2010-09-30 20:07:02

മാര്‍ ഈവാനിയോസ്


മാര്‍ ഈവാനിയോസ്

1882 സെപ്റ്റംബര്‍ 21-ാം തീയതി മാര്‍ ഈവാനിയോസ് മാവേലിക്കരയിലുള്ള പണിക്കര്‍ കുടുംബത്തില്‍ ജനിച്ചു. തോമസ് പണിക്കരുടേയും അന്നാമ്മ പണിക്കരുടെയും മകനായി ജനിച്ച ഈ ബാലന്‍ ഗീവര്‍ഗ്ഗീസ് പണിക്കര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മവേലിക്കരയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലും സമീപപ്രദേശത്തുള്ള പ്രൊട്ടസ്റ്റന്‍റ് വിദ്യാലയത്തിലുമായി പ്രാഥമികവിദ്യാഭ്യാസം നടത്തി.

അസാമാന്യ ധൈര്യശാലിയും ബുദ്ധിമാനും ദൈവഭക്തനുമായിരുന്ന ഗീവര്‍ഗ്ഗീസ്, മലങ്കരയിലെ യാക്കോബായ സഭാദ്ധ്യക്ഷന്‍ അഭിവന്ദ്യ പുലിക്കോട്ട് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലിത്തായുടെ പ്രത്യേക സ്നേഹവാത്സല്യങ്ങള്‍ക്ക് പാത്രീഭൂതനായി. അദ്ദേഹത്തിന്‍റെ താല്പ്പര്യപ്രകാരം 1897 മുതല്‍ കോട്ടയം എം.ഡി സെമിനാരി ഹൈസ്ക്കൂളില്‍ ചേര്‍ന്ന് വിദ്യാഭ്യാസം തുടരുകയും വൈദീകാന്തസ്സിലേക്ക് പ്രവേശിക്കുകയും ചെയ്തു.

അഭിവന്ദ്യ പുലിക്കോട്ട് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലിത്തായാല്‍ ശുശ്രൂഷാപദവിയിലേക്ക് പ്രവേശിക്കപ്പെടുകയും, കോട്ടയം സി.എം.എസ് കോളേജില്‍ വിദ്യാഭ്യാസം തുടരുകയും ചെയ്തു. തുടര്‍ന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഇന്ത്യാചരിത്രം സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദവും, തുടര്‍ന്ന് ബിരുദാനന്തരബിരുദവും നേടിക്കൊണ്ട് മലങ്കരവൈദികഗണത്തിലെ ആദ്യബിരുദാനന്തരബിരുദധാരിയായി.

എം.ഡി സെമിനാരി ഹൈസ്ക്കൂളിന്‍റെ പ്രിന്‍സിപ്പാളായി നിയമിതനായ ഗീവര്‍ഗ്ഗീസ് ശെമ്മാശന്‍, മലങ്കരസഭയുടെ ആത്മീയനവോത്ഥാനം ലക്ഷൃം വച്ച് ബൈബിള്‍ പഠനം, കൂദാശാജീവിതം, മതബോധനം എന്നിവയില്‍ ജനങ്ങളെ രൂപീകരിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്നു.

മലങ്കരസഭാസന്ദര്‍ശനാനന്തരം അറേബ്യയിലെ മര്‍ദീനില്‍ നിന്നുമെത്തിയ അബ്ദുള്ളബാവായുടെ സാന്നിധ്യം കേരളസഭയില്‍ ചില അസ്വസ്ഥതകള്‍ക്ക് കാരണമായി. പുരാതനകാലം മുതല്‍ ഈ സഭസമൂഹം അന്ത്യോക്യന്‍ പാത്രിയാര്‍ക്കിസുമാരുടെ ആത്മീയ നേതൃത്വമാണ് അംഗീകരിച്ചുപോന്നിരുന്നത്. ആത്മീയകാര്യങ്ങള്‍ക്കൊപ്പം സാമ്പത്തിക കാര്യങ്ങളിലും തനിക്ക് ഭരണാധികാരംവേണമെന്ന അബ്ദുള്ളബാവയുടെ നിര്‍ബന്ധവും അതേതുടര്‍ന്നുണ്ടായ കക്ഷിവഴക്കുകള്‍ കോടതിവ്യവഹാരങ്ങള്‍ എന്നിവയും സഭാജീവിതത്തെ ദുഷിപ്പിക്കുകയും ക്രിസ്തീയജീവിതസാക്ഷൃത്തിന് എതിരായ സംഭവവികാസങ്ങളിലേക്ക് മലങ്കരസഭയെ കൊണ്ടെത്തിക്കുകയും ചെയ്തു.

