2010-11-26 18:44:50

സത്യം പ്രഘോഷിക്കുക
മാധ്യമ ധര്‍മ്മമെന്ന് മാര്‍പാപ്പ


26 നവംമ്പര്‍ 2010
സധൈര്യം സത്യം പ്രഘോഷിക്കാന്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നുവെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആഹ്വാനംചെയ്തു. നവംമ്പര്‍ 26-ാം തിയതി വെള്ളിയാഴ്ച രാവിലെ ഇറ്റലിയിലെ കത്തോലിക്കാ മാസികകളുടെ സംയുക്ത സമിതിയിലെ അംഗങ്ങളുമായി (The Italian Federation of Catholic Weeklies) നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ആധുനീകയുഗത്തിനു ശേഷമുള്ള ഇന്നിന്‍റെ വെല്ലുവിളിയാണ് സത്യം പ്രഘോഷിക്കുകയെന്നും, അത് മാധ്യമ ധര്‍മ്മമാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ആനുപാതികവും സംശയാസ്പദവും ഭാഗികവുമായ സത്യാന്വേഷണം ഇന്നിന്‍റെ ശൈലിയാണെങ്കിലും, മനുഷ്യഹൃദയങ്ങള്‍ അടിസ്ഥാനമായും സമ്പൂര്‍ണ്ണ സത്യമന്വേഷിക്കുകയാണെന്നും അത് ക്രിസ്തുവാകുന്ന വ്യക്തിയില്‍ കണ്ടെത്താമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. സത്യമാകുന്ന ക്രിസ്തുവിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതുവഴി, മനുഷ്യന്‍ യഥാര്‍ത്ഥമായ സമാധാനവും സന്തോഷവും കണ്ടെത്തുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
കത്തോലിക്കാ മാസികകളിലൂടെ ചെറിയ ക്രൈസ്തവ സമൂഹങ്ങളുടെ ജീവിക്കുന്ന സുവിശേഷ മൂല്യങ്ങള്‍ ലോകത്തിന് പങ്കവച്ചുകൊണ്ട്, സമൂഹത്തിന്‍റെ ഉപ്പും ഉറവുമാകുന്നത് കത്തോലിക്കാ മാധ്യമങ്ങളുടെ ശക്തിയും ശൈലിയുമാവണമെന്ന് മാര്‍പാപ്പ ഇറ്റലിയിലെ കത്തോലിക്കാ മാസികകളുടെ സംയുക്ത സമിതിയിലെ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.
സഭയുടെ പഠനങ്ങളും പ്രവര്‍ത്തനങ്ങളും ജീവിതവും പ്രഘോഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ നിര്‍വ്വഹിക്കുന്ന പങ്കിനെ മാര്‍പാപ്പ ശ്ലാഘിച്ചു. ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതിയുടെ സെക്രട്ടറിയും, കത്തോലിക്കാ മാസികളുടെ ദേശീയ സമിതി അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് മരിയാനോ ക്രൂസെയ്ഡ് മാര്‍പാപ്പയ്ക്ക് സംഘടനയുടെ പേരില്‍ നന്ദിയര്‍പ്പിച്ചു.







All the contents on this site are copyrighted ©.