ, കഴിവുള്ള നന്മ ദൈവസ്നേഹത്തെപ്രതി, സഹോദരങ്ങള്‍ക്കായി നന്മചെയ്യാന്‍ പരിശ്രമിക്കാം. ക്രിസ്തുവിനെ സ്വീകരിക്കുവാനുള്ള ഏറ്റവും നല്ല ഒരുക്കം പരസ്നേഹത്തില്‍ അടിയുറച്ച ജീവിതമാണ്. ദൈവസ്നേഹത്തെപ്രതി സഹോദരങ്ങള്‍ക്കായ്ചെയ്യുന്ന ഏതു നിസ്സാപ്രവൃത്തിയും ക്രിസ്തുവിനെ നമ്മുടെ ഹൃദയത്തിലേയ്ക്ക് സ്വീകരിക്കുവാനുള്ള മാര്‍ഗ്ഗമായിക്കും. പൗലോസ് അപ്പസ്തോലന്‍ പറയുന്നത്,...... സ്നേഹത്താലിന്നു നാം ചെയ്യുന്നതൊക്കെയും കൃത്യമായ് ദൈവം കുറിച്ചു വയ്ക്കും. മര്‍ത്ത്യര്‍ക്കു ചെയ്യുന്ന സേവനമോരോന്നും നിത്യസമ്മാനം പകര്‍ന്നു നല്കും, എന്നാണ്. ആഗമനകാലത്തിന്‍റെ ചൈതന്യത്തില്‍, രക്ഷകനെയും രക്ഷയെയുംപറ്റി ചിന്തിച്ചുകൊണ്ട് നമ്മുടെ അനുദിന ജീവിത ബലിയര്‍പ്പിക്കാം.
ആസന്നമാകുന്ന ക്രിസ്തുമസ്സ് മഹോത്സവത്തിനായി ഒരോദിവസവും സല്‍പ്രവൃത്തികളിലൂടെയും അനുരഞ്ജനത്തിലൂടെയും ഒരുങ്ങാം, നമ്മുടെ ജീവിതങ്ങളും സഹോദരങ്ങളുടെ ജീവിതങ്ങളും കൂടുതല്‍ സന്തോഷപൂര്‍ണ്ണമാക്കാം. End.







All the contents on this site are copyrighted ©.