2010-11-18 20:22:06

കര്‍ദ്ദിനാളന്മാരുടെ
രൂപീകരണം ചരിത്രത്തില്‍


18 നവംമ്പര്‍ 2010
കര്‍ദ്ദിനാളന്മാര്‍ ചരിത്രത്തില്‍ മാര്‍പാപ്പയുടെ ഉപദേശകരും സഹകാരികളുമാണ്.
റോമന്‍ സഭ വളര്‍ന്നതിന്‍റെ ആദ്യകാലഘട്ടത്തില്‍ സഭയിലെ വൈദികരില്‍നിന്നും ഡീക്കന്മാരില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ സിംഹാസനത്തിന്‍റെ സഹകാരികളായിരുന്നു കര്‍ദ്ദിനാളന്മാര്‍. ആദ്യ നൂറ്റാണ്ടുകളില്‍ റോമാ രൂപതയില്‍പ്പെട്ട വൈദികര്‍ക്കുമാത്രമാണ് കര്‍ദ്ദിനാള്‍ സ്ഥാനം നല്കിയിരുന്നത്. ഓസ്തിയായിലെ മെത്രാനെ സംഘത്തിന്‍റെ തലവനായും സഭയുടെ സ്വത്തു-സമ്പത്തു കാര്യങ്ങള്‍ക്കുമായി ഒരു ചേംമ്പര്‍ലെയിനെയും നിയോഗിച്ചുകൊണ്ട് 1150-ലാണ് ആദ്യമായി കര്‍ദ്ദിനാളന്മാരുടെ സംഘം, college of cardinals രൂപീകൃതമായത്. സിക്സ്റ്റസ് 5-ാമന്‍ മാര്‍പാപ്പ 1586-ല്‍ കര്‍ദ്ദിനാള്‍ സംഘത്തെ എണ്ണത്തില്‍ 30-ഉം പ്രായപരിധിയില്‍ 70-ആയും തിട്ടപ്പെടുത്തി.
1958-ല്‍ ജോണ്‍ 23-ാം മാര്‍പാപ്പയാണ് എല്ലാ കര്‍ദ്ദിനാളന്മാരും മെത്രാന്‍ പദവിയുള്ളവരായിരിക്കുമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. കര്‍ദ്ദിനാളന്മാര്‍ വത്തിക്കാന്‍റെ വിവിധ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്നവരും, റോമിനു പുറത്തുള്ള മെത്രാന്മാരുമാകാവുന്നതാണ്.
1965-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പൗരസ്ത്യസഭകളിലെ കത്തോലിക്കാ പാത്രിയര്‍ക്കിസ്മാരെയും കര്‍ദ്ദിനാള്‍ സംഘത്തില്‍ തന്‍റെ സ്വയംഭരണാധികരത്തില്‍ ഉള്‍പ്പെടുത്തുകയും അധികാരസീമ 80 വയസ്സുവരെയെന്ന് തിട്ടപ്പെടുത്തുകയും ചെയ്തു.
80 വയസ്സോടെ ഔദ്യോഗിക സ്ഥാനത്തുനിന്നും വിരമിക്കുകയും, മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന സംഘത്തില്‍നിന്നും പുറത്താവുകയും വോട്ടവകാശം ഇല്ലാതാവുകയും ചെയ്യുന്നു. പോള്‍ ആറാമന്‍ പാപ്പ തന്നെയാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ എണ്ണം 120 എന്ന് തിട്ടപ്പെടുത്തിയത്.
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ഈ തീരുമാനത്തോടു ചേര്‍ന്നിരുന്നെങ്കിലും കര്‍ദ്ദിനാല്‍ സംഘത്തിന്‍റെ എണ്ണം തന്‍റെ വാഴ്ചയുടെ കാലത്ത് 135-ആയി ഉയര്‍ത്തിയതായി കാണുന്നു.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ, 2006-ലും 2007-ലും ഇപ്പോള്‍ 2010-ലും വിളിച്ചുകൂട്ടിയ കര്‍ദ്ദിനാള്‍ സംഘത്തില്‍ അവരുടെ എണ്ണം 120-പേരായി നിലനിര്‍ത്തിയിരിക്കുന്നു.
ഇന്ത്യയില്‍നിന്നും ഇപ്പ‍ോള്‍ ആഗോളസഭയുടെ ശുശ്രൂഷയിലുള്ള കര്‍ദ്ദിനാളന്മാര്‍ :
കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, എറണാകുളം-അങ്കമാലി അതിരൂപതാദ്ധ്യക്ഷന്‍
കര്‍ദ്ദിനാള്‍ ടെലിസ്ഫോറോ തോപ്പോ, റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍,
കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രോഷ്യസ്, മുമ്പൈ ആര്‍ച്ചുബിഷപ്പ്,
കര്‍ദ്ദിനാല്‍ ഐവാന്‍ ഡയസ്സ്, വത്തിക്കാന്‍റെ വിശ്വാസ സംഘത്തിന്‍റെ പ്രീഫെക്ട്
എന്നിവരാണ്.
കര്‍ദ്ദിനാളന്മാരുടെ പുതിയ നിയമനത്തില്‍ ഏഷ്യയില്‍നിന്നും, ശ്രീലങ്കയിലെ കൊളംമ്പോ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാല്‍ക്കം രഞ്ജിത് മാത്രമാണ്.







All the contents on this site are copyrighted ©.