2010-10-13 16:41:03

മാനുഷിക വിഭവങ്ങള്‍
സമാധാനത്തിനായി ഉപയോഗിക്കണമെന്ന്
--ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്


13 ഒക്ടോബര്‍ 2010
ലോകത്തുള്ള മാനുഷികവും സാമ്പത്തികവുമായ വിഭവങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ സമാധാനവും സുരക്ഷിതത്വവും വളര്‍ത്തുവാന്‍ ഉപയോഗിക്കണമെന്ന്, ആര്‍‍ച്ചുബിഷപ്പ് ഫ്രാന്‍സീസ്സ് അസ്സീസി ചുള്ളിക്കാട്ട് ഐക്യരാഷ്ട്രസംഘടനയില്‍ പ്രസ്താവിച്ചു. ഒക്ടോബര്‍ 11-ാം തിയതി തിങ്കളാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്കില്‍ നടന്ന പൊതുസമ്മേളനത്തില്‍, നിരായുധീകരണവും അന്തര്‍ദേശിയ സുരക്ഷിതത്വവും എന്ന വിഷയം ചര്‍ച്ചചെയ്ത പ്രഥമ കമ്മറ്റിയെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍.
രാഷ്ട്രങ്ങള്‍ സൈനികച്ചിലവുകള്‍ വെട്ടിച്ചുരുക്കിക്കൊണ്ട്, നിര്‍ദ്ധന രാജ്യങ്ങളുടെ പുരോഗതിക്കും, വികസന പരിപാടികള്‍ക്കായുള്ള ഐക്യരാഷ്ട്ര സംഘടയുടെ ആഗോള മൂലധനശേഖരത്തിലേയ്ക്ക് സമ്പത്ത് മാറ്റി വയ്ക്കണമെന്ന പരിശുദ്ധ സിംഹാനത്തിന്‍റെ രാഷ്ട്രങ്ങളോട് ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന മാനിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് അഭ്യര്‍ത്ഥിച്ചു.

ഒക്ടോബര്‍ 12-ാം തിയതി ചെവ്വാഴ്ച തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സ്ത്രീകളുടെ പുരോഗതിയെക്കുറിച്ച് ചര്‍ച്ചചെയ്ത മൂന്നാമത്തെ കമ്മറ്റിയെ അഭിസംബോധന ചെയ്തുകൊണ്ട്, സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളെ നിയമപരമായി നിയന്ത്രിക്കുന്നതിനും, പീഡനങ്ങള്‍ക്ക് ഇരയായവരെ തുണയ്ക്കുന്നതിനുമുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ആഗോളതലത്തിലുള്ള പരിശ്രമങ്ങളെ വത്തിക്കാന്‍റെ പ്രതിനിധി ശ്ലാഘിച്ചു. മാനവകുലത്തിന്‍റെ ഭാവിശ്രേയസ്സ് ഒരു പരിധിവരെ സ്ത്രീകളുടെ അന്തസ്സും കഴിവും മാനിക്കുവാനുള്ള ഓരോ രാഷ്ടത്തിന്‍റേയും പരിശ്രമത്തെ ആശ്രയിച്ചിരിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് അസ്സീസ്സിയെ പ്രതിനിധീകരിച്ച, കാതി മര്‍ഫി യുഎന്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.