2010-11-03 19:24:25

സന്യാസം ക്രിസ്ത്വാനുകരണത്തിന്‍റെ
മനോഹാരിതയുള്ള ജീവിതം


03 നവംമ്പര്‍ 2010
മൗലികമായ ക്രിസ്ത്വാനുകരണത്തിന്‍റെ മനോഹാരിത തെളിഞ്ഞുനില്ക്കേണ്ട ദൈവത്തിന്‍റെ അമൂല്യദാനമാണ് സന്യാസമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സന്യസ്തരുടെ മേലധികാരികള്‍ക്കുള്ള സന്ദേശത്തില്‍ പ്രസ്താവിച്ചു.
മിലാനില്‍ നവംമ്പര്‍ 2-മുതല്‍ 6-വരെ തിയതികളില്‍ നടക്കുന്ന
ഇറ്റലിയിലെ സന്യാസ-സഭാ മേലിധികാരികളുടെ ദേശീയ സമ്മേളനത്തിന് നവംമ്പര്‍ 3-ാം തിയതി ബുധനാഴ്ച, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ഇറ്റലിയിലെ സന്യാസഭകളുടെ പൊതുസമ്മേളനത്തിന്‍റെ 50-ാം വാര്‍ഷിക സമ്മേളനംകൂടിയാണ് ഇത്. വത്തിക്കാന്‍ സൂനഹദോസിന്‍റെ Perfectae Caritatis എന്ന സന്യാസ ജീവിതത്തെ സംബന്ധിക്കുന്ന പ്രമാണരേഖ നല്കുന്ന പ്രധാനമായ രണ്ടു ദര്‍ശനങ്ങള്‍ സമ്മേളനം പരിഗണിക്കേണ്ടതാണെന്ന് സന്ദേശത്തില്‍ പാപ്പ ചൂണ്ടിക്കാട്ടി. ദൈവീക ദാനമായ സന്യാസത്തിലൂടെ ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും മൗലീകമായി പിന്‍ചെല്ലുവാനുള്ള അഗ്രഹവും, സഭാസ്ഥാപകരുടെ അടിസ്ഥാന ചൈതന്യവും അരൂപിയും പുനഃര്‍സ്ഥാപിക്കുവാനും മെച്ചപ്പെടുത്താനുമുള്ള പരിശ്രമവും ഉണ്ടയിരിക്കണമെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു.
ഇറ്റലിയുടെ ചരിത്രത്തില്‍ തന്നെ സന്യാസജീവിതത്തിന്‍റെ അരൂപിയും സ്വഭാവവും അനിതരസാധാരണമായ വിധത്തില്‍ അലിഞ്ഞു കിടക്കുകയാണെന്നും, ദേശീയ മദ്ധ്യസ്ഥനായ അസ്സീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ് സമര്‍പ്പണജീവിതത്തിന്‍റെ എന്നു മാതൃകയാക്കാവുന്ന പ്രതിരൂപമാണെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിവഴി അയച്ച സന്ദേശത്തില്‍ കോണ്‍ഫറന്‍സ് ഓഫ് ദി മേജര്‍ സൂപ്പീരിയേഴ്സ് ഓഫ് ഇറ്റലി Conference of the Major Superiors of Italy (CISM) യുടെ സംഘടനാംഗങ്ങളോട് മാര്‍പാപ്പ, ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.