2010-11-06 19:06:50

വിശ്വാസ തീര്‍ത്ഥാടനംവഴി
ദൈവമക്കളായിത്തിരുന്നു...മാര്‍പാപ്പ


06 നവംമ്പര്‍ 2010
സ്പെയിനിലെ അന്തര്‍ദേശിയ വിമാനത്താവളത്തില്‍ നവംമ്പര്‍ 6-ാം തിയതി ശനിയാഴ്ച രാവിലെ നടന്ന സ്വീകരണച്ചടങ്ങുകള്‍ക്കുശേഷം മാര്‍പാപ്പ പ്രത്യേക കവചിത വാഹനത്തില്‍ ഔദ്യോഗിക അകമ്പടികളോടെ 10 കിലോമീറ്റര്‍ അകലെയുള്ള സാന്തിയാഗോ ദി കമ്പസ്തോലായിലെ വിശുദ്ധ യാക്കോശ്ലീഹായുടെ കത്തീദ്രല്‍ ദേവാലയത്തിലേയ്ക്ക് പുറപ്പെട്ടു. ക്രിസ്തു തിരഞ്ഞെടുത്ത 12 അപ്പസ്തോലന്മാരില്‍ ഒരാളും സ്പെയിനിന്‍റെ മദ്ധ്യസ്ഥനുമായി വിശുദ്ധ യാക്കോസ്ലീഹായുടെ ഭൗതീകാവശിഷ്ഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ദേവാലയം 10-ാം നൂറ്റാണ്ടുമുതലേ തീര്‍ത്ഥാടനത്തിന് വിഖ്യാതമാണ്. ആദ്യം നോര്‍മന്സിന്‍റെയും പിന്നീട് തുര്‍ക്കികളുടേയും ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട ഈ ദേവാലയും 11-ാം നൂറ്റാണ്ടില്‍ സ്പെയിനിലെ രാജകുലത്തിന്‍റെ പ്രത്യേക ശ്രദ്ധയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു.
12-ാം നൂറ്റാണ്ടില്‍ ഉണ്ടായ പുരുദ്ധാരണത്തോടെ തീര്‍ത്ഥാടന വഴികളും ആചാരങ്ങളും ആരംഭിക്കുകയും യൂറോപ്പുമുഴുവനും സാന്തിയാഗോയിലേയ്ക്കുള്ള തീര്‍ത്ഥാടനം പ്രശസ്തമാവുകയും ചെയ്തു.
അമ്പരചുമ്പികളായ ദേവാലയത്തിന്‍റെ ഉത്തുംഗ ശൃംഗങ്ങളും തീര്‍ത്ഥാടകര്‍ ആശ്ലേഷിച്ചു വണങ്ങുന്ന യാക്കോശ്ലീഹായുടെ വെങ്കലപ്രതിമയും വിശുദ്ധന്‍റെ ഭൗതീകാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെങ്കലപേടകവും തീര്‍ത്ഥാടകരുടെ അവിടത്തെ പ്രത്യേക ആകര്‍ഷണങ്ങളാണ്.
സാന്തിയാഗോയിലെ തീര്‍ത്ഥാടന വഴികളില്‍ തിങ്ങിനിന്ന ആയിരക്കണക്കിന് വിശ്വാസികളുടെയും തീര്‍ത്ഥാടകരുടെയും മദ്ധ്യത്തിലൂടെ പേപ്പല്‍ വാഹനം ദേവാലയത്തിലേയ്ക്കു നീങ്ങി. മാര്‍പാപ്പ വാഹനത്തില്‍ നിന്നുകൊണ്ട് കരങ്ങളുടര്‍ത്തി ഇരുഭാഗത്തും തിങ്ങിക്കുടി നിന്ന ജനങ്ങളെ ആശിര്‍വ്വദിക്കുകയും അഭവാദ്യംചെയ്യുകയും ചെയ്തുകൊണ്ട് ദേവാലയങ്കണത്തിലെത്തിയ പാപ്പായെ ഇടവകസമൂഹം ഒന്നുചേര്‍ന്ന് ചത്വരത്തില്‍വച്ച് സ്വീകരിച്ച്, ദേവാലയത്തിലേയ്ക്കാനയിച്ചു.

തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ പടവുകള്‍ നടന്നു കയറിയ പാപ്പ, പ്രധാനാള്‍ത്താരയില്‍ പരിശുദ്ധ കര്‍ബ്ബാനയുടെ മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ശേഷം, വിശുദ്ധ യാക്കോശ്ലീഹായുടെ ശവകുടീരത്തിങ്കലും അല്പസമയം മൗനമായി പ്രാര്‍ത്ഥിച്ചു. തീര്‍ത്ഥാടകര്‍ക്കു പതിവുള്ള ശ്ലീഹായുടെ വെങ്കലപ്രതിമ ഒരു വിശ്വാസ തീര്‍ത്ഥാടകനായി മാര്‍പാപ്പയും വണങ്ങി ആശ്ലേഷിച്ചു. തുടര്‍ന്ന് പ്രധാന അള്‍ത്താരയുടെ പീഢത്തില്‍നിന്നുകൊണ്ട് മാര്‍പാപ്പ വിശ്വാസ സമൂഹത്തെ അഭിസംബോധനചെയ്തു.
വിശുദ്ധ വര്‍ഷവും യാക്കോശ്ലീഹായുടെ ഭവനത്തിന്‍റെ 800-ാം വാര്‍ഷികവും സംയുക്തമായി ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഒരു വിശ്വാസ തീര്‍ത്ഥാടകനായിട്ടാണ് ഞാന്‍ ഇവിടെ നില്ക്കുന്നത്. നിങ്ങളുടെ വിശ്വസത്തെ ബലപ്പെടുത്തുവാനും, പ്രത്യാശ പകരുവാനും വിശുദ്ധന്‍റെ മാദ്ധ്യസ്ഥത്താല്‍ സുവിശേഷമൂല്യങ്ങളില്‍ അടിയുറച്ചു ജീവിക്കുവാനും, ജീവിത ക്ലേശങ്ങളും യാതനകളും ലഘൂകരിക്കപ്പെടാനും ഇടയാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുവാനുമാണ് ഞാന്‍ ഇവിടെ നില്ക്കുന്നത്. വിശുദ്ധന്‍റെ തിരുസ്വരൂപം ആശ്ലേഷിച്ചു പ്രാര്‍ത്ഥിച്ച അവസരത്തില്‍, ദൈവിക ഐക്യത്തില്‍ ഒന്നായിരിക്കുന്ന എല്ലാ സഭാമക്കള്‍ക്കുംവേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിച്ചു. വിശ്വസത്തിലൂടെ നാം പരിശുദ്ധ ത്രിത്വത്തിന്‍റെ മൗതികരഹസ്യത്തിലേയ്ക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നാം ദൈവസ്നേഹത്താല്‍ ആശ്ലേഷിക്കപ്പെടുന്നുണ്ട്. സഭ ഈ ഭൂമിയിലെ ദൈവീകൈക്യത്തിന്‍റെയും ആശ്ലേഷത്തിന്‍റെയും പ്രതീകമാണ്.
അങ്ങനെ നാം വിശ്വാസ തീര്‍ത്ഥാടനംവഴി ദൈവമക്കളാണെന്ന ബോധ്യത്തോടെ അനുദിനം ദൈവസ്നഹത്തില്‍ ജീവിക്കുവാനും വളരുവാനും ഇടയാവട്ടെ.ദൈവമഹത്വവും സഹോദരസ്നേഹവും ഇനിയും ഇവിടെ വളര്‍ന്ന് സമൃദ്ധമാവട്ടെയെന്ന് യാക്കോശ്ലായുടെ മദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ….
എന്നു പറഞ്ഞ് തന്‍റെ വാക്കുകള്‍ ഉപസംഹരിച്ച മാര്‍പാപ്പ,പരമ്പാരഗതമായി വിശുദ്ധ യാക്കോസ്ലീഹായുടെ നാമത്തില്‍ തീര്‍ത്ഥാടകര്‍ നടത്താറുള്ള ധൂപാര്‍പ്പണവും നടത്തി.







All the contents on this site are copyrighted ©.