2010-10-22 18:15:26

ക്രിസ്തീയ പൈതൃകം
പ്രത്യാശയുടെ പുളിമാവ്


22 ഒക്ടോബര്‍ 2010
സ്ലൊവേനിയായുടെ ക്രിസ്തീയ പൈതൃകം പീഡനകാലത്ത് ജനങ്ങള്‍ക്ക് പ്രത്യാശയുടെ പുളിമാവായിരുന്നുവെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ഒക്ടോബര്‍ 22-ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനിലേയ്ക്കുള്ള സ്ലൊവേനിയായുടെ പുതിയ സ്ഥാനപതി, മാജാ മരീജാ സ്ലോവെക്കിനെ തന്‍റെ അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സ്ലൊവേനിയന്‍ ജനതയുടെ ചരിത്രത്തില്‍ത്തന്നെ ക്രിസ്തീയ ധാര്‍മ്മികതയുടെയും മൂല്യങ്ങളുടെയും സ്പര്‍ശമേറ്റിട്ടുണ്ടെന്നു സൂചിപ്പിച്ച മാര്‍പാപ്പ, ക്ലേശപൂര്‍ണ്ണമായ കാലഘട്ടത്തില്‍ ക്രിസ്തീയ മൂല്യങ്ങള്‍ ജനങ്ങള്‍ക്ക് സമാശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ഓജസ്സേകിയിട്ടുണ്ടെന്ന് അനുസ്മരിച്ചു. തൊഴില്‍, പാര്‍പ്പിടം, ആരോഗ്യ പരിരക്ഷണം എന്നീമേഖലകളില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ള പുതിയ നയങ്ങളെ മാര്‍പാപ്പ ശ്ലാഘിക്കുകയും പൗരന്മാരുടെ അടിസ്ഥാന സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിച്ചുകൊണ്ട് ജനങ്ങളെ സമാധാനത്തില്‍ നയിക്കുവാനുള്ള നയങ്ങളെ പൂര്‍ണ്ണമായി പിന്‍തുണയ്ക്കുന്നുവെന്നും മാര്‍പാപ്പ തന്‍റെ അഭിമുഖത്തില്‍ പ്രസ്താവിച്ചു. രാജ്യത്തിന്‍റെ പ്രസിഡന്‍റിനെയും ജനങ്ങളേയും വിശിഷ്യാ അവിടത്തെ കത്തോലിക്കാ സമൂഹത്തെയും പ്രത്യേകമായി അഭിസംബോധനചെയ്ത മാര്‍പാപ്പ, ആഴമാര്‍ന്ന ആത്മീയബോധത്തോടെ കൂടുതല്‍ നീതിനിഷ്ഠവും ആത്മീയതയില്‍ അടിയുറച്ചതുമായ ഒരു സമൂഹം വാര്‍ത്തെടുക്കുവാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു. സ്ഥാനിക പത്രികകള്‍ ഔപചാരികമായി മാര്‍പാപ്പയ്ക്കു സമര്‍പിച്ച പുതിയ സ്ഥാനപതി, മാജാ മരീജാ, സ്ലൊവേനിയായുടെ സ്വാതന്ത്ര്യലബ്ധിയില്‍ വത്തിക്കാന്‍ വഹിച്ചിട്ടുള്ള പങ്ക് നന്ദിയോടെ അനുസ്മരിക്കുകയും ചെയ്തു.
 







All the contents on this site are copyrighted ©.