2010-10-22 19:04:34

മലങ്കരസഭയ്ക്ക്
പുതിയ പ്രവര്‍ത്തന മേഖല


22 ഒക്ടോബര്‍ 2010
കേരളത്തിലെ കത്തോലിക്കാ മലങ്കരസഭ ഇടുക്കി ജില്ലയിലെ മലയോര പ്രദേശത്തെ വിശ്വാസികള്‍ക്കുവേണ്ടി പുതിയ പ്രവര്‍ത്തന മേഖല തുറക്കുന്നു. കര്‍ഷക കുടുംമ്പങ്ങളുടെ ആത്മീയവും സാമൂഹികവും ധാര്‍മ്മികവും സാംസ്കാരികവുമായ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ഈ അജപാലനമേഖല തുറക്കുന്നതെന്ന് മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസീലിയോസ് ക്ലീമിസ് റോമില്‍ പ്രസ്താവിച്ചു.
വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡില്‍ സമ്മേളത്തില്‍ സംബന്ധിക്കുന്നതിനിടയില്‍, ഒക്ടോബര്‍ 22-ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാന്‍റെ റേഡിയോയ്ക്കു നല്കിയ സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് മാര്‍ ക്ലീമിസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തിരുവല്ലാ അതിരൂപതാ സഹായമെത്രാന്‍ ഡോ. ഫിലിപ്പോസ് മാര്‍ സ്തെഫാനോസിന്‍റെ അജപാലന നേതൃത്വത്തിന്‍കീഴില്‍ ഇടുക്കി ജില്ലയിലും സമീപപ്രദേശത്തുമായുള്ള 30 ഇടവകകളുടെയും ഇതര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ മേഖല രൂപീകരിക്കപ്പെടുന്നത്. പുതിയ അജപാലന മേഖല സംബന്ധിച്ച് തിരുവല്ലാ അതിരൂപാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് പുറപ്പെടുവിച്ച കല്പന ദേവാലയങ്ങളില്‍ ഒക്ടോബര്‍ 24-ാം തിയതി ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കും.
ഇടുക്കി പ്രദേശത്തെ അജപാലനശുശ്രൂഷകള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതോടൊപ്പം തിരുവല്ലാ അതിരൂപതയുടെ ഉത്തരവാദിത്വവും മാര്‍ സ്തെഫാനോസ് തുടര്‍ന്നും നിര്‍വ്വഹിക്കുമെന്ന്, കാതോലിക്കാ ബാവാ, മാര്‍ ക്ലീമിസ് വ്യക്തമാക്കി.







All the contents on this site are copyrighted ©.