2010-11-18 20:28:02

അനുമതിയില്ലാതെ മെത്രാനെ വാഴിക്കുന്നത്
വത്തിക്കാന്‍ അപലപിച്ചു


18 നവംമ്പര്‍ 2010
അനുമതികൂടാതെ ചൈനീസ് ഭരണകൂടം മെത്രാനെ വാഴിക്കുന്നത് ചൈനയുമായുള്ള വത്തിക്കാന്‍റെ ബന്ധം വഷളാക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റ‍െ ഔദ്യോഗിക വക്താവ് പ്രസ്താവിച്ചു. ചൈനയിലെ ചെങ്ങദെയില്‍ നവംമ്പര്‍ 20-ാം തിയതി ഞായറാഴ്ച മാര്‍പാപ്പ നിയമിക്കാത്ത ഒരു വൈദികനെ മെത്രാനായി വാഴിക്കാന്‍ തീരുമാനിച്ചെന്നും, പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുവാന്‍ കത്തോലിക്കാ മെത്രാന്മാരെ ഭരണകൂടം നിര്‍ബ്ബന്ധിക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നതിനോട് റോമില്‍ നവംമ്പര്‍ 18-ാം തിയതി വ്യാഴാഴ്ച, പ്രതികരിക്കുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസ് മേധാവി, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി.
വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ചൈനീസ് ഗവണ്‍മെന്‍റിന്‍റെ ഈ നടപടിയെ മതസ്വാതന്ത്ര്യത്തിന്‍റെയും മനസ്സാക്ഷിയുടെയും അടിസ്ഥാസ്വാതന്ത്ര്യത്തിന്‍റ‍െ തന്നെയും ധ്വംസനമായി സഭ കണക്കാക്കുമെന്ന് വത്തിക്കാന്‍ റേഡിയോയുടെയും ടെലിവിഷന്‍റെയും ഡയറക്ടര്‍ ജനറലായ ഫാദര്‍ ലൊമ്പോര്‍ഡി മുന്നറിയിപ്പു നല്കി.
ഫാദര്‍ ജോസഫ് ജൂനോ ജൂങ്കായിയെ മെത്രാനായി വാഴിക്കാന്‍
മാര്‍പാപ്പ അനുമതി നല്കിയിട്ടില്ലെന്നും, ഈ സംഭവ വികാസങ്ങളോടുള്ള
ചൈനീസ് ഭരണകൂടത്തിന്‍റ‍െ നിലപാട് വ്യക്തമാക്കാന്‍ സഭ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി തന്‍റെ പ്രസ്താവനയില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.