2010-11-10 19:14:07

ക്രൈസ്തവൈക്യശ്രമത്തിന്
50 വയസ്സ്


10 നവംമ്പര്‍ 2010
ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍,
സംവാദത്തിന്‍റെ പാതയില്‍ വീണ്ടും പുതിയ കാല്‍വയ്പ്പിലേയ്ക്കെന്ന്, ആര്‍ച്ചുബിഷപ്പ് കേര്‍ട്ട് കോച്ച് വത്തിക്കാനില്‍ പ്രസ്താവിച്ചു.
2010 നവംമ്പര്‍ മാസത്തില്‍ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അതിന്‍റെ സ്ഥാപനത്തിന്‍റെ 50-ാം വാര്‍ഷികം ആചരിക്കുവാന്‍ ഒരുങ്ങുന്നതിനോടനുബന്ധിച്ചിറക്കിയ
വാര്‍ത്താ വിജ്ഞാപനത്തിലാണ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്,
ആര്‍ച്ചുബിഷപ്പ് കേര്‍ട്ട് കോച്ച് ഇപ്രകാരം പ്രസ്താവിച്ചത്.
നവംമ്പര്‍ 15-മുതല്‍ 19-വരെ തിയതികളില്‍ റോമില്‍വച്ചു നടത്തപ്പെടുന്ന കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തോടനുബന്ധിച്ചായിരിക്കും 50-ാം വാര്‍ഷിക പരിപാടികളും ഒരുക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് കേര്‍ട്ട് കോച്ച് വെളിപ്പെടുത്തി. 1960 ജൂണ്‍ 5-ാം തിയതി പെന്തക്കോസ്താ മഹോത്സവത്തില്‍, വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ പാപ്പ, Superno Dei Nutu എന്ന motu proprio സ്വാധികാരപ്രഖ്യാപനത്തിലൂടെയാണ് ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കുവേണ്ടി ഒരു കാര്യാലയം, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനൊരുക്കമായുള്ള പതിനൊന്നു കമ്മിഷനുകള്‍ക്കൊപ്പം, വത്തിക്കാനില്‍ ഔദ്യോഗികമായി ആരംഭിച്ചത്. പിന്നീട് 1988-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ Pastor Bonus എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ, വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന ഈ കാര്യാലയത്തെ ഒരു പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പദവിയിലേയ്ക്ക് ഉയര്‍ത്തി.
ആഗോളതലത്തില്‍ വിവിധ ക്രൈസ്തവസഭകളും സമൂഹങ്ങളും തമ്മില്‍ സംവാദത്തിലൂടെ ഐക്യത്തിന്‍റെ പാതയില്‍ മുന്നേറുവാനും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുവാനും കൗണ്‍സിലിന് സാധിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് കോച്ച് വിജ്ഞാപനത്തില്‍ പ്രസ്താവിച്ചു. സ്ഥാപനാള്‍മുതല്‍ ഇന്നുവരെയ്ക്കും ക്രൈസ്തവൈക്യ ശ്രമങ്ങളുടെ മേഖലയില്‍ ഈ കൗണ്‍സില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ക്ക് ദൈവത്തിനു നന്ദിപറയുന്നതോടൊപ്പം, ക്രിസ്തു വിഭാവനംചെയ്ത സമ്പൂര്‍ണ്ണ ഐക്യത്തിന്‍റെ ദര്‍ശനത്തില്‍ എത്തിച്ചേരുവാന്‍ പ്രത്യാശയോടെ ഇനിയും പരിശ്രമിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് കോച്ച് വ്യക്തമാക്കി.







All the contents on this site are copyrighted ©.