2010-11-06 18:48:25

നവീകരണത്തിനു ക്ഷണിക്കുന്ന
യാക്കോശ്ലീഹായുടെ ആത്മീയ സാന്നിദ്ധ്യം


06 നവംമ്പര്‍ 2010
സ്പെയിന്‍റെ മണ്ണില്‍ ഒരു തീര്‍ത്ഥാടകനായി ആദ്യവും, എന്നാല്‍ മാര്‍പാപ്പായെന്ന നിലയില്‍ രണ്ടാമതും എത്തുന്ന ബനഡിക്ട് 16-ാമന്‍ സ്പെയിനിലെ സന്തിയാഗോ ദി കമ്പൊസ്തെല്ലാ അന്തര്‍ദേശിയ വിമാനത്താവളത്തില്‍വച്ച് തന്‍റെ അപ്പസ്തോലിക പര്യടനത്തിന്‍റെ പ്രഥമ പ്രഭാഷണം നടത്തി. ഹ്രസ്വമെങ്കിലും സമഗ്രവും തീക്ഷ്ണവുമായ തന്‍റെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനുവേണ്ട ക്ലേശകരമായ എല്ലാ ക്രമീകരണങ്ങളും നടത്തിയ രാഷ്ട്രാധികാരികളോടും സഭാധികാരികാളികളോടും ജനങ്ങളോടും തനിക്കുള്ള നന്ദിയും കടപ്പാടും ആദ്യമായി അറിയിച്ചുകൊണ്ടാണ് മാര്‍പാപ്പ ആരംഭിച്ചത്.
തന്‍റെ അസ്ഥിത്വത്തിന്‍റെ സത്തയില്‍ മനുഷ്യനെന്നും ഒരു സത്യാന്വേഷിയായ തീര്‍ത്ഥാടകനാണ്. മനുഷ്യചേതനയുടെ ഈ ലക്ഷൃ പൂര്‍ത്തീകരണത്തിനായി ജീവിതപാതയില്‍ മനുഷ്യകുലത്തെ എന്നും അനുധാവനം ചെയ്യുക എന്നതുതന്നെയാണ് സഭയുടെയും നിയതമായ ലക്ഷൃം. സ്നേഹത്തിലും ശരണത്തിലും വിശ്വാസത്തിലും ഊന്നിനിന്നുകൊണ്ട് ഈ ലോകത്ത് ക്രിസ്തുവിന്‍റെ സുതാര്യമായ സാക്ഷൃമേകുവാന്‍ സഭ ആഗ്രഹിക്കുന്നു.
ഈ ലോകത്ത് എല്ലാ സ്ത്രീ-പുരുഷന്മാരുടെയും ഇടയില്‍, “നമ്മുടെ ജീവിതത്തിന്‍റെ ഉറവിടവും,....ജ്ഞാനവും, നീതിയും വിശുദ്ധീകരണവും പരിത്രാണവും ആയിരിക്കുന്ന...” 1Cor.1, 30 ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം കൂടുതലായി അനുഭവവേദ്യമാക്കുകയെന്നത്, സഭയുടെ ഇന്നത്തെ ലക്ഷൃവും മാര്‍ഗ്ഗവുമാണ്. തന്‍റെ സഹോദരങ്ങളെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനു തന്നെയാണ് ഈ അപ്പസ്തോലിക തീര്‍ത്ഥാടനം നടത്തുന്നതെന്നും മര്‍പാപ്പ വെളിപ്പെടുത്തി. പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ പ്രകടമാക്കുന്നതുപോലെയുള്ള അതേ തീക്ഷ്ണതയാണ് Rom.15, 22-29 സ്പെയിനിലേയ്ക്കു വരുവാന്‍ തനിക്കു പ്രചോദനമായതെന്നും മാര്‍പാപ്പ വ്യക്തമാക്കി. സ്പെയിനിന്‍റേയും യൂറോപ്പിന്‍റെയും വിവിധ ഭാഗങ്ങളില്‍നിന്നു മാത്രമല്ല, ലോകത്തിന്‍റെതന്നെ നാനാഭാഗങ്ങളില്‍നിന്നും തീര്‍ത്ഥാടകരായി വിശുദ്ധ യാക്കോസ്ലീഹായുടെ സന്നിധിയിലെത്തി, അദ്ദേഹത്തിന്‍റെ വിശ്വാസ മാതൃകയാല്‍ രൂപാന്തരപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്തിട്ടുള്ളവര്‍ നിരവധിയാണ്.
അങ്ങിനെയുള്ളവര്‍ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ പ്രത്യാശയാല്‍ നിറഞ്ഞ് സംസ്കാരത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും, കാരുണ്യത്തിന്‍റെയും, അനുതാപത്തിന്‍റെയും പാതയില്‍ വളര്‍ന്ന് ഈ മണ്ണില്‍ നിരവധി ദേവാലയങ്ങളും ആശുപത്രികളും സത്രങ്ങളും, ആശ്രമങ്ങളും, പാലങ്ങള്‍പോലും പണിയുവാന്‍ ഇടയാക്കി. അങ്ങിനെയാണ് യൂറോപ്പ് സുവിശേഷത്തിന്‍റെ മങ്ങാത്ത പ്രഭയില്‍ ആത്മീയതയുടെ ഒരു ശ്രീരൂപമായുയര്‍ന്നത്.

