2010-11-10 18:31:07

ഇന്‍റെര്‍പോളില്‍
വത്തിക്കാന്‍ പ്രതിനിധി


10 നവംമ്പര്‍ 2010
കുറ്റകൃത്യങ്ങള്‍ ഇല്ലായ്മചെയ്യാന്‍ സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചുകൊണ്ട് ആഗോളതലത്തില്‍ നന്മ വളര്‍ത്തണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി ഇന്‍റെര്‍പോളിന്‍റെ ഖത്തറില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രസ്താവിച്ചു.
ഖത്തറില്‍ നവംമ്പര്‍ 8-മുതല്‍ 11-വരെ നടക്കുന്ന INTERPOL-ന്‍റെ 79-ാമത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ ജനറല്‍ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് കാര്‍ലോ വിഗനോ.
കുറ്റക്കാരെ കണ്ടെത്തുന്നതില്‍ ആഗോളതലത്തില്‍ ഇന്‍റെര്‍പോള്‍ ചെയ്യുന്ന സേവനങ്ങള്‍ക്കൊപ്പം ഭൂകമ്പം, സുനാമി, പേമാരി തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളിലും മനുഷ്യസാഹയത്തിനെത്തുന്ന ഇന്‍റെര്‍പോളിന്‍റെ പ്രവര്‍ത്തനങ്ങളെ ആര്‍ച്ചുബിഷപ്പ് വിഗനോ അഭിനന്ദിച്ചു.
സമാധാനത്തിനും നീതിക്കും മനുഷ്യാന്തസ്സിനുംവേണ്ടി ആഗോളതലത്തിലുള്ള പരിശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സമര്‍പ്പണബോധത്തോടെ സംഘടന ഇനിയും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
ആഗോള മനുഷ്യാവകാശ നയപ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ച്,
മനുഷ്യന്‍റെ അടിസ്ഥാനാവശ്യങ്ങളായ
ജീവന്‍റെ പരിരക്ഷണത്തിനും, മതസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ കത്തോലിക്കാ സഭ മുന്‍പന്തിയില്‍ നില്ക്കുമെന്നും ആര്‍ച്ചുബിഷപ്പ് വിഗനോ സമ്മേളത്തില്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.