2010-11-04 20:13:33

സമൂഹ്യപ്രബോധനങ്ങള്‍ കൂടുതല്‍
പ്രചരിപ്പിക്കണമെന്ന് മാര്‍പാപ്പ


04 നവംമ്പര്‍ 2010
സഭയുടെ സമൂഹ്യപ്രബോധനങ്ങള്‍ പരമ്പരാഗത ക്രൈസ്തവ പഠനരീതികള്‍ക്കുമപ്പുറം, ആധുനിക മാധ്യമങ്ങളിലൂടെയും യൂണിവേഴ്സിറ്റികളിലൂടെയും സമൂഹത്തിന്‍റെ മുഖ്യചിന്താ സരണികളിലൂടെയും പ്രചരിപ്പിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. നവംമ്പര്‍ 4-ാം തിയതി രാവിലെ റോമില്‍ ആരംഭിച്ച നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിന്, അതിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍വഴി അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. ആഗോളതലത്തില്‍ മനുഷ്യന്‍റെ സാമൂഹ്യ-സാമ്പത്തീക പുരോഗതിയുടെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംവിധാനങ്ങളുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് സഭയുടെ കാലികമായ സമൂഹ്യപ്രബോധനങ്ങള്‍ മനുഷ്യജീവിതത്തില്‍ പ്രായോഗികമാക്കാന്‍ സഹായിക്കണമെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ നിര്‍ദ്ദേശിച്ചു.
ക്രിസ്തുവിന്‍റെ സവിശേഷമൂല്യങ്ങളുടെ പ്രഘോഷണം പുരോഗതിയുടെ പ്രഥമവും പ്രധാനവുമായ ഘടകമായി കണ്ടുകൊണ്ട്, മനുഷ്യന്‍റെ സമഗ്രപുരോഗതിക്കായി സത്യത്തിന്‍റെ വിജ്ഞാനവും സനേഹത്തിന്‍റെ ആര്‍ദ്രതയും സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും, ഇതു തന്നെയാണ് ലോകത്ത് നിലവിലുള്ള സമൂഹ്യപ്രതിസന്ധികള്‍ക്ക് പ്രതിവിധിയെന്നും മാര്‍പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.