ക്രിസ്തീയതയുടെ ഉദയത്തില്‍ത്തന്നെ വിതയ്ക്കപ്പെട്ട വിശ്വസവിത്ത് വളര്‍ന്നു പന്തലിച്ച്, നിരവധി ആശ്രമങ്ങളും വിദ്യാലയങ്ങളും സാംസ്കാരികകേന്ദ്രങ്ങളും ഉയര്‍ന്നു നില്ക്കുന്ന ബാര്‍സലേണാ പട്ടണത്തിലേയ്ക്കാണ്, ആത്മീയതയുടെ ഊഷ്മളതയും ഊര്‍ജ്ജസ്വലതയുമുള്ള ആ സമൂഹത്തിലേയ്ക്കാണ് ഒരു സുവിശേഷദൂതനും സാക്ഷിയുമായി ഞാന്‍ വരികയാണ്. ബാര്‍സലോണായിലെ ബ്രഹ്മാണ്ഡമായ തിരുക്കുടുംമ്പാലയം ബസിലിക്കായായി ഉയര്‍ത്തപ്പെടുമ്പോല്‍, ദൈവത്തിങ്കലേയ്ക്കുള്ള മനുഷ്യന്‍റെ ആത്മീയ തുറവു പ്രതിഫലിപ്പിക്കുന്ന ഒരു ശ്രീകോവിലായി അതു ചരിത്രത്തില്‍ ഉയര്‍ന്നു നില്ക്കുമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. സത്യത്തിലും നീതിയിലുമധിഷ്ഠിതമായ ഭൗതിമ പുരോഗതിമാത്രമല്ല, ആത്മീയവുമായ പുരോഗതി ലക്ഷൃമാക്കി വളരുവാന്‍ സ്പെയ്നിനും യൂറോപ്പിനു മൊത്തമായും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് മാര്‍പാപ്പ തന്‍റെ സ്പെയിന്‍ സന്ദര്‍ശനത്തിന്‍റെ പ്രഥമ സന്ദേശം ഉപസംഹരിച്ചു.
വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങുകള്‍ക്കു ശേഷം മാര്‍പാപ്പ പ്രത്യേക കവചിത വാഹനത്തില്‍ ഔദ്യോഗിക അകമ്പടികളോടെ 10 കിലോമീറ്റര്‍ അകലെയുള്ള സാന്തിയാഗോ കമ്പസ്തോലാ കത്തീദ്രല്‍ ദേവാലയത്തിലേയ്ക്ക് പുറപ്പെട്ടു.







All the contents on this site are copyrighted ©.