2010-11-07 13:46:41

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിന്‍റെ വിവരണം


07.11.10


ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പതിനെട്ടാമത് വിദേശ അപ്പോസ്തോലപര്യടനമാണ് വരുന്ന ശനി. ഞായര്‍ ദിവസങ്ങളില്‍ അദ്ദേഹം സ്പെയിനില്‍ നടത്തിയ പര്യടനം. സന്തിയാഗോ ദി കംപോസ്തെല്ലാ, ബാര്‍സെലോണ എന്നീ പട്ടണങ്ങള്‍ക്കാണ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഇത്തവണ ഭാഗ്യം ലഭിച്ചത്.

നവംബര്‍ ആറാം തിയതി ശനിയാഴ്ച രാവിലെ സ്പെയിനിലെ സാന്തിയാഗോ പട്ടണത്തിലെത്തിയ മാര്‍പാപ്പയെ ഊഷ്മളമായ വരവേല്‍പ്പോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ആ പട്ടണത്തിലെ പ്രധാന പരിപാടികള്‍ എയര്‍പോട്ടിലെ ഔദ്യോഗീക സ്വീകരണവും സന്തിയാഗോ ദി കംപോസ്റ്റെല്ലാ കത്തിഡ്രല്‍ സന്ദര്‍ശനവും, കത്തീഡ്രല്‍ ചത്വരത്തിലെ സാഘോഷ സമൂഹദിവ്യ ബലിയുമായിരുന്നു.

ശനിയാഴ്ച വൈകുന്നേരം സന്തിയാഗോദി കംപോസ്റ്റെല്ലാ കത്തിഡ്രല്‍ദേവാലയത്തിനഭിമുഖമായുള്ള ചത്വരത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പ‍െട്ട ദിവ്യബലിയില്‍ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്. പ്ലാസാ ദെ ഒബറാദോറിയോ അഥവാ തൊഴിലാളികളുടെ ചത്വരം എന്നറിയപ്പെടുന്ന ഈ ചത്വരത്തില്‍ ഏകദേശം എണ്ണായിരത്തോളം പേരെ ഉള്‍ക്കൊള്ളാനാകും. ഈ ചത്വരത്തിലും സമീപത്തുള്ള മറ്റു ചത്വരങ്ങളിലുമായി ഏകദേശം പതിനായിരത്തോളം പേരാണ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മീകത്വത്തിലര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ പങ്കെടുത്തത്.
ഏകദേശം നാലുമണിയോടെ തൊഴിലാളികളുടെ ചത്വരത്തിലെത്തച്ചേര്‍ന്ന പേപ്പല്‍ വാഹനം മാര്‍പാപ്പയെയും കൊണ്ട് ജനമധ്യത്തിലൂടെ സങ്കീര്‍ത്തിയിലേക്ക് നീങ്ങവെ ചത്വരത്തില്‍ തിങ്ങിക്കൂടിയിരുന്ന ജനങ്ങള്‍ കരഘോഷത്തോടെയും, ആനന്ദാര്‍പ്പുവിളികളോടെയും പേപ്പല്‍ ഗീതകങ്ങളോടെയും അവരുടെ ആനന്ദം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.വൈകുന്നേരം നാല് മുപ്പതിനായിരുന്നു ദിവ്യബലി. വിശുദ്ധകുര്‍ബാനയുടെ ആരംഭത്തില്‍ സന്തിയാഗോദി കംപോസ്റ്റെല്ലാ അതിരൂപതാധ്യകഷന്‍ ആര്‍ച്ച് ബിഷപ്പ് ബാരിയോ ബാരിയോ മാര്‍പാപ്പയ്ക്ക് അതിരൂപതയിലെയും ഗലീഷ്യന്‍ പ്രദേശത്തിലെയും സ്പെയിനിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ സ്വാഗതമേകി.

ന മത്തായിയുടെ സുവിശേഷം 20ാം അദ്ധ്യായം 20 മുതല്‍ 28 വരെയുളള വാക്യങ്ങളായിരുന്നു സുവിശേഷഭാഗം. സുവിശേഷവായനയെ തുടര്‍ന്ന് മാര്‍പാപ്പ വചന പ്രഘോഷണം നടത്തി. മാര്‍പാപ്പയുടെ അപ്പസ്തോലീകാശിര്‍വാദത്തോടെ ദിവ്യബലി സമാപിച്ചു.

ദിവ്യബലിക്കുശേഷം സങ്കീര്‍ത്തിയിലേക്കു മടങ്ങിയെത്തിയ മാര്‍പാപ്പ അവിടെവച്ച് സ്പെയിനിലെ പ്രതിപക്ഷനേതാവ് മരിനോ റാഹോയ് ബ്രേയുമായി ഒരു സ്വകാര്യ കൂടികാഴ്ച നടത്തി. Partido Popular പോപുലര്‍ പാര്‍ട്ടി അദ്ധ്യക്ഷനും ഇപ്പോള്‍ ദേശീയ പ്രതിപക്ഷ നേതാവുമായ മരിനോ റാഹോയ് സന്തിയാഗോ ദി കംപോസ്റ്റെല്ലാ സ്വദേശിയാണ്.

തുടര്‍ന്ന് അവിടെനിന്ന് 10 കീ.മി. ദൂരെയുളള വിമാനത്താവളത്തിലേക്ക് യാത്രയായ മാര്‍പാപ്പ ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ സന്തിയാഗോ ദി കംപോസ്റ്റെല്ലാ പട്ടണത്തോട് വിടപറഞ്ഞു. ആ പട്ടണത്തില്‍ നിന്നു 884 കീ.മി. ദൂരെയുളള ബാര്‍സലോണെ പട്ടണത്തിലേക്കായിരുന്നു മാര്‍പാപ്പയുടെ യാത്ര. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ ബാര്‍സലോണയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തച്ചേര്‍ന്ന മാര്‍പാപ്പയെ രാഷ്ട്രാധികാരികളുടെയും സഭാധികാരികളുടെയും ഒരു പ്രതിനിധി സംഘം ഔപചാരികതയൊന്നും കൂടാതെയാണ് സ്വീകരിച്ചത്. അവിടെനിന്നും ബാര്‍സലോണയിലെ അതിരൂപതാസ്ഥാനത്തേക്കാണ് മാര്‍പാപ്പ യാത്രയായത്. എയര്‍പ്പോട്ടില്‍നിന്നും 15 കീ.മി. ദൂരം കാറിലാണ് മാര്‍പാപ്പ സഞ്ചരിച്ചത്. അതിരൂപതാസ്ഥാനത്ത് മാര്‍പാപ്പ ശനിയാഴ്ച രാത്രി ചിലവഴിച്ചു.







All the contents on this site are copyrighted ©.