17 നവംമ്പര്‍ 2010 ഉപവി പ്രവൃത്തികളിലൂടെ യേശുവിന്‍റെ കരുണാദ്രമായ മുഖം ദൃശ്യമാക്കണമെന്ന്
നിയുക്ത കര്‍ദ്ദിനാള്‍, ആര്‍ച്ചുബിഷപ്പ് റോബര്‍ട്ട് സറാ പ്രസ്താവിച്ചു. Cor Unum- പൊന്തിഫിക്കല്‍
കൗണ്‍സിലിന്‍റെ കീഴിലുള്ള സംഘടകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ദുരിതമനുഭവിക്കുന്ന
ഹായിത്തിലെ ജനങ്ങളെ ഇനിയും പിന്‍തുണയ്ക്കുമെന്നറിയിച്ചുകൊണ്ട് നവംമ്പര്‍ 16-ാം തിയതി
ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പത്രവിജ്ഞാപനത്തിലാണ് ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള Cor
Unum- പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സറാ ഇപ്രകാരം പ്രസ്താവിച്ചത്.
നവംമ്പര്‍ 14-ം തിയതി ഞായറാഴ്ച തന്‍റെ തൃകാലപ്രാര്‍ത്ഥനയെ തുടര്‍ന്നുള്ള പ്രഭാഷണത്തില്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നടത്തിയ ഹായ്ത്തിയെക്കുറിച്ചുള്ള പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ടാണ്
ആര്‍ച്ചുബിഷപ്പ് സാറാ ഈ വിജ്ഞാപനം പുറത്തിറക്കിയത്. 3 ലക്ഷത്തോളം പേരുടെ ജീവനപഹരിച്ച
2010 ജനുവരി 12-ാം തിയതി ഹായിത്തിലുണ്ടായ ഭീകരഭൂകമ്പത്തിന്‍റെ കെടുതിയില്‍നിന്നും ആവിടത്തെ
ജനങ്ങള്‍ ഇനിയും വിമുക്തരായിട്ടില്ലെന്നും, തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന പേമാരിയില്‍നിന്നുമുണ്ടാകുന്ന
കോളറാ രോഗംമൂലവും ആയിരങ്ങളാണ് ഇപ്പോഴും ഹായിത്തിയില്‍ മരണമടയുന്നതെന്ന് നിയുക്തകര്‍ദ്ദിനാള്‍
ആര്‍ച്ചുബിഷപ്പ് സറാ ചൂണ്ടിക്കാട്ടി. പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന
സംഘടനാ പ്രതിനിധികള്‍ക്കായി പോളണ്ടിലെ പ്രശസ്തമായ ചെസ്റ്റോചോവ്വാ മരിയന്‍ തീര്‍ത്ഥാടന
കേന്ദ്രത്തില്‍വച്ച് നവംമ്പര്‍ 29-ാം തിയതി മുതല്‍ ഡിസംമ്പര്‍ 3-ാം തിയതിവരെയും ഒരു ആത്മീയധ്യാനം
സംഘടിപ്പിച്ചിരിക്കുന്നതായും കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ്
റോബര്‍ട്ട് സറാ തന്‍റെ വിജ്ഞാപനത്തില്‍ അറിയിച്ചു.