കലഹങ്ങള്‍ ആത്മനാശം വരുത്തിയ മലങ്കരസഭയുടെ പുനര്‍ജ്ജീവനത്തിനായി സ്ഥാപിതമായ കാതോലിക്കാസിംഹാസനവാഴ്ചയുടെ സൂത്രധാരകനായി ഗീവര്‍ഗ്ഗീസ് അച്ചന്‍ പ്രവര്‍ത്തിച്ചു. ആംഗ്ലിക്കന്‍ സഭയുടെ കീഴിലുള്ള സെറാമ്പൂര്‍ കോളേജില്‍ അധ്യാപകനായി നിയമിതനായ അദ്ദേഹം, മലങ്കരയിലെ സമര്‍ത്ഥരായ യുവാക്കളെ തന്‍റെ ഒപ്പം കൊണ്ടുപോയി പഠിപ്പിച്ചു. സ്ത്രീ വിദ്യാഭ്യാസം പരക്കെ അവഗണിക്കപ്പെട്ടിരുന്ന അന്നത്ത‍ സാമൂഹിക ചുറ്റുപാടില്‍, കുടുംബങ്ങളുടേയും സമൂഹത്തിന്‍റെയും സമുദ്ധാരണത്തിന് സ്ത്രീകളുടെ വിദ്യാഭ്യാസം അനിവാര്യമാണെന്ന് കാണുകയും വട്ടശ്ശേരില്‍ മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അനുവാദത്തോടെ, ഉന്നതകുലജാതരായ പെണ്‍കുട്ടികളെ കല്ക്കാട്ടായിലേക്ക് അയച്ചു. കല്ക്കട്ടാ രൂപതാകോളേജിലെ പ്രിന്‍സിപ്പാളായിരുന്ന് ആംഗ്ലിക്കന്‍ സന്യാസിനി സി. മേരി വിക്ടോറിയ, മദര്‍ ഈഡിത്ത്, സി.ഹെലന്‍ എന്നിവരുടേയും സഹായത്തോടെ ഈ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും സന്യാസപരിശീലനവും നല്കി.

പ്രൊട്ടസ്റ്റന്‍റ് സഭാസ്ഥാപനങ്ങളില്‍ പഠനം നടത്തി വന്നിരുന്ന ശെമ്മാശന്മാരുടേയും പെണ്‍കുട്ടികളുടേയും ആത്മീയജീവിത വളര്‍ച്ചയില്‍ ശ്രദ്ധാലുവായിരുന്ന അദ്ദേഹം, മാതൃസഭയുടെ ആരാധനാക്രമത്തിലും വിശ്വാസദര്‍ശനങ്ങളിലും വളരുവാന്‍ അവരെ സഹായിച്ചു.

