2010-10-04 19:06:32

ജീവിതത്തില്‍ മറിയം
സ്നേഹത്തിന്‍റെ കണ്ണിയാണ്


4 ഒക്ടോബര്‍ 2010
(പലേര്‍മോയില്‍ അര്‍പ്പിച്ച സമൂഹദിവ്യബലിയുടെ അവസാനത്തില്‍ മാര്‍പാപ്പ പതിവുപോലെ തൃകാലപ്രാര്‍ത്ഥനാ സന്ദേശം നല്കി.)
നമ്മുടെ മദ്ധ്യേയും ഉള്ളിലും സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ അവിടുത്തെ മാതാവും നമ്മുടെ അമ്മയുമായ അമലോത്ഭവമാതാവിനോട് സഭാ-കുടുംമ്പം എന്ന നിലയില്‍ നാം പ്രാര്‍ത്ഥിക്കുന്നു. മരിയന്‍ തീര്‍ത്ഥാടനങ്ങളാല്‍ വിളങ്ങുന്ന ഒരു സ്ഥലമാണ് സിസിലി. ഈ ദ്വീപുകളിലെ എല്ലാ നഗരങ്ങളെയും നാട്ടിന്‍ പുറങ്ങളെയും ഒന്നിച്ചു ചേര്‍ക്കുന്ന കണ്ണയാണ് മരിയഭക്തി. ഈ മനോഹരമായ ദേശത്ത് വസിക്കുന്ന എല്ലാവരെയം പരിശുദ്ധ ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥ്യത്തിന് ഭരമേല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുടുമ്പങ്ങളെ സ്നേഹത്തില്‍ രൂപീകരിക്കുവാനും നിലനിര്‍ത്തുവാനും, യുവഹൃദയങ്ങളില്‍ ദൈവം വിതച്ചിരിക്കുന്ന ദൈവവിളിയാകുന്ന വിത്തുകള്‍ ഫലദായമാകുന്നതിനും, ജീവിത പ്രതിസന്ധികളില്‍ ധൈര്യംപകരുന്നതിനും, ക്ലേശങ്ങളില്‍ പ്രത്യാശ ലഭിക്കുന്നതിനും, നന്മചെയ്യാന്‍ നവമായൊരു ഉന്മേഷമുണ്ടാകുന്നതിനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആരുംതന്നെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്ന് മാറ്റപ്പെടാതിരിക്കട്ടെ.

പരിശുദ്ധ ദൈവമാതാവ് രോഗികളെയും പലവിധത്തില്‍ ദുരിതമുഭവിക്കുന്നവരെയും സാന്ത്വനപ്പെടുത്തുകയും, ക്രൈസ്തവകൂട്ടായ്മയെ ശക്തിപ്പെടുത്തുകയും, അങ്ങനെ ഓരോരുത്തരും, പ്രത്യേകിച്ച് ഏറ്റം ചെറിയവരും ദുര്‍ബലരും സമൂഹത്തില്‍ സ്വീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യട്ടെ. ക്രിസ്തീയ ജീവിതത്തിന്‍റെ മാതൃകയാണ് പരിശുദ്ധ കന്യകാ മറിയം. സിസിലി പ്രദേശത്തെ അനേക മക്കള്‍ ക്രിസ്തുവിന്‍റെ വലിയ സാക്ഷികളായി തീര്‍ന്നിട്ടുണ്ട്. അവരെ മാതൃകയാക്കിക്കൊണ്ടും സ്മരിച്ചുകൊണ്ടും നിങ്ങളെ വിശുദ്ധിയുടെ പാതയില്‍ ആഹ്ലാദത്തോടും അതിവേഗത്തിലും നടത്തുവാനായി ഞാന്‍ മാതാവിനോട് പ്രാര്‍ത്ഥിക്കുന്നു.
ഒക്ടോബര്‍ 3-ാം തിയതിതന്നെ, ഇറ്റലിയില്‍ പാര്‍മ എന്ന സ്ഥലത്ത് അന്ന മരിയ അദോര്‍നി എന്ന സ്ത്രീ, വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുകയാണ് എന്ന കാര്യവും ഞാന്‍ നിങ്ങളെ അനുസ്മരിപ്പിക്കുന്നു. 19-ാം നൂറ്റാണ്ടില്‍ ഒരു മാതൃകാഭാര്യയും അമ്മയുമായി ജീവിച്ച അവര്‍, പിന്നീട് വിധവയായിത്തീരുകയും ജയിലുകളിലും മറ്റ് ബുദ്ധിമുട്ടുള്ള ഇടങ്ങളിലും കഴിയുന്ന സ്ത്രീകള്‍ക്കുവേണ്ടി ഉപവി പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് സ്വയം സമര്‍പ്പിക്കുകയും ചെയ്തു. ഈ സേവനത്തിനായി രണ്ടു സന്ന്യസ്ത സഭകളും അവര്‍ സ്ഥാപിച്ചു. വാഴ്ത്തപ്പെട്ട മദര്‍ അദോര്‍ണി അവരുടെ നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ, ‘ജീവിക്കുന്ന ജപമാല’ എന്ന് അറിയപ്പെട്ടിരുന്നു.
ജപമാല മാസത്തിന്‍റെ ആരംഭത്തില്‍ ഈ ദൈവദാസിയെ ആദരിക്കുന്നതില്‍ നമുക്ക് ഏറെ സന്തോഷിക്കാം. പ്രാര്‍ത്ഥനാനിരതയായ മറിയത്തോടൊപ്പം അനുദിനം നാം ചൊല്ലുന്ന ജപമാലയിലൂടെ, ക്രിസ്തു രഹസ്യങ്ങളുടെ ധ്യാനം, നമ്മെ ഏവരെയും വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും വളര്‍ത്തട്ടെ, ശക്തിപ്പെടുത്തട്ടെ. …..എന്ന് ആശംസിച്ചുകൊണ്ട് മാര്‍പാപ്പ തൃകാലപ്രാര്‍ത്ഥനചൊല്ലി ആശിര്‍വ്വാദം നല്കി.







All the contents on this site are copyrighted ©.