2010-11-04 20:03:59

സഹോദരസ്നേഹം
നിത്യതയുടെ മാനദണ്ഡം


04 നവംമ്പര്‍ 2010
സ്നേഹത്തിന്‍റെ അണുശക്തിക്ക് നശീകരണത്തിന്‍റെ വന്‍ശക്തിയെക്കാള്‍ ക്രിയാത്മകമായ കരുത്തുണ്ടെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പരേതരുടെ അനുസ്മരണ ബലിയില്‍ പ്രസ്താവിച്ചു. നവംമ്പര്‍ 4-ാം തിയതി വ്യാഴാഴ്ച രാവിലെ, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പരേതരായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുംവേണ്ടി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചന പ്രഘോഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനംചെയ്തത്.
നമുക്കു മുന്നേ കടന്നുപോയവരോടുള്ള നന്ദിയുടെ പ്രകടനമാണ് അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ എന്നു പറഞ്ഞ മാര്‍പാപ്പ, വിശുദ്ധ യോഹന്നാന്‍റെ സുവിശേഷ ഭാഗത്തുനിന്ന് തുടര്‍ന്നുള്ള ചിന്തകള്‍ പങ്കുവച്ചു.
തന്‍റെ തിരുക്കുമാരനെ ലോകത്തിനു നല്കിയ ദൈവം, ലോകത്തെ ഭരിക്കുകയല്ല ചെയ്തത്, മറിച്ച് അവിടത്തെ സ്നേഹം ക്രിസ്തുവിലൂടെ മനുഷ്യന് കലവറയില്ലാതെ നല്കുകയാണ് ചെയ്തതെന്ന് ഉദ്ബോധിപ്പിച്ചു.
ക്രിസ്തുവിലുള്ള വിശ്വാസംവഴി ഈ ലോകജീവിതത്തില്‍ പ്രകടമാക്കുന്ന സഹോദരസ്നേഹമാണ് നിത്യതയില്‍ ദൈവസ്നേഹത്തിന്‍റെ പൂര്‍ണ്ണിമയായി അനുഭവവേദ്യമാകുകയെന്ന്, സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവില്‍ നാം അര്‍പ്പിക്കുന്ന സമൃദ്ധമായ വിശ്വാസംവഴി ദൈവസ്നേഹത്തിന്‍റെ മുഖകാന്തി നാം ഈ ലോകജീവിതത്തില്‍ തന്നെ ദര്‍ശിക്കുകയും അത് പരലോകജീവിതത്തിന് നമുക്കു നിദാനമാകുമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.