ബാല്യം മുതല്‍ സന്യാസജീവിതം ആഗ്രഹിച്ചിരുന്ന ഗീവര്‍ഗ്ഗീസ് അച്ചനെ ആ ജീവിതന്തസ്സ് തെരഞ്ഞെടുക്കുവാന്‍ സെറാമ്പൂര്‍ വാസം ഉത്തേജിപ്പിച്ചു. കാതോലിക്കാസിംഹാസനസ്ഥാപനത്തിലൂടെ ആര്‍ജ്ജിക്കുവാന്‍ കഴിയാതെവന്ന തന്‍റെ സഭയുടെ നവോത്ഥാനം ഈ യുവതീയുവാക്കളുടെ പരിത്യാഗപൂര്‍ണ്ണമായ സന്യാസജീവിതത്തീലൂടെ നേടിയെടുക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. ആര്‍‍ഷഭാരതസംസ്ക്കാരം ഉള്‍ക്കൊള്ളുന്ന ക്രൈസ്തവസന്യാസം എന്ന ദര്‍ശനത്തിലേക്ക് ചിന്തകള്‍ കേന്ദ്രീകൃതമായി. ഇതിനായി രവീന്ദ്രനാഥ ടാഗോറിന്‍റെ ശാന്തിനികേതനും മഹാത്മജിയുടെ സബര്‍മതി ആശ്രമവും സന്ദര്‍ശിച്ചു. സാവാധാനം ഭാരതീയസന്യാസജീവിതദര്‍ശനം അദ്ദേഹം സ്വായത്തമാക്കി.

തികച്ചും ഭാരതീയശൈലിയില്‍ ക്രൈസ്തവസന്യാസം നയിക്കുക, ഭാരതസഭയുടെ ആത്മീയ നവോത്ഥാനം സാധ്യമാക്കുക എന്നീ ലക്ഷൃങ്ങളോടെ 1919 –ല്‍ ബഥനി സന്യാസസമൂഹത്തിന് ആരംഭം കുറിച്ചു. റാന്നി-പെരുന്നാട്ടിലുള്ള മുണ്ടന്‍മലയില്‍ സ്ഥാപിതമായ ബഥനി, ദൈവസേവനത്തെക്കാള്‍ അത്യുത്തമം ദൈവസമ്പാദനം എന്ന ദര്‍ശനത്തിലധിഷ്ഠിതമാണ്. ബഥനി നിവാസികള്‍ തങ്ങളുടെ ആതിമീയപിതാവിനെ ആബോ എന്നു വിളിക്കുവാന്‍ തുടങ്ങി.

മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ തീരുമാനപ്രകാരം മെത്രാന്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആബോ, 1925 മെയ് മാസം ഒന്നാംതീയതി ബഥനിയുടെ മെത്രാനായി മാര്‍ ഈവാനിയോസ് എന്ന പേരില്‍ അഭിഷ്ക്തനായി. സഭയുടെ ആത്മീയനവീകരണത്തിനും സ്ത്രീശാക്തീകരണത്തിനും സഹായകമാകുംവിധം കല്ക്കാട്ടായില്‍ പരിശീലിപ്പിച്ച പെണ്‍കുട്ടികളുടെ സന്യാസപ്രതിഷ്ഠ നടത്തിക്കൊണ്ട്, ബഥനി സന്യാസിനി സമൂഹത്തിന് ആരംഭം കുറിച്ചു. അങ്ങനെ മലങ്കര സഭാചരിത്രത്തില്‍ അന്നോളം അചിന്തനീയമായിരുന്ന സ്ത്രീസന്യാസം യാഥാര്‍ത്ഥ്യമായി.

***********

മലങ്കര സുറിയാനി സഭയില്‍ ബഥനീസമൂഹങ്ങള്‍ പ്രകാശം പരത്തിയെങ്കിലും സഭാന്തരീക്ഷം അസ്വസ്ഥമായി തന്നെ തുടര്‍ന്നു. മാറിയും മറിഞ്ഞും വന്ന കോടതിവിധികള്‍മൂലം പുരാതനമായ ഏതെങ്കിലും ഒരു സഭയോട് ചേരുക എന്ന ചിന്തഉരുത്തിരിഞ്ഞു. ഈ ലക്ഷൃസാഷാത്ക്കാരത്തിനായി സഭാസുന്നഹദോസ് മാര്‍ ഈവാനിയോസിന‍െ ചുമതലപ്പെടുത്തി. യഥാര്‍ത്ഥ സഭയേതെന്ന അന്വേഷണത്തിലായിരുന്ന മാര്‍ഈവാനിയോസിന് ഇത് ദൈവനിയോഗം തന്നെയായി. അന്വേഷണങ്ങളും പഠനങ്ങളും കത്തോലിക്കാസഭയുടെ കൂട്ടായ്മയിലേക്ക് വിരല്‍ചൂണ്ടി. അപ്രതീക്ഷിതമായി കോടതിവ്യവഹാരങ്ങളില്‍ ലഭിച്ച അനുകൂലവിധി, ഐക്യചിന്തയില്‍ നിന്നും പിന്മാറാന്‍ സഭയെ പ്രേരിപ്പിച്ചു. എങ്കിലും മുന്നോട്ട് വച്ച കാല്‍ ഒരടി പോലും പിന്നോട്ട് വയ്ക്കുവാന്‍ ആ സത്യാന്വേഷകന്‍ തയ്യാറായില്ല. പകരം ബഥനിമലയും, താനും ആശ്രമവാസികളും വിശ്രമമെന്യെ അദ്ധ്വാനിച്ചു നേടിയ വസ്തുവകകളെല്ലാം ഉപേക്ഷിച്ചുകൊണ്ട് കത്തോലിക്കാസബയുമായുള്ള പുനരൈക്യശ്രമങ്ങള്‍ തുടര്‍ന്നു.

കഠിനമായ അദ്ധ്വാനത്തിന്‍റ‍ പ്രതിഫലമെന്നവണ്ണം റോം പുനരൈക്യത്തിനായുള്ള വാതിലുകള്‍ തുറന്നു. പതിനൊന്നാം പീയുസ് മാര്‍പ്പാപ്പയുടെ അനുവാദത്തോടെ 1930 സെപ്റ്റംബര്‍ 20-ാം തീയതി കൊല്ലം ലത്തീന്‍ രൂപതാമെത്രാന്‍ അഭിവന്ദ്യ അലോഷ്യസ് മരിയ ബെന്‍സീഗര്‍ തിരുമേനിയുടെ സഹായത്തോടെ ആഗോള കത്തോലിക്കാസഭയുടെ കൂട്ടായ്മയിലേക്ക് മാര്‍ ഈവാനിയോസും കൂട്ടരും സ്വീകരിക്കപ്പെട്ടു.

മാര്‍ ഈവാനിയോസിനോടൊപ്പം മാര്‍ തെയോഫിലോസ്, ജോണ്‍ അച്ചന്‍, അലക്സാമ്ടര്‍ ശെമ്മാശ്ശന്‍ കിള്ളിലേത്ത് ചാക്കോ എന്നിവരും അന്നേദിവസം കൊല്ലം അരമന ചാപ്പലില്‍വച്ച് ആഗോളകത്തോലിക്കാസഭയുട‍ കൂട്ടായ്മയിലേക്ക് പ്രവേശിച്ചു. അങ്ങനെ മലങ്കര കത്തോലിക്കസഭയുടെ ഏറ്റം എളിയ ആരംഭം കുറിച്ചു. കേവലം 5 പേരില്‍ ആരംഭിച്ച പുനരൈക്യപ്രസ്ഥാനം ദിനംപ്രതി ശക്തി പ്രാപിച്ചു. അക്കാലത്തുതന്നെ മലബാര്‍ കത്തോലിക്കാസഭയിലെ ബഹു. വൈദികരുടെ സേവനം പുനരൈക്യപ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.

1932 –ല്‍ റോമിലെത്തിയ മാര്‍ ഈവാനിയോസ്. പരി. പിതാവ് പതിനൊന്നാം പിയുസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനത്തില്‍ എപ്പിസ്കോപ്പല്‍ ഭരണാധിപനുള്ള പ്രത്യേക സ്ഥാനികഉത്തരീയമായ പാലിയം സ്വീകരിച്ച മാര്‍ ഈവാനിയോസ്, തിരുവനന്തപുരം ആസ്ഥാനമാക്കി മലങ്കര കത്തോലിക്കാ സഭ വളര്‍ത്തിയെടുത്തു./////

പുനരൈക്യവഴികളില്‍ അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളും അവഹേളനങ്ങളും ആ സന്യാസവര്യനെ വിശുദ്ധിയുടെ പടവുകള്‍ കയറുവാന്‍ സഹായിച്ചു. ദൈവം നമ്മെ ഏല്പ്പിച്ച കാര്യങ്ങള്‍ നാം തന്നെ ചെയ്യണം
എന്ന് വിശ്വസിച്ച മാര്‍ ഈവാനിയോസ് തന്‍റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ അക്ഷീണ പരിശ്രമം നടത്തി. മലങ്കരയുടെ ആത്മീയ, സാമൂഹിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ആ കര്‍മ്മയോഗി, ഒരു പുരുഷായുസ്സ്കൊണ്ട് ചെയ്തുതീര്‍ക്കാവുന്നതിലധികം നന്മകള്‍ സഭയ്ക്ക് പ്രദാനം ചെയ്തു. വിശ്വസ്തനായ ആ കാര്യവിചാരിപ്പുകാരന് ദൈവം തന്നെ നിത്യതയിലേക്ക് വിളിക്കുന്നുയെന്ന തിരിച്ചറിവ് ലഭിച്ചു. തന്‍റെ അന്ത്യവിശ്രമത്തിനുള്ള ഭവനം പണിതീര്‍ക്കുവാന്‍ അദ്ദേഹംതന്നെ ആവശ്യപ്പെട്ടു. തന്‍റെ പിന്‍ഗാമിയായി ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിനെ വാഴിച്ച്, തിരുവനന്തപുരം അതിരൂപതയുടെ സാരഥ്യം ഭരമേല്പ്പിച്ച മാര്‍ ഈവാനിയോസ് തിരുമേനി 1953 ജൂലൈ 15-ന് നിത്യസമ്മാനത്തിനായി യാത്രയായി.

***********

പാശ്ചത്യസഭാചരിത്രത്തിലെ പുനരൈക്യപ്രസ്ഥാനത്തിന്‍റെ നേതാവായ വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന് സമനായ പൌരസ്ത്യപ്രവാചകനായ മാര്‍ ഈവാനിയോസ് ഭാരതന്യൂമാന്‍എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പുണ്യശ്ലോകനായ മാര്‍ ഈവാനിയോസ് തിരുമേനിയുടെ നാമകരണനടപടികളുടെ ഭാഗമായി 2007 ജൂലൈ 14-ന് അദ്ദേഹം ദൈവദാസനായി ഉയര്‍ത്തപ്പെട്ടു. അദ്ദേഹത്തിന്‍റെ കബറിടം സ്ഥിതിചെയ്യുന്ന പട്ടം കത്തീട്രല്‍ ദേവാലയസന്നിധാനത്തിലേക്ക് നാനാജാതി മതസ്തരായ അനേകര്‍ അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥം തേടിയെത്തുന്നു.

കുരിശില്‍ സ്വയം സമര്‍പ്പിക്കുന്നതിന് മുമ്പ് ക്രിസ്തു, തന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടി സ്വപിതാവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. – പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ഒന്നായിരിക്കണമെ. അതുവഴി അങ്ങാണ് എന്നെ അയച്ചതെന്ന് ലോകം അറിയട്ടെ.-

മങ്കരകത്തോലിക്കാസഭയുടെ മുന്നാമത്തെ പരമാധ്യക്ഷനായിരുന്ന് കാലം ചെയ്ത സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്കാബാവ സഭാസ്ഥാപകനെ ഇപ്രകാരം പ്രകീര്‍ത്തിച്ചു.

**********







All the contents on this site are copyrighted ©.